എവെർട്ടൻ 2 – 2 ടോട്ടൻഹാം; കെയിനിനും സിഗുഡ്സണും ഡബ്ബിൾ
പ്രീമിയർ ലീഗിലെ ആവേശ പോരാട്ടം സമനിലയിൽ അവസാനിച്ചു. ഗുഡിസൺ പാർക്കിൽ വെച്ച് നടന്ന മത്സരത്തിൽ ഈരണ്ടു ഗോളുകൾ വീതം നേടി എവെർട്ടനും ടോട്ടൻഹാമും സമനിലയിൽ പിരിഞ്ഞു. ഹാരി കെയ്‌നും ജിൽഫി സിഗുഡ്സണുമാണ് വലചലിപ്പിച്ച താരങ്ങൾ. ഇതോടെ 32 മത്സരങ്ങളിൽ നിന്ന് 50 പോയിന്റുമായി ടോട്ടൻഹാം ഏഴാം സ്ഥാനത്തും 31 മത്സരങ്ങളിൽ നിന്ന് 49 പോയിന്റുമായി എവെർട്ടൻ എട്ടാം സ്ഥാനത്തുമാണ്.
എവെർട്ടൻ ഡിഫൻഡർ മൈക്കിൾ കീൻ വൃത്തിക്ക് ബോൾ ക്ലിയർ ചെയ്യാത്തതാണ് കെയ്‌നിന്റെ രണ്ടു ഗോളുകൾക്കും വഴി വെച്ചത്. ഇതോടെ ഈ സീസണിൽ ലീഗിൽ മാത്രം കെയ്ൻ അടിച്ചു കൂട്ടിയ ഗോളുകളുടെ എണ്ണം 21 ആയി. കളിയുടെ അവസാന നിമിഷങ്ങളിൽ പരിക്ക് മൂലം കെയ്ൻ പുറത്തായത് ടോട്ടൻഹാമിനെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്.
ജെയിംസ് റോഡ്രിഗസിനെ ഫൗൾ ചെയ്തതിന് കിട്ടിയ പെനാൽറ്റി ആണ് എവെർട്ടണിന്റെ ആദ്യ ഗോളിൽ കലാശിച്ചത്. കോൾമാൻ നൽകിയ അതിമനോഹരമായ ഒരു ക്രോസ്സ് അതിലും മനോഹരമായ ഒരു ഷോട്ടിലൂടെയാണ് സിഗുഡ്സൺ തന്റെ രണ്ടാം ഗോളും നേടിയത്. അവസരങ്ങൾ ഒത്തിരി കിട്ടിയിട്ടും സമനിലയുമായി മടങ്ങേണ്ടി വന്നതിൽ എവെർട്ടൻ ദുഃഖിക്കുന്നുണ്ടാകും.
#premierleague #EVETOT






































