വർണ്ണവെറിയന്മാരുടെ നെഞ്ചത്ത് ആഫ്രിക്കൻ സ്വാഭിമാനം
ജോർജ് ഫ്ലോയ്ഡ് എന്ന ആഫ്രിക്കൻ വംശജന്റെ ക്രൂരകൊലപാതകത്തിന് ശേഷം വർണ്ണവെറിക്കെതിരെ ലോകമെങ്ങും അലയോടികൾ ഉയർന്നിരുന്നു. അതിൽ നിന്നും ഉയർന്നു വന്ന ‘Black Lives Matter’ എന്ന ആശയം കാല്പന്തുകളി കൂടുതൽ ചേർത്ത് പിടിക്കുന്നതാണ് പിന്നീട് ലോകം കണ്ടത്.സമത്വം – നീതി എന്നിവയ്ക്കായി മത്സരത്തിന് മുമ്പ് കളിക്കാർ ഒരു കാലിൽ മുട്ടുകുത്തി പ്രതീകാല്മക പിന്തുണ നൽകുന്നത് പിന്നീട് യൂറോപ്യൻ ലീഗുകളിൽ ഒരു നിത്യസംഭവുമായി.
എന്നാൽ ഈ പ്രക്ഷോഭങ്ങളെ കിഴക്കൻ യൂറോപ്പ് വിമുഖതയോടെയാണ് സ്വീകരിച്ചത്. അവിടങ്ങളിൽ കറുത്ത വംശജർ ആയ ഫുട്ബോൾ കളിക്കാർ നേരിടുന്ന വെറുപ്പുകൾ കണ്ടില്ലെന്ന് നടിക്കുന്ന ഒരു പൊതു സമൂഹത്തെയാണ് കാണാൻ സാധിക്കുന്നത്. കറുത്ത വംശജനായ ബ്രസീലിയൻ താരം മാൽക്കത്തെ തങ്ങളുടെ ക്ലബ് ബാഴ്സലോണയിൽ നിന്ന് വാങ്ങിയതിൽ പ്രതിഷേധിച്ച റഷ്യൻ ആരാധകരെയും നമ്മൾ 2020 ൽ കണ്ടിരുന്നു. ഇതേ മനോഭാവം ചെക്ക് റിപ്പബ്ലിക്കൻ ക്ലബ് ആയ സ്ളാവിയ പ്രാഹയിലും കാണാൻ സാധിക്കും.
യൂറോപ്പ ലീഗ് പ്രീ ക്വാർട്ടറിൽ റേഞ്ചേഴ്സ് താരമായ ഗ്ലെൻ കാമറയെ വംശീയമായി അധിക്ഷേപിച്ച സ്വന്തം താരത്തെ തള്ളി പറയാത്ത ക്ലബ് ആണ് സ്ലാവിയ. റേഞ്ചേഴ്സ് മാനേജർ ആയ സ്റ്റീവൻ ജറാഡ് ഇതിനെതിരെ പരസ്യ നിലപാടും എതിർപ്പും അറിയിച്ചിരുന്നു. മാത്രമല്ല മത്സരത്തിന് മുമ്പ് ഒരു കാൽ മടക്കി വർണ്ണവെറിക്കെതിരെ പ്രതിഷേധിക്കാൻ അവരുടെ താരങ്ങൾ തയ്യാറായിരുന്നുമില്ല. ഇങ്ങനെയുള്ള സാഹചര്യത്തിലാണ് ഇന്നലെ കുറച്ചു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
Arsenal fans can take a lot of pride in what Lacazette did tonight pic.twitter.com/jlvjUmdBNS
— James Benge (@jamesbenge) April 15, 2021
യൂറോപ്പ ലീഗിന്റെ ക്വാർട്ടർ ഫൈനൽ മത്സരത്തിന്റെ കിക്ക് ഓഫിന് മുമ്പ്, പ്രതിഷേധത്തിൽ പങ്കു ചേരാത്ത സ്ലാവിയ താരങ്ങളുടെ മുമ്പിൽ, അവരെ വെല്ലുവിളിക്കുന്ന തരത്തിൽ ആഴ്സണൽ ക്യാപ്റ്റനും കറുത്ത വംശജനുമായ അലക്സാണ്ടർ ലാകാസട് മുട്ട് കുത്തി പ്രതിഷേധിച്ചിരുന്നു. സ്ലാവിയ താരങ്ങൾ അധിക്ഷേപിച്ച ഗ്ലെൻ കാമറ ഒരു മുൻ ആഴ്സണൽ താരം കൂടി ആയിരുന്നു. അതിന് മറുപടി ഗോളുകളിൽ കൂടി ആഴ്സണൽ കൊടുക്കണം എന്ന് ആരാധകവൃന്ദങ്ങളുടെ ഇടയിൽ അഭിപ്രായവും ഉയർന്നിരുന്നു.
ഏതായാലും കൃത്യമായ മറുപടി ആഴ്സണൽ നൽകുകയും ചെയ്തു. എതിരില്ലാത്ത നാല് ഗോളുകളക്ക് അവർ സ്ലാവിയയെ പരാജയപ്പെടുത്തി. ഗോൾ നേടിയ താരങ്ങൾ എല്ലാം തന്നെയും കറുത്ത വംശജരും – ലാക, പെപെ, സാക്ക. കാവ്യ നീതി എന്നല്ലാതെ എന്ത് പറയാൻ.