Editorial European Football Foot Ball Top News

പെപെ എന്ന പ്രതിഭ മറനീക്കി പുറത്ത് വന്നിരിക്കുന്നു

April 16, 2021

പെപെ എന്ന പ്രതിഭ മറനീക്കി പുറത്ത് വന്നിരിക്കുന്നു

2019 ൽ 71 മില്യൺ യൂറോ കൊടുത്ത് ആഴ്‌സണൽ സ്വന്തമാക്കിയ ഐവറി കോസ്റ്റ് താരമാണ് നിക്കോളാസ് പെപെ. എന്നാൽ ക്ലബ്ബിന്റെ റെക്കോർഡ് സൈനിങ്ങിനു ആരാധകരുടെ പ്രതീക്ഷക്കൊത്ത് ഉയരാൻ സാധിച്ചിരുന്നില്ല. കന്നി സീസണിൽ 42 മത്സരങ്ങളിൽ നിന്നായി വെറും 8 ഗോളും 10 അസിസ്റ്റുമാണ് പെപെക്ക് ക്ലബ്ബിനായി നേടാനായത്. ആയതിനാൽ സീസണിലെ ഏറ്റവും വലിയ ‘ട്രാൻസ്ഫർ ഫ്ലോപ്പ്’ എന്ന ഉപനാമവും അദ്ദേഹത്തിന് ചാർത്തികൊടുക്കുക ഉണ്ടായി.

എന്നാൽ പ്രശ്‍നം താരത്തിന്റെ അല്ല, മറിച്ചു ക്ലബ്ബിന്റെയാണെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവർ വിലയിരുത്തുകയുണ്ടായി. പെപെയുടെ വേഗതയെ വേണ്ട പോലെ ഉപയോഗിക്കാൻ ഉനൈ എമെറിയുടെ പദ്ധതികൾ കൊണ്ട് സാധിച്ചിരുന്നില്ല എന്നുള്ളത് വാസ്തവം ആണ്. പിന്നീട് വന്ന അർട്ടേറ്റയും താരത്തിന് ആത്മവിശ്വാസം നൽകുന്നതിൽ പരാജയമായിരുന്നു. വില്ലിയൻ കൂടി ടീമിൽ വന്നതോടെ പലപ്പോഴും ബെഞ്ചിൽ ആയിരുന്നു പെപെയുടെ സ്ഥാനം.

എന്നാൽ ഹെക്ടർ ബെല്ലറിന് പകരം സെഡ്രിക് സോറസും, ക്യാലം ചാമ്പേഴ്സും റൈറ്റ് ബാക്കായി  വന്നത് മുതൽ യഥാർത്ഥ പെപെ മെല്ലെ തലപൊക്കി. സൈഡിലേക്കും പുറകോട്ടും പാസ് കൊടുക്കാൻ വ്യഗ്രത കാട്ടുന്ന ബെല്ലറിൻ മാറി, ആക്രമണസ്വഭാവമുള്ള സോറസ്, ചേംബേഴ്‌സ് എന്നിവരെ കൂട്ട് പിടിച്ചു ഇടത് വിങ്ങിൽ പെപെ ഒരു തരംഗമായി മാറി. കണിശതയുള്ള ഫിനിഷിങ്ങും, ബുദ്ധിപരമായ റണ്ണും, അസാധ്യ വേഗതയും അദ്ദേഹത്തിന് ആ ദൗത്യത്തിൽ ഗുണം ചെയ്തു. സ്ഥിരമായി ആദ്യ പതിനൊന്നിൽ പിന്നീട് സ്ഥാനം പിടിക്കാൻ സാധിച്ചത് അദ്ദേഹത്തിന്റെ ആത്മവിശ്വാസവും ഉയർത്തി.

അത് എത്രത്തോളമുണ്ടെന്ന് സ്ലാവിയ പ്രാഹക്കെതിരെ ഉള്ള ആദ്യ ഗോൾ കണ്ടാൽ മനസിലാകും. സ്മിത്ത് റോവി നൽകിയ പാസ് കാലിൽ സ്വീകരിച്ചു, ഡിഫെൻഡറോട് മല്ലു പിടിച്ചു, ഗോളിയെ കബളിപ്പിച്ച ആ ചിപ്പ് – ഒരു പൂർണ വിങ്ങറുടെ എല്ലാ ഗുണങ്ങളും ആ ഗോളിൽ കാണാൻ സാധിക്കും.

ലീഗിൽ ഒമ്പതാം സ്ഥാനത്ത് കിടക്കുന്ന ആഴ്‌സണലിനു അടുത്ത വർഷം യൂറോപ്പിൽ കളിക്കണമെങ്കിൽ യൂറോപ്പ ലീഗ് അടിച്ചേ മതിയാകൂ. അതിൽ പെപെക്ക് വലിയ സംഭാവനകൾ നല്കാൻ സാധിക്കും. വലിയ ടോർണ്ണമെന്റുകളിൽ, വ്യക്തിഗത മികവ് കൊണ്ട് ഒരു നിമിഷത്തിൽ മത്സരത്തിന്റെ ഗതി മാറ്റാൻ സാധിക്കുന്ന താരങ്ങളെയാണ് ടീമിന് ആവശ്യമായി വരുക. ഒബാമയാങ് ഫോം ഔട്ട് ആണെന്നിരിക്കെ ആ ഭാരം പെപെ ഒറ്റക്ക് ചുമലിൽ ഏൽക്കേണ്ടി വരും. അതിനുള്ള കഴിവ്, ബുക്കായോ സാക്കക്കും, പെപെക്കും മാത്രമേ ആഴ്സണലിൽ ഉള്ളു എന്നുള്ളതും വാസ്തവം.

സുപ്രധാന മത്സരങ്ങളിൽ സ്ഥിരമായി തിളങ്ങുന്ന ഏക ആഴ്‌സണൽ താരവും പെപെ തന്നെ. മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ചെൽസി, ടോട്ടൻഹാം, ലെസ്റ്റർ, വെസ്റ്റ് ഹാം എന്നീ ടീമുകൾക്കെതിരെ അദ്ദേഹം വലചലിപ്പിച്ചിരുന്നു. മാത്രമല്ല F.A കപ്പിന്റെ സെമി ഫൈനലിലും ഫൈനലിലും താരം ലക്‌ഷ്യം കണ്ടിരുന്നു. സ്ലാവിയ പ്രാഹക്കെതിരെ നടന്ന ക്വാർട്ടർ ഫൈനലിന്റെ രണ്ടു പാദങ്ങളിലും പെപെ ഗോൾ അടിക്കുകയും ചെയ്തു.

യൂറോപ്പ ലീഗിൽ പെപെ സ്റ്റാർട്ട് ചെയ്ത കഴിഞ്ഞ 10 മത്സരങ്ങളിൽ 4 ഗോളും 5 അസിസ്റ്റുമാണ് അദ്ദേഹം ടീമിന് സംഭാവന ചെയ്തത്. അർട്ടേറ്റക്ക് വില്ലിയനോടുള്ള മമത മൂലം വെറും 18 കളികൾ മാത്രമാണ് അദ്ദേഹം സ്റ്റാർട്ട് ചെയ്തത്. അതിൽ നിന്ന് അദ്ദേഹത്തിന്റെ ഗോൾ കോണ്ട്രിബൂഷൻ ആകട്ടെ പതിമൂന്നും[G/A]. ഇനിയെങ്കിലും അർട്ടേറ്റ പെപെക്ക് പൂർണ പിന്തുണ നൽകിയേ മതിയാകൂ. കാരണം തനിക്ക് മേൽ ചാർത്തപ്പെട്ട പ്രൈസ് ടാഗിനോടു അദ്ദേഹം കൂറ് പുലർത്തി തുടങ്ങിയിരിക്കുന്നു. അപകടകാരിയായ ആ പഴയ പെപ്പയെ ലോകം കാണാൻ ഇരിക്കുന്നതെ ഉള്ളു എന്നൊരു തോന്നൽ.

Leave a comment