ഹക്കാൻ ചാൽഹാനോലുവിനായി ആഴ്സണൽ
ആർട്ടറ്റയുടെ കീഴിൽ ഗണ്ണേഴ്സ് ഉയർത്തെഴുനേൽപ്പിനു ശ്രമിക്കുകയാണ്. ഒരു ക്രീയേറ്റീവ് മിഡ്ഫീൽഡർക്കായി കഴിഞ്ഞ ജൂണിലും ആഴ്സണൽ ശ്രമം നടത്തിയിരുന്നു. ലിയോൺ താരം ഹൊസം ഓവറിന്റെ 60 മില്യൺ എന്ന പ്രൈസ് ടാഗ് കണ്ടു ആഴ്സണൽ പുറകോട്ട് പോവുകയായിരുന്നു. ജനുവരിയിൽ റയൽ മാഡ്രിഡിൽ നിന്ന് ഒഡേഗാഡിനെ ലോണിൽ എത്തിച്ചെങ്കിലും, കരാർ സ്ഥിരമാക്കാൻ 40 മില്യൺ യൂറോ ആണ് സ്പാനിഷ് വമ്പന്മാർ ആവശ്യപ്പെടുന്നത്. സാമ്പത്തിക ഞെരുക്കം അനുഭവപ്പെടുന്ന ഗണ്ണേഴ്സ് അതിനാൽ കുറച്ചു കൂടി വിലകുറഞ്ഞ ഏർപ്പാടിനായി ശ്രമങ്ങൾ തുടങ്ങി.
അങ്ങനെയാണ് ഈ ജൂണിൽ ഫ്രീ ഏജന്റ് ആയി മാറുന്ന എ.സി.മിലാൻ താരം ഹക്കാൻ ചാൽഹാനോലുവിൽ അർട്ടേറ്റയുടെ കണ്ണ് ഉടക്കുന്നത്. സീരി എ യിൽ രണ്ടു ഗോളും ഒമ്പത് അസിസ്റ്റുമായി ഈ 27 കാരനായ തുർക്കി താരം നല്ല ഫോമിലാണ്. മാത്രമല്ല രാജ്യത്തിനായും മികച്ച പ്രകടനമാണ് ഹക്കാൻ കാഴ്ച്ച വെക്കുന്നത്. മെസ്യൂട് ഓസിലിന്റെ വിടവ് നികത്തലാകും അദ്ദേഹത്തിന്റെ ദൗത്യം. ഒരു വര്ഷം 5 മില്യൺ യൂറോ വേദനമായി നൽകണമെന്നാണ് താരത്തിന്റെ ആവശ്യം. 4 മില്യൺ വരെ ആഴ്സണൽ നല്കാൻ തയ്യാറായേക്കും.
ആഴ്സണലിന് പുറമെ മറ്റൊരു ലണ്ടൻ ക്ലബായ ചെൽസിക്കും ചാൽഹാനോലുവിൽ താൽപ്പര്യം ഉണ്ട്. ക്രീയേറ്റീവ് മിഡ്ഫീൽഡർ ആയ താരം ഒരു ഫ്രീ കിക്ക് സ്പെഷ്യലിസ്റ് കൂടി ആണ്.






































