European Football Foot Ball Top News

ആദ്യ പാദം സിറ്റിക്ക്; എവേയ് ഗോൾ പക്ഷെ ഭീഷണി ആയേക്കും

April 7, 2021

ആദ്യ പാദം സിറ്റിക്ക്; എവേയ് ഗോൾ പക്ഷെ ഭീഷണി ആയേക്കും

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മാഞ്ചസ്റ്റർ സിറ്റി ബൊറൂസിയ ഡോട്ട്മണ്ടിനെ പരാജയപ്പെടുത്തി. എത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഡി ബ്രൂയ്‌ന, ഫിൽ ഫോഡൻ എന്നിവർ സിറ്റിക്കായി വലചലിപ്പിച്ചപ്പോൾ മാർക്കോ റോയിസ് സുപ്രധാന എവേയ് ഗോൾ ജർമൻ ടീമിന് സമ്മാനിച്ചു.

സ്കോർ ബോർഡ് ഓപ്പൺ ചെയ്തത് സിറ്റി ആണ്. 19 ആം മിനുട്ടിൽ അതി മനോഹരമായ പാസിംഗ് ഗെയിംമിനു ശേഷം ക്യാപ്റ്റൻ ഡി ബ്രൂയ്ൻ തന്നെ സിറ്റിയുടെ അക്കൗണ്ട് തുറന്നു. 44 ആം മിനുട്ടിൽ ബൊറൂസിയ താരം ജൂഡ് ബില്ലിങ്‌ഹാം ഗോൾ നേടിയെങ്കിലും വി.എ.ആർ അത് ഫൗൾ ആയി വിധിച്ചു. ആദ്യം ബോളിൽ തൊട്ടത് ബില്ലിങ്‌ഹാം ആണെന്നിരിക്കെ റഫറിയുടെ തീരുമാനം പ്രതിഷേധങ്ങൾക്ക് വഴി വെച്ചു.

84 ആം മിനുട്ടിൽ ക്യാപ്റ്റൻ മാർക്കോ റോയിസ് ബൊറൂസ്സിയക്ക് സമനില ഗോൾ സമ്മാനിച്ചു. ഹാലാൻഡ് നൽകിയ പാസ് കാലിൽ സ്വീകരിച്ചു സെക്കന്റ് പോസ്റ്റിലേക്ക് റോയിസ് പായിച്ച ഷോട്ട് എഡേഴ്‌സണ് തടയാനായില്ല. കളിയുടെ അവസാന നിമിഷത്തിൽ മറ്റൊരു മനോഹരമായ ടീം ഗെയിം സിറ്റിയുടെ രണ്ടാം ഗോളിൽ കലാശിച്ചു. ഫിൽ ഫോഡിനായിരുന്നു രക്ഷകനായി സിറ്റിക്ക് വേണ്ടി അവതരിച്ചത്.

ജയിച്ചെങ്കിലും കാര്യമായ മേൽക്കോയ്‌മ സിറ്റിക്ക് ഈ മത്സരത്തിൽ ഇല്ലായിരുന്നു എന്നുള്ളതാണ് സത്യാവസ്ഥ. മാത്രമല്ല എവേയ് ഗോൾ ജർമനിയിൽ നടക്കുന്ന രണ്ടാം പാദ മത്സരത്തിൽ ബൊറൂസ്സിയേക്ക് ഗുണവും ചെയ്യും.

Leave a comment