European Football Foot Ball Top News

ആന്ദ്രെസ് സിൽവ രക്ഷകനായപ്പോൾ ഫ്രാങ്ക്ഫുർട്ട് ഡോട്ട്മണ്ടിനെ അട്ടിമറിച്ചു

April 3, 2021

ആന്ദ്രെസ് സിൽവ രക്ഷകനായപ്പോൾ ഫ്രാങ്ക്ഫുർട്ട് ഡോട്ട്മണ്ടിനെ അട്ടിമറിച്ചു

നിർണായക മത്സരത്തിൽ ഐൻട്രൻച് ഫ്രാങ്ക്ഫുർട്ടിന് ബൊറൂസിയ ഡോട്ട്മണ്ടിനു മേൽ വിജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സ്വന്തം തട്ടകത്തിൽ ഡോട്ട്മണ്ട് പരാജയം നുണഞ്ഞത്. വിജയത്തോടെ 27 മത്സരങ്ങളിൽ നിന്ന് 50 പോയിന്റുമായി ഫ്രാങ്ക്ഫുർട്ട് നാലാം സ്ഥാനത്തു തുടരുന്നു. ഡോട്ട്മണ്ട് 43 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. നാലും അഞ്ചും സ്ഥാനക്കാർ തമ്മിലുള്ള പോയിന്റ് വിത്യാസം ഇതോടെ 7 ആയി ഉയർന്നു.

ഡോട്ട്മണ്ട് താരം നിക്കോ ഷുൾസിന്റെ ഓൺ ഗോൾ ആണ് ഫ്രാങ്ക്ഫുർട്ടിന് ആദ്യ ഗോൾ സമ്മാനിച്ചത്.എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ട് മുമ്പ് മനോഹരമായ ഒരു ഹെയ്ഡഡറിലുടെ മാറ്റ് ഹമ്മെൽസ് ആതിഥേയരെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു. കളി അവസാനിക്കാൻ മിനുട്ടുകൾ അവശേഷിക്കെ ഫ്രാങ്ക്ഫുർട്ടിന്റെ സൂപ്പർ സ്‌ട്രൈക്കർ ആന്ദ്രെസ് സിൽവ അവരെ മുന്നിൽ എത്തിച്ചു.

22 ഗോളുമായി ഹാലണ്ടിനെയും പിന്തള്ളി ബുണ്ടസ്‌ലീഗയിലെ മികച്ച ഗോൾ വേട്ടക്കാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് പോർച്ചുഗീസ് താരമായ സിൽവ. ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയില്ലെങ്കിൽ ഹാലണ്ടിന് മികച്ച വില പോലും നേടിയെടുക്കാൻ ഡോട്ട്മണ്ടിനു സാധിക്കില്ല എന്നിരിക്കെ, ഈ തോൽവി അവരെ തീർച്ചയായും സമ്മർദ്ദത്തിൽ ആക്കും.

Leave a comment