നടരാജ താണ്ഡവം !!
എന്നെങ്കിലും ദൈവമയാളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടാൽ തങ്കരാസ് നടരാജൻ ആവശ്യപ്പെടുക ഒരേയൊരു വരമായിരിക്കും. കാൻബറയിൽ മാർനസ് ലാബുഷെയിന്റെ പ്രതിരോധം ഭേദിക്കപ്പെട്ട ആ പന്തിനുശേഷം ഒരുനിമിഷത്തെക്കെന്നെ ചിന്നപ്പംപെട്ടിയിലെത്തിക്കാമോ?. ആ നിമിഷത്തെ ഏറ്റവുമധികമാഗ്രഹിച്ച എന്റെ അമ്മയുടെ സന്തോഷമെനിക്കു നേരിൽ കാണണം. ആ ചുമലിൽ മുഖമമർത്തി എനിക്കു പറയണം അമ്മയുടെ മകൻ ലോകം കീഴടക്കിയെന്ന്. ആവശ്യമുന്നയിക്കാൻ അയാൾക്കു രണ്ടാമതൊന്നാലോചിക്കേണ്ടി വരില്ല!!.
കുടുംബത്തെപ്പറ്റി സംസാരിക്കുമ്പോൾ നടരാജന്റെ കണ്ണുകൾക്കു കൈവരുന്നൊരു തിളക്കമുണ്ട്. കടന്നുവന്ന വഴികളെപ്പറ്റി അയാൾ ഓർത്തെടുക്കുമ്പോൾ നമുക്കു തിരിച്ചറിയാൻ സാധിക്കും അയാൾ നേടിയ വിജയം എത്രമാത്രം വലുതാണെന്ന്. ആ വഴിയിലെവിടെയെങ്കിലും ഒന്നു കാലിടറിയിരുന്നെങ്കിൽ അയാൾ മാത്രമല്ല ഒരു കുടുംബം മുഴുവൻ തകർന്നു പോകുമെന്നു നമുക്കു ബോധ്യമാകുന്നുണ്ട്. അതുകൊണ്ടു തന്നെയാകും ചെറിയൊരു വിജയത്തിൽ പോലും നാം നടരാജനെ അകമഴിഞ്ഞു പുകഴ്ത്തുന്നത്. അയാളുടെ നേട്ടത്തെ സ്വന്തമെന്നപോലാഘോഷിക്കാൻ നാമോരോരുത്തർക്കും തോന്നുന്നതും അതിനാലാകാം.
നിത്യവൃത്തിക്കുവേണ്ടി പാടുപെടുന്ന ഒരു കുടുംബത്തിന്റെ അത്താണിയാവാൻ നിയോഗിക്കപ്പെട്ടൊരാൾ അതിനായി ക്രിക്കറ്റ് തെരഞ്ഞെടുക്കുകയാണെങ്കിൽ അതെത്ര വലിയൊരു കടുംകൈയ്യാണെന്നു നാം മനസ്സിലാക്കേണ്ടതുണ്ട്. ക്രിക്കറ്റ് പ്രതിഭകൾക്കു യാതൊരു ക്ഷാമവുമില്ലാത്ത ഇന്ത്യ പോലൊരു രാജ്യത്തുനിന്നും കളിയുടെ മുഖ്യധാരയിലേക്കു പ്രവേശിക്കുകയെന്നത് അത്രമേൽ ദുഷ്‌കരമായൊരു കാര്യമാണ്. ഒരുപാടു കഴിവും അതിലേറെ ക്ഷമയും അതിനായാവശ്യമുണ്ട്. തീർച്ചയായും കഴിവും പ്രതിഭയും നടരാജനിൽ ആവോളമുണ്ടായിരുന്നു. പക്ഷേ കാൻബറയിൽ അയാളണിഞ്ഞ നീലക്കുപ്പായത്തിന് നടരാജൻ കടപ്പെട്ടിരിക്കുന്നത് ചിന്നപ്പംപെട്ടിയിലെ ആ കൊച്ചു കുടുംബത്തോടുകൂടിയാണ്. അവരുടെ ത്യാഗമാണ് ആ നീലക്കുപ്പായത്തിൽ തിളങ്ങുന്നത്. വളർച്ചയും വീഴ്ചയും സംഭവിച്ച ഓരോ പടവിലും മുന്നോട്ടു നോക്കുമ്പോൾ നടരാജൻ ക്രിക്കറ്റു മാത്രം കണ്ടെങ്കിൽ അതവർ നൽകിയ പിന്തുണയിലാണ്. മറ്റൊരു ജോലിയെപ്പറ്റി ചിന്തിക്കാതെ നടരാജൻ മുന്നോട്ടു പോയെങ്കിൽ അതാ കുടുംബത്തിന്റെ ത്യാഗത്തിന്റെ കൂടി തണലിലാണ്. എന്നെങ്കിലും അയാൾക്കൊരു നല്ലകാലം വന്നാൽ അതിന്റെ ഗുണം തങ്ങൾക്കുകൂടിയുള്ളതാണെന്നൊരു ചിന്തയിലുയർന്ന പിന്തുണയല്ലേ അതെന്നൊരു മറുചോദ്യമുയർന്നേക്കാം. പക്ഷേ അത്തരം വിദൂരമായ നേട്ടങ്ങൾ സ്വപ്നം കാണാൻ പോലും അവകാശമില്ലാത്തൊരു കുടുംബമായിരുന്നു അത്. സമ്പന്നകുടുംബങ്ങളിൽ ജനിക്കുന്ന കുട്ടികൾ പോലും തെളിക്കപ്പെട്ട വഴികളിലൂടെ സഞ്ചരിക്കുവാൻ നിർബന്ധിതരാകുന്ന നമ്മുടെ നാട്ടിലാണ് യാതൊരു പ്രിവിലേജുമില്ലാത്തൊരു കുടുംബം നടരാജനെ അയാളുടെ അഭിരുചികൾക്കു പിന്നാലെ സ്വതന്ത്രമായലയാനനുവദിക്കുന്നത്. അതെ, അവരുടെ ത്യാഗമാണ് അയാളിലെ വേഗം. അയാളുടെ ചിരിയിൽ ഒരുപാടു വേദനകളുണ്ട്. ഒരു കുടുംബത്തിന്റെ മുഴുവൻ പ്രാർത്ഥനയുണ്ട്.
നടരാജനുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം തിരികെ മടങ്ങുന്ന ദൈവത്തെയും കാത്ത് സ്വർഗ്ഗത്തിന്റെ പടിവാതിലിൽ മുഹമ്മദ് ഗൗസ് നിൽക്കുന്നുണ്ട്. മൈതാനത്തു വീഴുന്ന ഒരു തുള്ളി കണ്ണുനീരാലുള്ള അവസാനത്തെ ദുആയും സ്വീകരിച്ചുകൊണ്ട് സന്തോഷത്തോടെ യാത്രയാകാൻ ആ പിതാവിനു സാധിക്കട്ടെ.
കളിക്കാരന്റെ വിയർപ്പുതുള്ളികൾ മാത്രമല്ല മൈതാനത്തിലെ പുൽനാമ്പുകളിൽ ഉപ്പുരസം പടർത്തുന്നത്.