വോൾവ്‌സിനോടും തോൽവി : പ്രീമിയർ ലീഗിൽ ആർസെനൽ കൂപ്പുകുത്തുന്നു !
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആര്സെനലിനു തോൽവി . ഹോം ഗ്രൗണ്ടായ എമിരേറ്റ്സിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഗണ്ണേഴ്സിന്റെ തോൽവി. ലീഗിൽ ഹോം ഗ്രൗണ്ടിൽ നേരിടുന്ന തുടർച്ചയായ മൂന്നാമത്തെ തോൽവിയാണിത്. തോൽവിയോടെ 10മാച്ചിൽ നിന്നും 13പോയിന്റുമായി 14ആം സ്ഥാനത്താണ് ആർസെനാൽ.
എമിരേറ്റ്സിൽ നടന്ന മത്സരത്തിൽ തുടക്കത്തിൽ തന്നെ വോൾവ്‌സിനു സ്‌ട്രൈക്കർ ജിംനേസിനെ നഷ്ടമായി. ആർസെനാൽ താരം ലൂയിസുമായി കൂട്ടിയിടിച്ച ജിംനേസ് ബോധരഹിതനായതിനാൽ താരത്തെ പിൻവലിക്കേണ്ടതായി വന്നു. എന്നാൽ ജിംനേസിന്റെ അഭാവം വോൾവ്‌സിനെ ബാധിച്ചില്ല. നിരന്തരം ആർസെനാൽ ബോക്സിലേക്ക് ആക്രമിച്ച അവർ 27ആം മിനുട്ടിൽ ലീഡ് നേടി. റീബൗണ്ട് ഷോട്ട് വലയിലാക്കി നെറ്റോയാണ് വല കുലുക്കിയത്. എന്നാൽ 3മിനുട്ടിനുള്ളിൽ ഗബ്രിയേലിന്റെ ഹെഡറിലൂടെ ആർസെനാൽ ഒപ്പമെത്തി. 42ആം മിനുട്ടിൽ മികച്ചൊരു കൗണ്ടറിനൊടുവിൽ പോഡെൻസിലൂടെ വോൾവ്‌സ് രണ്ടാം ഗോൾ നേടി.
ഇടവേളക്ക് ശേഷം സമനില ഗോളിനായി ആർസെനാൽ അധ്വാനിച്ചു കളിച്ചുവെങ്കിലും ഗോളകന്നു നിന്നു. ഏതാനും മികച്ച അവസരങ്ങൾ ലഭിച്ചത് മുതലാക്കാൻ ആർസെനാൽ താരങ്ങൾക്കായില്ല. ജയത്തോടെ പോയിന്റ് പട്ടികയിൽ 6ആം സ്ഥാനത്തേക്ക് വോൾവ്‌സ് കയറി.