“The number 10”
നിലവിലെ ചാംപ്യൻമാരായ സോവിയറ്റ് യൂണിയൻ വളരെ കരുതലോടെയാണ് ആ ഫൈനൽ കളിച്ചത് .ആദ്യ പകുതിയിൽ അവർ എതിരാളികളെ കൃത്യമായി പൂട്ടി .രണ്ടാം പകുതി തുടങ്ങിയ ഉടനെ അവർ വെടി പൊട്ടിച്ചു .52 ആം മിനിറ്റിൽ സ്റ്റേഡിയത്തെ നിശ്ശബ്ദമാക്കി പൊനോമറോവ് സോവിയറ്റ് യൂനിയന് വേണ്ടി ഗോൾ നേടി .
എതിരാളികൾ ഭയന്നതോടെ സോവിയറ്റ് യുനിയൻ തുടരെ തുടരെ ആക്രമണം തുടങ്ങി .എന്നാൽ 68 ആം മിനുട്ടിൽ പന്ത് കാലിൽ കിട്ടിയ അഞ്ചടി മൂന്ന് ഇഞ്ച് മാത്രം ഉയരമുള്ള 18 കാരൻ മൈതാനത്തിൻ്റെ ഏതാണ്ട് പകുതി ഭാഗത്ത് നിന്നും മുയലിനെപ്പോലെ കുതിച്ചു തുടങ്ങി .3 പേരെ വെട്ടിച്ച് മറി കടന്ന അവനെ എതിർ കളിക്കാർ വളഞ്ഞു പിടിക്കാൻ ഒരു ശ്രമിക്കുന്നതിനിടയിൽ തൻ്റെ അടുത്ത് കൂടി ഓടിയ സഹതാരം ആൽവേസിനെ ഒരു മിന്നായം പോലെ കണ്ട അവൻ നൊടിയിടയിൽ നൽകിയ പാസ്സിന് സൂചിമുനയുടെ കൃത്യതയായിരുന്നു .
ആൽവേസിന് ലക്ഷ്യം പിഴച്ചില്ല .ഗോളിയെ നിരായുധനാക്കി പന്ത് നെറ്റിൽ .സ്കോർ 1-1
19 മിനിറ്റ് കഴിഞ്ഞ് സോവിയറ്റ് യൂനിയൻ്റെ വലയിലേക്ക് ഒരു ഗോൾ കൂടി .പെനാൽറ്റി പിഴച്ചില്ല .മുന്നിലായിരുന്ന സോവിയറ്റ് യൂനിയൻ 1 – 2 ന് പിന്നിൽ .
10 മിനിറ്റ് കഴിഞ്ഞില്ല .സ്റ്റേഡിയം അവിശ്വസനീയമായ ഒരു കാഴ്ച കണ്ടു .ഒരു ഫ്രീകിക്ക് .കിക്കെടുക്കാൻ എത്തിയത് ആദ്യ ഗോളിന് വഴിയൊരുക്കിയ അതേ ആൾ .അയാൾ തൊടുത്ത ഷോട്ട് എതിരാളികൾ തീർത്ത മനുഷ്യമതിലിന് മുകളിലൂടെ വളഞ്ഞ് പോസ്റ്റിനെ തൊട്ടുരുമ്മി വലയിലേക്ക് .
ജപ്പാനിൽ നടന്ന U- 20 ലോകകപ്പിലെ ഏറ്റവും മികച്ച താരം ആ അഞ്ചടി ഉയരക്കാരൻ തന്നെ ആയിരുന്നു .
ഒരു അടുക്കളയും ,കിടക്കാൻ ഒരു മുറിയും മാത്രം ഉണ്ടായിരുന്ന വീട്ടിൽ വളർന്ന, കുട്ടിക്കാലത്ത് പട്ടിണി മാറ്റാൻ ഈർച്ചമില്ലിൽ ജോലി ചെയ്ത ഡീഗോ അർമാൻ്റ മറഡോണ ആ കപ്പിൽ മുറുകെ പിടിച്ച് മുത്തമിട്ട് കരയുകയായിരുന്നു .അന്ന് മൊട്ടിട്ട ആ ഇതിഹാസം 7 വർഷം കഴിഞ്ഞ് 1986 ലോകകപ്പിൽ അർജൻ്റീനൻ ജനതയുടെ മനസ്സുകളിൽ വസന്തം വിരിയിക്കുകയായിരുന്നു .
പാസ്സുകളിലെ സൂചിമുനയുള്ള കൃത്യത, ഫ്രീ കിക്ക് വൈദഗ്ധ്യം ,പിഴവുകളില്ലാത്ത പെനാൽറ്റി കിക്കുകൾ ,അർധാവസരങ്ങൾ പോലും ഗോളാക്കി മാറ്റാനുള്ള അനിതരസാധാരണ മികവ്, പന്തിൽ പുലർത്തുന്ന അസാമാന്യ നിയന്ത്രണം ,എതിരാളികളെ ഡ്രിബിൾ ചെയ്ത് മറികടക്കാനുള്ള മികവ് .
ഒരു ഫുട്ബോളർക്ക് വേണ്ടുന്നതിലും എത്രയോ പ്രതിഭയായിരുന്നു മറഡോണയിൽ ഉണ്ടായിരുന്നത് .പക്ഷെ അതിനേക്കാളൊക്കെ ഉപരി ഒരു ടീമിനെ ഒന്നടങ്കം പ്രചോദിപ്പിക്കാനുള്ള കഴിവ് .അതു തന്നെയായിരുന്നു മറഡോണ എന്ന ഇതിഹാസത്തെ ലോകത്തെ ഇന്നും ഇന്നലെയും പിറന്ന മറ്റെല്ലാ ഫുട്ബോളർമാരിൽ നിന്നും വേറിട്ടു നിർത്തിയത് .
നേടിയ ഗോളുകളെക്കാൾ ടീമിനെ പ്രചോദിപ്പിക്കാനുള്ള കഴിവാണ് ഒരു കളിക്കാരനെ മഹാനാക്കുന്നതെങ്കിൽ മറഡോണയോളം കേമൻ മറ്റൊരാളില്ല തന്നെ .
1958 ൽ ബ്രസീൽ ലോകകപ്പ് നേടുമ്പോൾ ദിദി അടക്കമുള്ള ലോകോത്തര താരങ്ങൾ ആ നിരയിലുണ്ടായിരുന്നു .1962 ൽ ഗാരിഞ്ച എന്ന ഒറ്റയാൾ പട്ടാളമായിരുന്നു ബ്രസീലിന് തുണയായത് .1970 ൽ റിവാലിനോയും ,ജെർസീഞ്ഞോയും അണിനിരന്ന ടീം ടൂർണമെൻ്റിന് മുൻപെ തന്നെ ചാംപ്യൻപട്ടം ഉറപ്പിച്ചിരുന്നു .പെലെ എന്ന പ്രതിഭാസത്തിന് അനുകൂല ഘടകങ്ങൾ ഏറെയുണ്ടായിരുന്നു .ഒഴുക്കിലെ തടി പോലെ നീങ്ങിയ ടീമിന് വരുന്ന ചെറിയ തടസ്സങ്ങൾ നീക്കുക മാത്രമേ ശക്തരായ ആ ടീമിൽ പെലെക്ക് ചെയ്യേണ്ടി വന്നതായുള്ളൂ .
എന്നാൽ മറഡോണ എന്ന കുറിയ മനുഷ്യൻ്റെ സ്ഥിതി അതായിരുന്നില്ല .അയാൾ ഏകനായാണ് ഓരോ കുത്തൊഴുക്കുകളിലും നീന്തിയത് .അയാളുടെ കാലത്ത് ദുർബലമായ ഒരു ടീം തന്നെയായിരുന്നു അർജൻ്റീന .ആ ടീമിലെ മറ്റൊരു അർജൻ്റീനക്കാരൻ്റെ പേര് അറിയാമോന്ന് ചോദിച്ചാൽ കടുത്ത അർജൻ്റീന ആരാധകർ പോലും കൈമലർത്തുന്നുവെങ്കിൽ അത് തന്നെയാണ് മറഡോണ എന്ന ഇതിഹാസത്തെ അനശ്വരനാക്കുന്നത് .
ഗോളടിച്ചും ഗോളടിപ്പിച്ചും ടീമിനെ നയിച്ച ലോകം കണ്ട ഏറ്റവും മികച്ച അറ്റാക്കിങ്ങ് ഫീൽഡർ എന്ന പദവിക്ക് മറ്റൊരാളെ പറയാൻ നിങ്ങൾക്ക് പറ്റില്ല .
അയാൾ അനുഭവിച്ച പ്രതികൂല സാഹചര്യങ്ങളോളം മല്ലിടേണ്ടി വന്ന മറ്റൊരാളെ ലോക കായിക ചരിത്രത്തിൽ കാണാനാകില്ല .എന്നാൽ ഓരോ പ്രതിസന്ധിയേയും തൻ്റെ തനതായ ഡ്രിബ്ളിങ്ങ് മികവ് കൊണ്ട് ലാറ്റിനമേരിക്കൻ ജനതയെ ഫുട്ബോൾ എന്ന 22 സെൻ്റിമീറ്റർ വ്യാസമുള്ള പന്ത് കൊണ്ട് അയാൾ ആനന്ദിപ്പിച്ചു കൊണ്ടേയിരുന്നു .
പലരും പറയാറുണ്ട് മറഡോണയെ “ദൈവത്തിൻ്റെ ഗോൾ ” എന്ന ഒരൊറ്റ ചതി കൊണ്ട് മാത്രം ഇഷ്ടമല്ല എന്ന് .എന്നാൽ അങ്ങനെ പറയുന്നവർക്ക് അർജൻ്റീന എന്ന ദരിദ്ര രാജ്യത്തെയും ഫോക്ക്ലണ്ട് യുദ്ധങ്ങളേയും 1982 ലെ സംഘർഷങ്ങളെയും പറ്റി അറിയുന്നുണ്ടാകില്ല .ഇന്നും ഒരവസരം കിട്ടിയാൽ മറ്റുള്ള ദരിദ്ര രാജ്യങ്ങൾക്ക് മേൽ അധീശത്വം സ്ഥാപിക്കാനുള്ള ത്വര പുലർത്തുന്ന ഇംഗ്ലീഷുകാർക്കെതിരെ മറഡോണ ചെയ്ത ചതി എത്രയോ നിസ്സാരം .സത്യത്തിൽ അതൊരു കാവ്യനീതി ആയി പോലും തോന്നാറുണ്ട് .
കളിയുടെ 52 ആം മിനുട്ടിൽ 6 അടി 8 അഞ്ച് ഇയരമുള്ള ഇംഗ്ളണ്ട് ഗോൾകീപ്പർ പീറ്റർ ഷിൽട്ടനെക്കാൾ ഉയരത്തിൽ ചാടിയ 5 അടി 5 ഇഞ്ച് ഉയരമുള്ള മറഡോണ ബുറുച്ചാഗാ ഉയർത്തി വിട്ട ഹൈബോൾ കൈ കൊണ്ട് നെറ്റിലേക്ക് തട്ടി വിട്ടത് ടുണീഷ്യൻ റഫറി അലി ബിൻ നാസിർ ഗോൾ അനുവദിച്ചപ്പോൾ അത് ലോകം മുഴുവൻ ആദ്യം കരുതിയത് ഒരു ഹെഡ്ഡർ ആയിരുന്നു എന്നാണ് .
ലോകം മുഴുവൻ അത് ചതിയായി പറഞ്ഞപ്പോൾ മറഡോണക്ക് അതിൽ ലവലേശം കുറ്റബോധം തോന്നിയിരുന്നില്ല .ആ ഒരു മത്സരത്തിനായി മറഡോണ കാത്തിരിക്കുകയായിരുന്നു .
4 വർഷം മുൻപ് അർജൻ്റീനയുടെ അടുത്തുള്ള ദ്വീപു സമൂഹമായ ഫോക്ക്ലണ്ടിൽ ഒരു ബ്രിട്ടീഷ് ഭടൻ വധിക്കപ്പെട്ടതിനെ തുടർന്ന് കലുഷിതമായി ഒടുവിൽ അത് ഇംഗ്ലണ്ട് – അർജൻ്റീന യുദ്ധത്തിൽ വരെയെത്തുകയുണ്ടായി .അമേരിക്ക ഇംഗ്ലണ്ടിന് പിന്തുണയുമായി എത്തിയതോടെ പാശ്ചാത്യ രാജ്യങ്ങളുടെ കണ്ണിലെ കരടായി മാറി അർജൻ്റീന .അത് അവരുടെ കായിക താരങ്ങളെ പോലും പ്രതികൂലമായി ബാധിച്ചു .പ്രത്യേകിച്ച് ധീരമായ നിലപാടെടുത്ത ലോകം മുഴുവൻ നിറഞ്ഞു നിന്ന മറഡോണയെ മറ്റുള്ളവർ ശത്രുവായി കാണാൻ തുടങ്ങി .
1982 സ്പെയിൻ ലോകകപ്പിൽ ചാംപ്യൻമാരായ അർജൻ്റീയയെ പങ്കെടുപ്പിച്ചാൽ പിൻമാറുമെന്നു വരെ ഇംഗ്ളണ്ട് പറഞ്ഞു .കുറ്റവാളികളുടെ രാജ്യം എന്നാണ് അവർ അർജൻ്റീനയെ വിശേഷിപ്പിച്ചത് .ഒടുവിൽ പരിശീലനം കൂടാതെ തട്ടിക്കൂട്ടിയ ടീമുമായാണ് അർജൻ്റീന എത്തിയത് .
ബ്രസീലിനെതിരായ മത്സരത്തിൽ കഴിഞ്ഞ ലോകകപ്പിലെ അർജീൻ്റനയുടെ ഹീറോ മാരിയോ കെംപസിൻ്റെ മുഖത്ത് ചവിട്ടിയേപ്പോൾ പോലും റഫറി ഫൗൾ വിളിച്ചില്ല .സഹി കെട്ട മറഡോണ പന്തിന്നു പകരം എതിരാളിയുടെ വയറ്റത്ത് ചവുട്ടി ചുവപ്പ് കാർഡ് കണ്ട് പുറത്തേക്ക് പോയി .എന്നാൽ ടൂർണമെൻ്റിൽ 2 ഗോൾ നേടുകയും അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്ത മറഡോണ തൻ്റെ അസാമാന്യ മികവ് കാണിച്ചിരുന്നു .
ഇംഗ്ളണ്ടിനെതിരെ ഒരു കണക്കു തീർക്കാൻ അവസരം കാത്തു നിന്ന മറഡോണക്ക് 1986 ൽ സുവർണാവസരമാണ് കിട്ടിയത് .ദൈവത്തിൻ്റെ ഗോളിൽ ശപിക്കപ്പെട്ട മാറഡോണക്ക് 4 മിനിറ്റ് മാത്രമേ ആ പാപഭാരം ചുമക്കേണ്ടി വന്നുള്ളൂ .56 ആം മിനുട്ടിൽ ഇംഗ്ളണ്ടിൻ്റെ 6 കളിക്കാരെയും ഒടുവിൽ ഗോളി ഷിൽട്ടനെയും മറി കടന്ന് നേടിയ നൂറ്റാണ്ടിൻ്റെ ഗോൾ പറയാതെ പറഞ്ഞു മറഡോണയെന്ന ഇതിഹാസത്തിന് മാത്രം സാധ്യമാകുന്ന ആ പ്രത്യേക കഴിവ് .
ഒടുവിൽ ജർമനിയെ ഫൈനലിൽ തോൽപിച്ച് കിരീടത്തിൽ മുത്തമിട്ടതോടെ ലോകമെമ്പാടും മറഡോണ എന്ന പ്രതിഭാസത്തെയും അർജൻ്റീന എന്ന കൊച്ചു രാജ്യത്തേയും നെഞ്ചിലേറ്റുകയായിരുന്നു .കേരളത്തിലടക്കം ആദ്യമായി ടെലിവിഷനിൽ ലൈവ് സംപ്രേക്ഷണം നടന്ന ലോകകപ്പ് മലയാളികൾക്കും മറഡോണ എന്ന മഹാമാന്ത്രികൻ്റെ അഭ്യാസപ്രകടനങ്ങൾ കാണാൻ വഴിയൊരുക്കി .
മറഡോണയെന്ന മഹാമാന്ത്രികൻ പല കാരണങൾ കൊണ്ടും വെറുക്കപ്പെട്ടവനായിരിക്കാം. എന്നാൽ പിറന്ന നാടിനോടുള്ള അയാളുടെ കൂറ് ഇന്നത്തെ പണത്തിന് പിറകെ മാത്രം പോകുന്ന പുതിയ തലമുറക്ക് ആലോചിക്കാൻ പോലും പറ്റില്ല .
1982 ലോകകപ്പിനു ശേഷം മാഞ്ചസ്റ്റർ യുനൈറ്റഡ് വൻതുക ഓഫർ ചെയ്തിട്ടും തങ്ങളെ ദ്രോഹിച്ച ഇംഗ്ലീഷുകാരുടെ മണ്ണിൽ കളിക്കാൻ എത്ര പണം കൊടുത്താലും അഭിമാനിയായ അയാൾ തയാറല്ലായിരുന്നു .പരുക്ക് ഭയന്ന് 1983 ലെ കോപ്പ അമേരിക്ക കളിക്കാൻ വിടാതെ ബാർസെലോണ മറഡോണയുടെ പാസ്പോർട്ട് പിടിച്ചു വെച്ചതോടെ 300 വർഷത്തോളം തങ്ങളുടെ നാടിനെ അടക്കി ഭരിച്ച സ്പെയിൻകാരുടെ തനി സ്വഭാവം മനസിലാക്കിയ മറഡോണ 75 ലക്ഷം ഡോളർ തനിക്കു വേണ്ടിയെറിഞ്ഞ ക്ളബ്ബിനെ കൈവിട്ടു .സ്പാനിഷ് ലീഗ് കപ്പും ,സൂപ്പർ കപ്പും ബാഴ്സലോണക്ക് സമ്മാനിച്ച മറഡോണയെ പക്ഷെ കോപ്പ കളിക്കാൻ വിടാതിരുന്നപ്പോൾ അർജൻ്റീന സെമിയിൽ പോലും എത്താതെ പുറത്തായി .
മറഡോണയെ അനശ്വരനാക്കുന്നത് വെറും ഒരു ലോകകപ്പ് വിജയമല്ല .1983-84 ൽ രണ്ടാം ഡിവിഷനിലേക്ക് തള്ളപ്പെടും എന്ന് സംശയിച്ച ഇറ്റലിയിലെ നാപ്പോളി ക്ളബ്ബിനെ ഉയരങ്ങളിലെത്തിച്ചത് അദ്ദേഹത്തിൻ്റെ അസാമാന്യ മികവായിരുന്നു .ബാർസ വിട്ട് നാപ്പോളിയിലെത്തിയ മറഡോണ നായകനായി അവരെ ആദ്യ സീസണിൽ അഞ്ചാം സ്ഥാനത്തും രണ്ടാം സീസണിൽ മൂന്നാമതും എത്തിച്ചു .
മറഡോണ പക്ഷെ ഫിഫക്ക് എന്നും അനഭിമിതനായിരുന്നു .86 ലോകകപ്പ് വിജയത്തിൻ്റെ പിറ്റേ ദിവസം ഫിഫയെ രൂക്ഷമായി വിമർശിച്ച മറഡോണ കളിക്കാരുടെ കുറഞ്ഞ വേതനത്തെപ്പറ്റി രൂക്ഷമായി വിമർശിക്കുകയുണ്ടായി .
1984 മുതൽ 1991 വരെ നാപ്പോളി എന്ന ക്ളബ്ബിനെ ലോകത്തെ ഏറ്റവും മികച്ച ടീമാക്കി മാറ്റിയത് മറഡോണയുടെ ഒറ്റയാൾ പോരാട്ടമായിരുന്നു .ചരിത്രത്തിൽ ഒരേയൊരു തവണ അവർ യുവേഫ ചാംപ്യൻമാർ ആയതും മറഡോണയുടെ നായകത്വത്തിൽ തന്നെയായിരുന്നു .1987 ൽ സിരി -എ ഇറ്റാലിയൻ ലീഗ് കിരീടം നാപ്പോളി സ്വന്തമാക്കിയപ്പോൾ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട മറഡോണ നേടിയത് 10 ഗോളുകൾ .
1990 ലോകകപ്പിൽ പരിചയസമ്പന്നരല്ലാത്ത ടീമിനെയും കൊണ്ട് ഏവരും എഴുതിത്തള്ളിയ മറഡോണ വീണ്ടും ഇന്ദ്രജാലം കാട്ടി .ബ്രസീലിനെ അട്ടിമറിച്ച മത്സരത്തിൽ 4 പേരെ ഡ്രിബിൾ ചെയ്ത് മുന്നേറി നൽകിയ പാസിൽ കനീജിയ നേടിയ ഗോൾ ഇന്നും ഫുട്ബോൾ പ്രേമികൾ രോമാഞ്ചത്തോടെയാണ് ഓർക്കുന്നത് .ആ വർഷത്തെ ഫൈനലിൽ അർജൻ്റീനക്കെതിരെ റഫറിയുടെ പക്ഷപാത നിലപാടുകളും ഫൗളുകൾ കണ്ടില്ലെന്ന് നടിക്കപ്പെട്ടതും ഏറെ വിവാദമായിരുന്നു .
സെമിയിൽ ഇറ്റലിയെ തോൽപ്പിച്ചത് കാരണം പിനീട് നാപ്പോളി ക്ളബ്ബിൻ്റെ നിസ്സഹകരണം വിഷമത്തിലാക്കിയ മറഡോണ ലഹരിയുടെ പിറകെ പോയി .15 മാസം വിലക്ക് .തിരികെ അർജൻ്റീനയിലേക്ക് .എല്ലാം അവസാനിച്ചു എന്നു കരുതിയിട്ടും 1994 ലോകകപ്പിൽ വീണ്ടും .എന്നാൽ നൈജീരിയക്കെതിരായ മത്സര വിജയത്തിനു ശേഷം കാണികൾ അമ്പരന്നു നിൽക്കേ ഗ്രൗണ്ടിൽ വന്ന് മറഡോണയെ ഡോപ് ടെസ്റ്റിനായി പിടിച്ചു കൊണ്ടു പോകുന്നതിനായി നഴ്സിനെ അയച്ചതിൻ്റെ പിറകിലെന്താണ് എന്നത് ഇന്നും സംശയം .
വീണ്ടും 15 മാസം വിലക്ക് .ബെൻ ജോൺസനും കാൾ ലൂയിസും മരിയൻ ജോൺസും മരുന്നടിച്ചവരാണെങ്കിലും പലർക്കും മറഡോണ മാത്രമാണ് ഇന്നും ചതിയൻ.
ഫുട്ബോളിൽ നിന്നും മാറി നിന്ന് വീണ്ടും 35 ആം വയസിൽ തൻ്റെ പ്രിയപ്പെട്ട ബോക്കാ ജൂനിയേഴ്സിനു വേണ്ടി അദ്ദേഹം വീണ്ടും ബൂട്ടു കെട്ടി .37 ആം വയസിൽ 1997 ൽ റിവർ പ്ലേറ്റിനെതിരെ അവസാന മത്സരം .തൻ്റെ കഴിവ് കെട്ടടങ്ങിയില്ലെന്ന് അവസാന മത്സരത്തിലും മറഡോണ പ്രഖ്യാപിച്ചു .ഫ്രീക്കിക്കിലുടെ മറഡോണയുടെ ഇടം കാൽ ഷോട്ട് നെറ്റ് തുളച്ചു കയറി .3 – 2 ന് വിജയിച്ച് മറഡോണ മടങ്ങു പോൾ ഓരോ അർജൻ്റീനക്കാരനും കരയുകയായിരുന്നു .
പിതാവ് ഡീഗോയുടെ ഫുട്ബോൾ സ്കിൽ കണ്ട് കമ്പം കയറിയ കുട്ടി 8 വയസാകുമ്പോഴേക്കും എത്ര നേരം വേണമെങ്കിലും പന്ത് താഴെ വീഴാതെ തട്ടിക്കളിക്കാനുള്ള വൈദഗ്ധ്യം നേടിയിരുന്നു .നാട്ടിലെ ഫുട്ബോൾ മത്സരങ്ങൾക്കിടയിലെ ഇടവേളകളിൽ കാണികൾക്ക് ആവേശമാകാൻ തൻ്റെ അത്ഭുത വിദ്യ പ്രദർശിപ്പിച്ചിരുന്ന പയ്യൻ പിന്നീട് ലോകത്തെ മുഴുവൻ തൻ്റെ അത്ഭുത വിദ്യ കൊണ്ട് അതിശയപ്പെടുത്തി .
” ഡീഗോ ,നിങ്ങൾ വെറുക്കപ്പെട്ടവനാകാം .പക്ഷെ നിങ്ങൾ മൈതാനത്ത് സമ്മാനിച്ച ഓരോ നിമിഷങ്ങളും അത്രക്ക് മനോഹരമായിരുന്നു .മൈതാനത്ത് താങ്കൾ പരിപൂർണനായിരുന്നു. രാജ്യത്തിൻ്റെ അഭിമാനം ഉയർത്തിപ്പിടിച്ച താങ്കൾ ഒരു വിപ്ളവകാരിയായിരുന്നു .ഇന്നും എന്നും അർജൻ്റീന എന്ന ദരിദ്ര രാജ്യത്തെ ലോകം നെഞ്ചിലേറ്റുന്നുവെങ്കിൽ അത് നിങ്ങൾ ഒരാൾ കാരണം മാത്രമാണ് “.
“നന്ദി ,മറഡോണാ, ഫുട്ബോൾ എന്ന ഗെയിം ഇത്ര മനോഹരമാണെന്ന് തെളിയിച്ചതിന് “
ഡീഗോ … നിന്നെ മറന്നാൽ നമ്മളില്ല .കണ്ണീരോടെ വിട