ക്യാപ്റ്റൻ കൂൾ ആബ ! – FA കപ്പുയർത്തി ആർസെനൽ
സെമിയിൽ മാഞ്ചസ്റ്റർ സിറ്റിയെ തകർത്ത ക്യാപ്റ്റൻ അബാമേയങ്ങ് ഇരട്ട ഗോളുമായി വീണ്ടും മുന്നിൽ നിന്നും നയിച്ചപ്പോൾ FA കപ്പ് ഫൈനലിൽ കരുത്തരായ ചെൽസിയെ വീഴ്ത്തി ആർസെനാൽ ചാമ്പ്യന്മാരായി. വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണു അവിസ്മരണീയ തിരിച്ചുവരവ് നടത്തി ആർട്ടെറ്റയുടെ ഗണ്ണേഴ്‌സ് കപ്പുയർത്തിയത് സ്കോർ 2-1
പ്രീമിയർ ലീഗിൽ ടോപ് 6ഇൽ നിന്ന് പുറത്ത് ഫിനിഷ് ചെയ്തതിനാലും, യൂറോപ്യൻ ഫുട്ബാൾ ഇല്ലെങ്കിൽ ഉണ്ടാകുന്ന ട്രാൻസ്ഫർ ബഡ്ജറ്റ് പ്രശ്നങ്ങളും ക്യാപ്റ്റൻ അബാമേയാങ്ങിന്റെ അടക്കം കോൺട്രാക്ട് പ്രശ്നങ്ങളും മൂലം എല്ലാ അർത്ഥത്തിലും ഉഴറിയ ആർസെനലിനു യൂറോപ്യൻ ഫുട്ബോളിൽ തിരിച്ചെത്താൻ FA കപ്പ് വിജയിക്കുക എന്നത് മാത്രമായിരുന്നു മുന്നിലെ ഏക വഴി. അതിനാൽ തന്നെ ചെൽസിയെക്കാൾ ജീവന്മരണ പോരാട്ടമായിരുന്നു ആർസെനലിനു FA കപ്പ് ഫൈനൽ . എന്നാൽ കളി തുടങ്ങി 5മിനുട്ടിൽ തന്നെ ചെൽസി ആര്സെനലിനെ ഞെട്ടിച്ചു. മികച്ചൊരു ടീം പ്ലേയിലൂടെ പുലിസിക്കിന്റെ ഗോളിൽ ചെൽസി മുന്നിലെത്തി. ആദ്യ 15മിനുട്ടിൽ ചെൽസി നിരന്തരം ആര്സെനലിന് ഭീഷണിയുയർത്തി. എന്നാൽ പതിയെ തങ്ങളുടെ പ്രിയപ്പെട്ട FA കപ്പ് മത്സരത്തിലേക്ക് ആർസെനാൽ തിരിച്ചു വരുന്നതാണ് വെംബ്ലി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത് .
25ആം മിനുട്ടിൽ നിക്കൊളാസ് പെപെ മികച്ചൊരു ഷോട്ടിലൂടെ ചെൽസി വലകുലുക്കിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു എന്നാൽ 28ആം മിനുട്ടിൽ ബോക്സിലേക്ക് കുതിച്ച അബാമേയങ്ങിനെ ചെൽസി ക്യാപ്റ്റൻ ആസ്‌പെലിക്കവേറ്റ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ഗോളാക്കി ആബ ഗണ്ണേഴ്സിനെ ഒപ്പമെത്തിച്ചു. ഇതിനിടയിൽ 32ആം മിനുട്ടിൽ ആസ്‌പെലിക്കവേറ്റ പേശീവലിവ് മൂലം പുറത്ത് പോയത് ചെൽസിക്ക് തിരിച്ചടിയായി. ആദ്യപകുതിയിൽ സ്‌കോർ 1-1ഇൽ അവസാനിച്ചു.
രണ്ടാം പകുതി ആരംഭിച്ചതും ചെൽസിക്ക് വീണ്ടും തിരിച്ചടിയേറ്റു. ഗോൾസ്കോറർ പുലിസിച്ചും പേശീവലിവ് മൂലം കളം വിട്ടു. ജയിക്കാൻ വർധിത വീര്യത്തോടെ പോരാടിയ ആർസെനാൽ 67ആം മിനുട്ടിൽ അബാമേയാങ്ങിന്റെ മനോഹര ഗോളിലൂടെ മുന്നിലെത്തി. 74ആം മിനുട്ടിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ട് കൊവാച്ചിച് പുറത്തുപോയതോടെ നീലപ്പട 10പേരായി ചുരുങ്ങി. അവസാന നിമിഷങ്ങളിൽ സമനിലഗോളിനായി ചെൽസി ആഞ്ഞു ശ്രമിച്ചെങ്കിലും ആർസെനാൽ പ്രതിരോധം ഉറച്ചു നിന്നതോടെ റെക്കോർഡ് 14ആം FA കപ്പ് നേട്ടം അർട്ടേറ്റയുടെ കീഴിൽ ആർസെനൽ സ്വന്തമാക്കി !