Editorial Foot Ball Top News

ചാമ്പ്യൻസ് ലീഗിന് കൊടുക്കേണ്ടി വന്ന വില 55 മില്യൺ യൂറോ !!

July 27, 2020

ചാമ്പ്യൻസ് ലീഗിന് കൊടുക്കേണ്ടി വന്ന വില 55 മില്യൺ യൂറോ !!

2019 അവസാനത്തിൽ പ്രീമിയർ ലീഗ് ഇടവേളക്ക് പിരിയുമ്പോൾ യുണൈറ്റഡിന്റെ സമ്പാദ്യം 15 മത്സരങ്ങളിൽ നിന്ന് വെറും 21 പോയിന്റ്. ആഴ്സണലിനും ടോട്ടൻഹാമിനും മോശം സീസൺ ആയതുകൊണ്ട് മാത്രം അവർ ആറാം സ്ഥാനത്ത് തുടർന്നു. 145 മില്യൺ യൂറോ വിപണിയിൽ മഗ്‌വേർ, വാൻ ബിസാക്ക, ഡാനിയേൽ ജെയിംസ് എന്നിവരെ വാങ്ങാൻ മുടക്കിയിരുന്നു എന്ന് കൂടി മനസിലാക്കണം. ഒലെ ഗുണ്ണാർ സോൾഷെയറിന്റെ കഴിവിനെ പലരും ചോദ്യം ചെയ്തു കൊണ്ടിരുന്ന സമയം.

പക്ഷെ ജനുവരിയിൽ ഒലെ എണ്ണം പറഞ്ഞ ഒരു സൈനിങ്‌ നടത്തി. പോർച്ചുഗീസ് ക്ലബായ സ്പോർട്ടിങ് ലിസ്ബണിൽ നിന്നും 55 മില്യൺ യൂറോ മുടക്കി ബ്രൂണോ ഫെർണാഡസിനെ ഇറക്കി. അടുത്ത കാലത്ത് യുണൈറ്റഡ് നടത്തിയ ഏറ്റവും മികച്ച നീക്കമായി അത് പരിണമിച്ചു.

ഇത് വരെ 9 ഗോളും 8 അസിസ്റ്റും ബ്രൂണോ ലീഗിൽ മാത്രം തന്റെ പേരിൽ കുറച്ചു കഴിഞ്ഞിരിക്കുന്നു. ഈ കാലയളവിലെ യുണൈറ്റഡിന്റെ ടോപ് സ്കോററും അദ്ദേഹം തന്നെ. മൊത്തം 15 ഗോളുകൾക്ക് അദ്ദേഹം കാരണമായിട്ടുണ്ട് – ഈ കാര്യത്തിലും ടീമിൽ അദ്ദേഹം തന്നെ മുന്നിൽ. ജനുവരി തൊട്ടുള്ള പോയ്ന്റ്സ് മാത്രം നോക്കുകയാണെങ്കിൽ യുണൈറ്റഡ് ആണ് ചാമ്പ്യന്മാർ – 32 പോയിന്റ്സ്.

എന്താണ് ബ്രൂണോ കൊണ്ട് വന്ന മാറ്റം. ഒലെ നല്ലൊരു പ്രതിരോധത്തെ തന്നെയായിരുന്നു കെട്ടി പെടുത്തത്. സീസണിൽ അകെ 35 ഗോളുകൾ മാത്രമാണ് യുണൈറ്റഡ് വഴങ്ങിയത്. മാർഷ്യലും റാഷ്‌ഫോഡും മികച്ച കൂട്ടുകെട്ടായി മുന്നിരയിലും അണിനിരന്നു. മാറ്റിച്ഛ്, ഫ്രഡ്‌ എന്നിവർ നല്ല ഹോൾഡിങ് മിഡ്‌ഫീൽഡർസും. എന്നാൽ കളിക്ക് ഒരു ഒഴുക്ക് കൊണ്ട് വരുന്ന, ശൂന്യതയിൽ നിന്ന് അവസരങ്ങൾ ഉണ്ടാക്കുന്ന, ഏത് സമ്മർദ്ദഘട്ടത്തിലും മിഡ്‌ഫീൽഡിൽ സ്പേസ് ഉണ്ടാക്കുന്ന ഒരു താരം മാത്രം അകന്നു നിന്നു. ആ വിടവാണ് ബ്രൂണോ നികത്തിയത്.

ബ്രൂണോയ്ക്ക് മുമ്പ് ഈ വിടവ് നികത്താൻ യുണൈറ്റഡ് പ്രതീക്ഷിച്ചിരുന്നത് പോഗ്ബയിൽ ആയിരുന്നു. എന്നാൽ അതിനുള്ള പ്രചോദനം അദ്ദേഹത്തിന് ഉണ്ടായിരുന്നോ എന്നുള്ളത് സംശയമാണ്. മാത്രമായി പോഗ്ബ നല്ലൊരു ബോക്സ് ടു ബോക്സ് മിഡ്‌ഫീൽഡർ ആണ്, ക്രീയേറ്റീവ് മിഡ്‌ഫീൽഡർ അല്ല. ബ്രൂണോ വന്നതോട് കൂടി പോഗ്ബയിൽ നിന്ന് പ്രതീക്ഷകളുടെ ഭാരം കുറഞ്ഞു. മാത്രമല്ല പോഗ്ബക്ക് സ്വാതത്ര്യത്തോടെ കളിക്കാനുള്ള സ്പേസും ബ്രൂണോ ഒരുക്കി കൊടുത്തു.

ഇന്ന് ലീഗിലെ ഏറ്റവും മികച്ച ഒരു അറ്റാക്കിങ് ഫോഴ്സ് ആണ് യുണൈറ്റഡ്. അതിന് ബ്രൂണോ നയിക്കുന്ന മധ്യനിരയുടെ സംഭാവന ചെറുതല്ല.

Leave a comment