ചെൽസിക്ക് കാര്യങ്ങൾ അത്ര എളുപ്പമാകില്ല !!
കലാശപ്പോരാട്ടം ജീവന്മരണപോരാട്ടമായി മാറിയിരിക്കുകയാണ് ചെൽസിക്ക്. 63 പോയിന്റുമായി നാലാം സ്ഥാനത്ത് നിൽക്കുന്ന ചെൽസിക്ക് 62 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് നിൽക്കുന്ന ലെസ്റ്റർ കനത്ത വെല്ലുവിളി ഉയർത്തുന്നു. ഇന്ന് ലെസ്റ്റർ ജയിച്ചാൽ ചെൽസിക്ക് വിജയം അനിവാര്യം. ഇനി ചെൽസി തോറ്റാൽ ലെസ്റ്ററിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് തോൽപിച്ചെ മതിയാകൂ.
ചെൽസിക്ക് കാര്യങ്ങൾ സങ്കീർണമാക്കുന്നത് അവരുടെ എതിരാളി ലീഗിലെ കറുത്ത കുതിരകളായ വൂൾവസ് ആണന്നുള്ളതാണ്. ന്യൂനോ എസ്പിരിറ്റോ സാന്റോയുടെ കുട്ടികൾ ഈ വർഷവും യൂറോപ്പ ലീഗിന് യോഗ്യത നേടിക്കഴിഞ്ഞിരിക്കുന്നു. ചെല്സിയുമായി വെറും 4 പോയിന്റ് വ്യത്യാസമേ അവർക്കുള്ളു. ചെൽസിയെക്കാളും മികച്ച പ്രതിരോധവും അവരുടേതാണ്. ചെൽസി ഇത് വരെ 54 ഗോളുകൾ വഴങ്ങിയപ്പോൾ ചെന്നായ്ക്കൾ വെറും 39 ഗോളാണ് വഴങ്ങിയത്. റൂബെൻ നെവെസും മുട്ടീഞ്ഞോയും നയിക്കുന്ന മധ്യനിരയും ആഡമാ ട്രവോരയും ജിമെനെസും കൂടുന്ന ആക്രമണ നിരയും ആരെയും എപ്പോ വേണമെങ്കിലും മുറിവേൽപ്പിക്കാൻ കെല്പുള്ളവരാണ്.
ഫ്.എ കപ്പിൽ ഫൈനലിൽ എത്തിയതും ആൻഫീൽഡിൽ മൂന്ന് ഗോളുകൾ അടിക്കാൻ പറ്റിയതുമൊക്കെ ചെൽസിക്ക് ആത്മവിശ്വാസം നൽകും. പുലിസിച്ചിന്റെ ഫോമാണ് മറ്റൊരു ശുഭസൂചന. ലിവർപൂൾ പോലൊരു ടീമിനെ ഒറ്റക്ക് എതിരിട്ട താരമാണ് അദ്ദേഹം. പക്ഷെ പ്രതിരോധം ലംപാടിന് തലവേദന നൽകും. കേർട് സുമ മാത്രമാണ് ടീമിലെ മികച്ച ഒരു സെന്റർ ബാക്ക്. റുഡിഗെർ തെറ്റുകൾ വരുത്തുന്നതിൽ പിശുക്ക് കാണിക്കാറില്ല. കെപ്പ ഒരു ഒഴിയാബാധയായി അവർക്ക് മാറിയിരിക്കുന്നു. സുബ്സ്ടിട്യൂറ്റ് ഗോളിയായ വില്ലി കാബെലെറോയെ ആയിരിക്കും അതിനാൽ ലാംപാട് ഇറക്കുക. വില്യനും 90 മിനുട്ട് കളിക്കാനുള്ള പ്രതിഭയൊക്കെ നഷ്ടപ്പെട്ടിരിക്കുന്നു. പരിക്കിൽ നിന്ന് പൂർണമായി മോചിനാകാത്ത കാന്റയെ ലാംപാട് ഇറക്കുമോ എന്നും നോക്കി കാണേണ്ടി ഇരിക്കുന്നു.
ഇവിടെ പ്രധാനം പുലിസിച്ഛ്, ജിറൂഡ്, ഹഡ്സൺ ഓടോയ് എന്നിവരെ ആക്രമണ ത്രയമായി ലാംപാട് ഇറക്കണം എന്നുള്ളതാണ്. മേസൺ മൗണ്ടും കൊവാച്ചിക്കും നയിക്കുന്ന മധ്യനിര അവരെ പിന്തുണക്കാൻ പ്രാപ്തരാണ്. അലോൻസോയും ആസ്പിലിക്കാട്ടെയും നൽകുന്ന പിന്തുണയും വളരെ വലുതാണ്.പ്രതിരോധം ദുർബലമായതിനാൽ മുഖ്യം കിട്ടുന്ന അവസരങ്ങൾ എല്ലാം ഗോൾ ആക്കുക എന്നുള്ളതാണ്. അതിന് ഇന്ന് ഈ മൂവർ സഖ്യമാണ് ചെൽസിയിൽ ഏറ്റവും ഫലപ്രദം. റുഡിഗറും കാബെലെറോയും അവസരത്തിന് ഒത്തു ഉയർന്നാൽ കാര്യങ്ങൾ കുറച്ചു കൂടി എളുപ്പമാകും. പ്രതിരോധത്തിൽ ടോമോറി നല്ല ഒരു ഓപ്ഷൻ ആണ്.
എന്നാലും വൂൾവ്സിനെ നേരിടാൻ ഏറ്റവും ആവശ്യം ഏകാഗ്രത ആണ്. പിഴവുകൾക്ക് ചെന്നായ്ക്കളുടെ മുമ്പിൽ യാതൊരു സ്ഥാനവും ഇല്ല. അത് തന്നെയാണ് ചെൽസിയെ സംബന്ധിച്ച ഏറ്റവും വലിയ വെല്ലുവിളിയും.






































