Editorial Foot Ball Top News

ഇന്ന് മാമാങ്കം !!

July 26, 2020

ഇന്ന് മാമാങ്കം !!

ഒരു ലീഗിൽ ചാമ്പ്യന്മാരെ അറിഞ്ഞു കഴിഞ്ഞാൽ പിന്നെ ബാക്കി മത്സരങ്ങൾ എല്ലാം ഒരു പരിധി വരെ പ്രഹസനങ്ങൾ ആയി മാറും. ഇംഗ്ലണ്ടിൽ ഒഴികെ..കാരണം ഇത് പ്രീമിയർ ലീഗ് ആണ്..ഇവിടെ ഇങ്ങനാണ്.

ലീഗിലെ തന്നെ ഏറ്റവും വാശിയേറിയ ദിവസത്തിനാണ് ഇന്ന് ലീഗ് സാക്ഷ്യം വഹിക്കുക. ടോപ് ഫോർ പോരാട്ടം ഒരു മാമാങ്കമായി മാറാൻ പോകുന്ന ദിവസം. മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി, ലെസ്റ്റർ എന്നീ ടീമിലൊരെണ്ണം ചാമ്പ്യൻസ് ലീഗ് കാണാതെ ഇന്ന് പുറത്തു പോകും. മാത്രമല്ല ഇന്നത്തെ ഒരു മത്സരം ലെസ്റ്ററും യുണൈറ്റഡും തമ്മിൽ കിംഗ് പവർ സ്റ്റേഡിയത്തിൽ.

മൂന്നും നാലും സ്ഥാനത്തുള്ള യൂണൈറ്റഡിനും ചെൽസിക്കും 63 പോയിന്റ് വീതമുള്ളപ്പോൾ ലെസ്റ്ററിന് 62 പോയിന്റാണ് ഉള്ളത്. ഗോൾ വിത്യാസം കാരണം യുണൈറ്റഡ് മൂന്നാം സ്ഥാനത്ത് തുടരുന്നു. വിജയത്തിൽ കുറഞ്ഞതൊന്നും ലെസ്റ്ററിന് പ്രയോജനം ചെയ്യില്ല. ചെല്സിക്കാകട്ടെ കറുത്തകുതിരകളായ വൂൾവസ് ആണ് എതിരാളികൾ. തോറ്റാൽ യുണൈറ്റഡ് ലെസ്റ്ററിനെ പരാജയപ്പെടുത്തിയാൽ‌ മാത്രമേ ചെൽസിക്ക് സാധ്യത ഉള്ളു.

യുണൈറ്റഡ് ഒരു പരിധി വരെ സേഫ് സോണിൽ ആണെന്ന് പറയേണ്ടി വരും. കാരണം ഒരു സമനിലക്കായി മാത്രം അവർ കളിച്ചാൽ മതി. മാർഷ്യൽ, റാഷ്‌ഫോർഡ്, ഗ്രീൻവുഡ്‌, ബ്രൂണോ എന്നിവർ നയിക്കുന്ന ആക്രമണ നിര ലീഗിലെ തന്നെ ഏറ്റവും മികച്ചതാണ്. ഫ്രഡും പോഗ്ബയും മിഡ്‌ഫീൽഡ് മേധാവിത്വവും ഉറപ്പിക്കുന്നു. പ്രതിരോധം ഒലേക്ക് ഒരൽപം തലവേദന ആകും. എറിക് ബെയ്‌ലി പരിക്ക് കാരണം പുറത്താണ്. ലുക്ക് ഷോ പരിക്ക് കഴിഞ്ഞു വന്നെങ്കിലും പൂർണമായി ഫിറ്റ് അല്ല. പക്ഷെ ഈ കളിക്ക് വേണ്ടി ലുക്കിനെ റിസ്ക് ചെയ്യാൻ ഒലെ ചിലപ്പോൾ തയ്യാറായേക്കും. പിഴവുകൾ ആവർത്തിക്കുന്ന ഡി ഗിയ വലകാക്കുന്നതും തലവേദന ആണ്. മഗ്‌വേർ – ലിൻഡലോഫ് കൂട്ടുകെട്ടും ഭദ്രമാണ്. എന്നാലും കോറോണക്ക് ശേഷമുള്ള ടീമിന്റെ മികച്ച പ്രകടനങ്ങൾ യുണൈറ്റഡിന് ആത്മവിശ്വാസവും നൽകുന്നു.

വളരെ സങ്കീർണമാണ് ലെസ്റ്ററിന്റെ അവസ്ഥ. സ്റ്റാർ പ്ലേയേഴ്സ് ആയ ജെയിംസ് മാഡിസൺ, ബെൻ ചിൽവെൽ, റിക്കാർഡോ പെരേര എന്നിവർ പരിക്ക് കാരണം ലഭ്യമല്ല. പ്രതിരോധത്തിന്റെ നെടുംതൂണായ സോയൻഷുവിന് സസ്പെന്ഷൻ കാരണം കളിക്കാനും സാധിക്കില്ല. മിഡ്‌ഫീൽഡർ ആൾബ്രൈട്ടൻ പരിക്ക് മാറി തിരിച്ചു വരുന്നതാണ് അകെ ആശ്വസം. നവംബറിൽ രണ്ടാം സ്ഥാനത്ത് കിടന്ന ലെസ്റ്റർ കൊറോണക്ക് ശേഷം വളരെ മോശം പ്രകടനമാണ് എന്നുള്ളത് ടീമിന്റെ ആത്മവിശ്വാസത്തെ സാരമായി ബാധിച്ചിട്ടുണ്ട്‌.

മധ്യനിരയിൽ എൻഡിടി – ടീലമെൻസ് കൂട്ടുകെട്ടാണ് അവരുടെ മുതൽക്കൂട്ട്. ജെമി വാർഡിക്കും ഇത് മികച്ച ഒരു സീസണാണ്. 23 ഗോളുകളുമായി അദ്ദേഹം ഗോൾഡൻ ബൂട്ട് മത്സരത്തിൽ മുന്നിട്ട് നിൽക്കുന്നു.സോയൻഷു ഇല്ലെങ്കിലും ഇവാൻസ് – മോർഗൻ കൂട്ടുകെട്ട് നല്ല പ്രതിരോധം ഉറപ്പിക്കാൻ സജ്ജരാണ്. വാർഡിയെ സഹായിക്കാൻ ഇലിയാനച്ചോ, ബാൺസ് എന്നിവർ ഉണ്ട് താനും.

നഷ്ടപ്പെടാൻ ഒന്നുമില്ലാത്തവന്റെ വികാരത്തിലായിരിക്കും ലെസ്റ്റർ ഇന്ന് ഇറങ്ങുക. അത് തന്നെയായിരിക്കും അവരുടെ ശക്തിയും. പക്ഷെ വിജയം സുനിശ്ചിതമാക്കണമെങ്കിൽ അവരുടെ എക്കാലത്തെയും വലിയ സൂപ്പർസ്റ്റാർ – ജെമി വാർഡി കളം നിറഞ്ഞു കളിക്കണം. ഏതായാലും ചാവേറുകളെ പോലെ 22 പേർ ഇന്ന് മൈതാനിയിൽ അങ്കംവെട്ടുന്നതിന് ഇംഗ്ലണ്ട് സാക്ഷ്യം വഹിക്കും. ഈ സീസണിലെ ഏറ്റവും മികച്ച മത്സരമാകാനും സാധ്യത വളരെ കൂടുതൽ.

Leave a comment