പ്രൈസ് ടാഗ് തൂക്കി വില ഇടേണ്ട ഒന്നല്ല പ്രതിഭ
ഫ്.എ.കപ്പ് സെമി ഫൈനലിൽ ചെൽസിയോട് തോറ്റ് യുണൈറ്റഡ് പുറത്തായപ്പോൾ വളരെയേറെ പരിഹാസം ഏൽക്കേണ്ടി വന്ന താരമാണ് ഹാരി മഗ്‌വേർ. സ്വന്തം ടീമിന്റെ തലതല്ലി പൊളിക്കുക, സ്വന്തം ടീമിലെ ആളെ മാർക്ക് ചെയ്യുക എന്നീ കാരണങ്ങൾ നിരത്തി ട്രോൾ മഴയായിരുന്നു താരത്തിന് എതിരെ. എല്ലാവരും നിരത്തുന്ന മറ്റൊരു ആക്ഷേപം അദ്ദേഹത്തിന് വേണ്ടി യുണൈറ്റഡ് മുടക്കിയ തുക ആണ് – 80 മില്യൺ യൂറോ.
വെറും വികാരത്തള്ളിച്ചയായിട്ട് മാത്രമേ ഇതിനെ കാണാൻ സാധിക്കു. ഇന്ന് യുണൈറ്റഡ് ലീഗിൽ മൂന്നാം സ്ഥാനത്തു നിൽക്കുന്നതിൽ മഗ്‌വേറിന്റെ പങ്കു അങ്ങനെ തള്ളി കളയാൻ ആകില്ല. വെറും 36 ഗോളുകൾ മാത്രമാണ് ചെകുത്താന്മാർ ഈ സീസണിൽ വഴങ്ങിയിരിക്കുന്നത്. 31 ഗോളുകൾ വഴങ്ങിയ ലിവർപൂൾ, 35 ഗോളുകൾ വഴങ്ങിയ സിറ്റി എന്നിവർ മാത്രമാണ് യുണൈറ്റഡിന്റെ മുമ്പിൽ ഉള്ളു. പിഴവുകൾ തുടർകഥ ആക്കിയ ഡി ഗിയ, പരിക്കുകൾ വേട്ടയാടുന്ന ബെയ്‌ലി, ലിൻഡലോഫ് എന്നിവരെ കൂട്ട് പിടിച്ചു പിന്നെ ആരാണ് ഇതിന്റെ ഒക്കെ പിന്നിൽ ??
കുറച്ചു കണക്കുകൾ കൂടി പറയേണ്ടതായുണ്ട്. ഏറ്റവും കൂടുതൽ പാസുകൾ, ക്ലിയറൻസ്, ഇന്റർസെപ്ഷൻ എന്നിവ നടത്തിയ യുണൈറ്റഡ് താരവും മഗ്‌വേർ തന്നെ. ഏരിയൽ യുദ്ധങ്ങളിലും താരത്തിന് തന്നെയാണ് മികച്ച റെക്കോഡ്. കൂടാതെ ഒരു ഗോളും ഒരു അസിസ്റ്റും ടീമിന് വേണ്ടി സംഭവ നൽകുകയും ചെയ്തു.
ലെസ്റ്ററിൽ കളിച്ച അതെ നിലവാരത്തിൽ മാഗ്‌വേർ ഇന്നും കളിക്കുന്നു. പഴയ കുറവുകളായ വേഗത കുറവ്, ഡെഡ് ബോളുകളിലെ ആശങ്ക എന്നിവ അതെ പടി നിലനിൽക്കുന്നുമുണ്ട്. പക്ഷെ പരിക്കുകൾ അധികം അലട്ടാത്ത, ക്രോസ്സുകൾ ക്ലിയർ ചെയ്യുന്നതിൽ പ്രാവിണ്യം ഉള്ള ഒരു ഡിഫൻഡർ കൂട്ടിന് വന്നാൽ ഈ കുറവുകൾ എല്ലാം നികത്തപ്പെടും. കാൽപന്ത് കളി ഒന്നുമല്ലെങ്കിലും ഒരു ടീം ഗെയിം ആണല്ലോ.
പിന്നെ വിലയുടെ കാര്യം. ഡിഫെൻഡേഴ്സിന് വിപണിയിൽ മൂല്യം ഉണ്ടാക്കി കൊടുത്തത് ഗാർഡിയോളയും ക്ളോപ്പുമാണ്. 45 മില്യൺ കൊടുത്തു കൈൽ വാൾക്കർ, 57 മില്യൺ കൊടുത്തു ലപോർട്ടെ എന്നിവരെ സിറ്റി കൊണ്ടുവന്നപ്പോൾ, 75 മില്യൺ മുടക്കിയാണ് വാൻ ഡൈക്കിനെ ക്ളോപ്പ് ആൻഫീൽഡിൽ എത്തിച്ചത്. ഈ മൂന്ന് കൈമാറ്റങ്ങൾ ഇംഗ്ലണ്ടിൽ ഡിഫെൻഡർമാരുടെ വില കൂട്ടി. അല്ലെങ്കിലും അത് അങ്ങനെ തന്നെ വേണം – കളിക്കുന്നത് ഗോൾ അടിക്കുന്നവർ മാത്രം അല്ലല്ലോ?
പിന്നെ യുണൈറ്റഡിനെ സംബന്ധിച്ചു മഗ്‌വേർ ഒരു പാനിക് ബൈ [panic buy] ആണ്. ചാമ്പ്യൻസ് ലീഗ് നഷ്ടപെട്ട അവർക്ക് വേണ്ടി കളിയ്ക്കാൻ ഒട്ടനവധി താരങ്ങൾ തയ്യാറായില്ല. പിന്നെ യുണൈറ്റഡിന്റെ കീശസഞ്ചിയുടെ വലിപ്പം അറിയാവുന്ന ലെസ്റ്റർ നല്ല ബിസിനസ്സും നടത്തി. അതിന് പഴി ചാരേണ്ടത് മിഗ്വെയ്‌റിനെ അല്ല. അദ്ദേഹത്തിന്റെ ആദ്യ സീസൺ ആണ് ഇതെന്നും, പ്രായം വെറും 27 മാത്രമേ ആയിട്ടുള്ളു എന്നും എല്ലാവരും സൗകര്യ പൂർവം മറക്കുന്നു.






































