പുലിസിച്ചിന്റെ പ്രകടനം ചെൽസിക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല
2019 ജനുവരിയിൽ കരാർ ഉറപ്പിച്ചത് കാരണം, ചെൽസിക്ക് ട്രാൻസ്ഫർ വിലക്കുണ്ടായിട്ടും ഈ സീസണിൽ നീലക്കുപ്പായത്തിലെ പുതുമുഖമായാണ് ക്രിസ്റ്റ്യൻ പുലിസിച്ഛ് ഇംഗ്ലണ്ടിൽ അവതരിച്ചത്. ഈഡൻ ഹസാഡ് പോയ വിടവ് നികത്തുക എന്ന വലിയ ഉത്തരവാദിത്വം ഏറ്റെടുക്കാൻ വിധിക്കപെട്ടവൻ. ലിവര്പൂളിനെതിരെ നേടിയ ഗോളും, അബ്രഹാമിന്റെ ഗോളിന് കാരണമായ റണ്ണും അസിസ്റ്റും, ഏതൊരു ചെൽസി ആരാധകനെയും ഒരു നിമിഷമെങ്കിലും ഹസാഡിനെ അനുസ്മരിക്കാൻ ഇടയാക്കി കാണും.
That Pulisic assist 😇
Worldclass#LIVCHE pic.twitter.com/8PZZFcHjlz— Streets🚨 (@_KingHA) July 22, 2020
പുലിസിച്ചിന്റെ ആദ്യ സീസണെ ഹസാഡിന്റെ ആദ്യ സീസൺ പോലെയാണ് എന്ന് ലാംപാട് വരെ താരതമ്യം ചെയ്തത്. ലീഗിൽ മാത്രം 9 ഗോളുകളും 6 അസിസ്റ്റുമാണ് ഈ 21 വയസ്സ് മാത്രം പ്രായമുള്ള അമേരിക്കക്കാരൻ സംഭാവന നൽകിയത്. വെറും 24 ലീഗ് മത്സരങ്ങളാണ് അദ്ദേഹം കളിച്ചതും. ഇതേ നേട്ടം ഹസാഡിന് ആദ്യ സീസണിൽ കൈവരിക്കാൻ 34 മത്സരങ്ങൾ വേണ്ടി വന്നിരുന്നു എന്നുള്ളത് ചരിത്രം.കൊറോണക്ക് ശേഷമുള്ള താരത്തിന്റെ പ്രകടനം പ്രശംസനീയമാണ്. 6 മത്സരങ്ങളിൽ നിന്ന് 4 ഗോളും 2 അസിസ്റ്റും.
അടുത്ത സീസണിൽ സിയാച്ചും വെർനറും പുലിസിച്ചും നയിക്കുന്ന ചെൽസി ആക്രമണനിര കണ്ണിന് കുളിരേകട്ടെ. ഇവർക്ക് പിന്തുണ നല്കാൻ കെല്പുള്ള പ്രധിരോധ നിരയെ കെട്ടിപ്പടുക്കേണ്ടത് ലംപാടിന്റെയും ടീം മാനേജ്മെന്റിന്റെയും ഉത്തരവാദിത്വവും. ആ ഉത്തരവാദിത്വം നിറവേറ്റാനുള്ള പ്രചോദനം ഒറ്റ മത്സരം കൊണ്ട് തന്നെ പുലിസിച്ഛ് ടീമിനും സമ്മാനിച്ചിട്ടുണ്ട്.
ഹസാദുമായുള്ള താരതമ്യം താരം അപ്പാടെ തള്ളി കളയുന്നു. ഞാൻ ഞാനായി വളരട്ടെ എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഏറ്റവും വിലപിടിപ്പുള്ള അമേരിക്കൻ ഫുട്ബോളർ എന്ന വിശേഷണത്തിൽ നിന്ന് അമേരിക്കയുടെ ആദ്യ ഫുട്ബോൾ സൂപ്പർ സ്റ്റാർ എന്ന പദവിയിലേക്ക് അദ്ദേഹത്തിന് ഉയരാൻ സാധിക്കട്ടെ.






































