ഒബാമയാങിന് ഡബ്ബിൾ; ആഴ്‌സണൽ ഫ്.എ കപ്പ് ഫൈനലിൽ
ആവേശകരമായ സെമി ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയും ആഴ്സണലും ഏറ്റുമുട്ടിയപ്പോൾ വിജയം ആഴ്സണലിന്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് പീരങ്കിപ്പട സിറ്റിയെ തോല്പിച്ചത്. രണ്ടു ഗോളുകളും ഗാബോൺ താരമായ ഒബാമയാങ് ആണ് നേടിയത്. 16 ആം മിനുട്ടിൽ കിട്ടിയ ഓപ്പൺ ചാൻസ് ഓബ കളഞ്ഞുകുളിച്ചില്ലായിരുനെങ്കിൽ താരത്തിന് ഹാറ്റ് ട്രിക്ക് നേടാമായിരുന്നു.
അഞ്ച് ഡിഫെൻഡേഴ്സിനെ ഇറക്കി നോക്കിയ ആർട്ടറ്റായുടെ ശ്രമം ഫലം കണ്ട മത്സരമായിരുന്നു ഇത്. തങ്ങളുടെ എക്കാലത്തെയും വലിയ ശാപമായ പ്രതിരോധം ഡേവിഡ് ലൂയിസും സംഘവും ഭദ്രമാക്കി. ലൂയിസിന്റെ പ്രകടനത്തെ റിയോ ഫെർഡിനാൻഡ് വരെ മത്സരത്തിന് ശേഷം പ്രശംസിക്കുക ഉണ്ടായി. കിട്ടിയ അവസരങ്ങളിൽ എല്ലാം ആഴ്‌സണൽ ആക്രമണങ്ങൾ അഴിച്ചും വിട്ടു. വെറും 30% മാത്രം ബോൾ കൈവശം വെച്ച ആഴ്‌സണൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയിക്കുകയും ചെയ്തു,
![](https://kalipanthu.com/wp-content/uploads/2020/07/arsen.jpg)
19 ആം മിനുട്ടിൽ ആയിരുന്നു ആദ്യ ഗോൾ പിറന്നത്. പെപെ നൽകിയ നീളൻ ക്രോസ്സ് സ്ലൈഡ് ചെയ്ത് ലക്‌ഷ്യം വെച്ച ഒബയ്ക്ക് പിഴച്ചില്ല. രണ്ടാം ഗോൾ കൌണ്ടർ അറ്റാക്കിന്റെ എല്ലാ സൗന്ദര്യവും അടങ്ങിയ ഒന്നായിരുന്നു. സിറ്റിയുടെ ആക്രമണം ഭേദിച്ച് ടീറണി നൽകിയ പാസ് ഗാർഷിയെക്ക് പിന്നിലൂടെ ഓടിക്കയറിയ ഓബക്ക്. ഗോൾ കീപ്പർ എഡേഴ്‌സണെ ഒറ്റക്ക് കിട്ടിയ ഓബ വലചലിപ്പിച്ചു.
വലിയ ടീമുകൾക്ക് എതിരെ ഉള്ള മോശം പ്രകടനങ്ങൾ അർട്ടേറ്റയുടെ കീഴിൽ മെല്ലെ മാറിത്തുടങ്ങിയിരിക്കുന്നു. ലിവർപൂളിന് ലീഗിൽ തോല്പിച്ചതിന്റെ അടുത്ത കളി തന്നെ സിറ്റിയെയും. അതിലൊക്കെ ഉപരി പ്രതിരോധം ഭദ്രമാക്കാൻ അദ്ദേഹത്തിന് സാധിച്ചിരിക്കുന്നു. പക്ഷെ ഓബയെ മാത്രം ഗോൾ കണ്ടെത്താനായി എത്ര നാൾ ഉപയോഗിക്കും എന്നുള്ളത് ചോദ്യ ചിഹ്നവും.