EPL : ലിവർപൂളിനെ വീഴ്ത്തി ആർസെനൽ
ഒടുവിൽ ലിവര്പൂളിനെതിരെ 2015ഇന് ശേഷം തങ്ങളുടെ ആദ്യ ജയം നേടി ആർസെനാൽ. അട്ടിമറി എന്ന് വിശേഷിപ്പിക്കാവുന്ന, എമിരേറ്റ്സിൽ നടന്ന മത്സരത്തിൽ സീസണിലെ ലിവർപൂളിന്റെ ഏറ്റവും വിശ്വസ്തരായ വാൻ ഡിജിക്കിനും അലിസണും പിഴച്ചപ്പോൾ പിന്നിൽ നിന്നും അപ്രതീക്ഷിതമായി വിജയം പിടിച്ചെടുത്തു ഗണ്ണേഴ്‌സ് ലിവർപൂളിനെ ഞെട്ടിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ആര്സെണലിന്റെ ജയം. ലകാസെറ്റ്, നെൽസൺ എന്നിവർ ഗണ്ണേഴ്സിന് വേണ്ടി ഗോൾ നേടിയപ്പോൾ സാഡിയോ മാനേ വകയായിരുന്നു ലിവർപൂളിന്റെ ഗോൾ.
മത്സരത്തിന് കിക്കോഫിന് മുൻപ് ടീം ന്യൂസ് വന്നപ്പോൾ തന്നെ ആരാധകർ ലിവർപൂളിന് അനായാസ ജയം പ്രതീക്ഷിച്ചിരുന്നു. സിറ്റിയുടെ 2017-18സീസണിലെ 100പോയിന്റ് റെക്കോർഡ് മറികടക്കുക എന്ന ലക്ഷ്യമിട്ട് മാനേ -സലാഹ് -ഫിർമിനോ എന്നിവരുൾപ്പെട്ട ശക്‌തമായ ലൈനപ്പുമായി പൂൾ അണിനിരന്നപ്പോൾ, യൂറോപ്പ ലീഗ് ക്വാളിഫിക്കേഷൻ സാധ്യത നിലനിർത്താൻ സിറ്റിയുമായി FA കപ്പ് സെമി മുന്നിൽ കണ്ട് അബാമേയാങ് സെബാലോസ് എന്നിവരെ ബെഞ്ചിലുരുത്തിയാണ് ആർസെനൽ ഇറങ്ങിയത്. പ്രതീക്ഷിച്ച പോലെ ആദ്യ 20മിനിറ്റുകളിൽ ലിവർപൂളിന്റെ സമ്പൂർണ അധിപത്യമായിരുന്നു കണ്ടത്. നിരന്തരം ആക്രമിച്ച ലിവർപൂൾ 21ആം മിനുട്ടിൽ സാഡിയോ മാനേയുടെ ഗോളിലൂടെ ലീഡ് നേടി. ലിവർപൂളിന്റെ പതിവ് ഗോൾമഴക്കു മുന്നേയുള്ള സൂചനയാണെന്ന് കരുതിയവരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകൊണ്ട് 32ആം മിനുട്ടിൽ ആർസെനാൽ ഒപ്പമെത്തി. വാൻ ഡൈക് ഗോളിക്ക് അശ്രദ്ധമായി ബാക്ക്പാസ് നൽകാൻ ശ്രമിച്ചപ്പോൾ പന്ത് റാഞ്ചിയെടുത്ത ലാകാസെറ്റ് അനായാസം ഗോളാക്കി മാറ്റി. ഇടവേളയ്ക്കു പിരിയും മുൻപ് 44ആം മിനുട്ടിൽ വീണ്ടും ആർസെനാൽ ഗോൾ നേടി. ഇത്തവണ പൂൾ ഗോളി അലിസനാണ് പിഴവ് വരുത്തിയത്, ബോൾ പിടിച്ചെടുത്ത ലകാസെറ്റ് നെൽസണ് നൽകിയ പാസ്സ് ഗോളാക്കിയതോടെ ആർസെനാൽ അപ്രതീക്ഷിത ജയം മണത്തു.
രണ്ടാം പകുതിയിൽ തിരിച്ചടിക്കാൻ അരയും തലയും മുറുക്കി ലിവർപൂൾ അക്രമിച്ചെങ്കിലും ആർസെനാൽ പൂർണമായും പ്രതിരോധത്തിലേക്ക് വലിഞ്ഞത് സമനില ഗോൾ നേടുന്നതിൽ നിന്നും ലിവർപൂളിനെ തടഞ്ഞു. ജയത്തോടെ 36കളിയിൽ 53പോയിന്റുമായി 9 ആം സ്ഥാനത്താണ് ആർസനൽ. തോൽവിയോടെ സീസണിൽ 100പോയിന്റ് സ്കോർ ചെയ്യാനുള്ള ലിവർപൂളിന്റെ മോഹം പൊലിഞ്ഞു. 2കളി മാത്രം അവശേഷിക്കെ 93പോയിന്റാണ് ചാമ്പ്യന്മാരുടെ സമ്പാദ്യം