അറ്റലാൻറ്റ – ആക്രമണ ഫുട്ബോളിന്റെ പ്രതിരൂപം
ഇന്ന് യൂറോപ്പിലെ ഏറ്റവും വശ്യമായ ഫുട്ബോൾ കളിക്കുന്ന ടീമുകളിൽ ഒന്നാണ് ഇറ്റാലിയൻ ക്ലബ് ആയ അറ്റലൻറ്റ എന്ന് നിസംശയം പറയാൻ സാധിക്കും. കൂടുതൽ മനസിലാക്കണമെങ്കിൽ അവരുടെ കഴിഞ്ഞ 15 കളികളിലെ സ്ഥിരവിവരണ കണക്ക് നോക്കിയാൽ മതിയാകും.
defeats – 0
draws – 2
wins – 13
goals scored – 51
goals conceded – 19
ഇത് വരെ അവർ ഇറ്റാലിയൻ ലീഗിൽ മാത്രം നേടിയത് 93 ഗോളുകളാണ്. ഒന്നാം സ്ഥാനത്ത് നിൽക്കുന്ന താരനിബിഢമായ യുവന്റസ് ആകട്ടെ 67 ഗോളുകൾ മാത്രമാണ് നേടാൻ സാധിച്ചിട്ടുള്ളത് എന്ന വസ്തുത അവരുടെ ആക്രമണ മനോഭാവത്തെ തുറന്ന് കാണിക്കുന്നു.
അറ്റലൻറ്റ ഇറ്റലിയിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത് 2016 ൽ ജിയാൻ പെറോ ഗാസ്പെരണി അവരുടെ മാനേജർ ആയി വന്നതിന് ശേഷമാണ്. കഴിഞ്ഞ സീസണിൽ 69 പോയിന്റ് നേടി മൂന്നാം സ്ഥാനത്ത് വന്നു ഏവരെയും ഞെട്ടിച്ചു. ഇന്റർ മിലനെക്കാളും എ.സി.മിലനെക്കാളും മുകളിൽ അവർ ഫിനിഷ് ചെയ്യുകയും ചെയ്തു. പപ്പു ഗോമസ് എന്ന അര്ജന്റീനക്കാരൻ അറ്റാക്കിങ് മിഡ്ഫീൽഡർ ആണ് അവരുടെ നെടും തൂൺ. മരിയോ പാസാലിക്, ഡുവൻ സപ്പട്ട എന്നിവർ കൂടെ ഗോമസിന്റെ കൂടെ കൂടിയപ്പോൾ ലോകം കണ്ട ഏറ്റവും നല്ല ആക്രമണ നിരകളിലൊന്നായി അവർ മാറി.
ചാമ്പ്യൻസ് ലീഗിൽ ഈ വർഷം ഏവരെയും അതിശയിപ്പിക്കുന്ന പ്രകടനമാണ് അവരുടേത്. മാഞ്ചസ്റ്റർ സിറ്റി അടങ്ങിയ ഗ്രൂപ്പ് ഘട്ടത്തിൽ രണ്ടാമത് ഫിനിഷ് ചെയ്ത അറ്റലൻറ്റ പ്രീ ക്വാർട്ടറിൽ സ്പാനിഷ് ക്ലബായ വാലെൻസിയയെ രണ്ടിനെതിരെ എട്ടു ഗോളുകൾക്കാണ് ഇരു പാദങ്ങളിലുമായി പരാജയപ്പെടുത്തിയത്. ക്വാർട്ടറിൽ ഫ്രഞ്ച് വമ്പന്മാരായ പി.സ്.ജി ആണ് അവരുടെ എതിരാളികൾ. നെയ്മർക്കും കൂട്ടാളികൾക്കും അറ്റലൻറ്റ കനത്ത വെല്ലുവിളി തന്നെ ഉയർത്തും.
ഇറ്റാലിയൻ ലീഗിൽ ഇത് വരെ 93 ഗോളുകളാണ് അവർ നേടിയത്. ഇനിയും ആറു മത്സരങ്ങൾ കൂടി കളിയ്ക്കാൻ ഉണ്ട് എന്നിരിക്കെ ആണ് ഈ നേട്ടം. ബാർസലോണക്ക് ഇത് വരെ വെറും 80 ഗോളുകൾ, മാഞ്ചസ്റ്റർ സിറ്റിക്ക് ആകട്ടെ 91 ഗോളുകൾ, മാത്രമേ നേടാൻ സാധിച്ചിട്ടുള്ളു എന്നുള്ളതും ഓർമ്മയിൽ വെക്കണം. മറ്റൊരു യോർഗെൻ ക്ളോപ്പ് ആയി ഗാസ്പെരണി ഇപ്പോൾ തന്നെ അറിയപ്പെടാൻ തുടങ്ങിയിരിക്കുന്നു.