പോണ്ടിങ്, കാലിസ്, ലാറ, ടെണ്ടുൽക്കർ തുടങ്ങിയവരുടെ കളികൾ കണ്ടു വളർന്ന ഒരു തലമുറക്കും ട്രോട്ട്, സ്മിത്ത്, കോഹ്ലി, രോഹിത് എന്നിവരുടെ കളികണ്ടു വളർന്ന ഒരു തലമുറക്കും ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം സുനിൽ മനോഹർ ഗവാസ്കർ എന്തായിരുന്നു എന്ന് സങ്കൽപ്പിക്കുക പ്രയാസമേറിയ ഒരു കാര്യമാണ്.
ഇന്ത്യയുടെ ആദ്യത്തെ മഹാനായ ബാറ്റ്സ്മാൻ ആയിരുന്നു ഗാവസ്‌കർ, വലിയ സ്വപ്നം കാണുവാനും ഉത്തരവാദിത്വങ്ങൾ തോളിൽ ഏന്തി കളിയിലെ ഭീമൻമാരെപോലും തോൽപ്പിക്കാൻ കഴിയുമെന്ന് കാണിച്ചു ഒരു ജനതയ്ക്ക് തന്നെ പ്രചോദനമായ ആദ്യ കളിക്കാരൻ. ക്രിക്കറ്റ് ചരിത്രത്തിലെതന്നെ ഏറ്റവും മികച്ച ഓപ്പണിങ് ബാറ്റ്സ്മാൻമാരിൽ ഒരാളായിരുന്നു അദ്ദേഹം. എന്നാൽ ഇപ്പോൾ ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓപ്പണർ ആരെന്ന ചോദ്യത്തിന് ഒരു പക്ഷെ ഏറ്റവും കുറഞ്ഞ അഭിപ്രായങ്ങളിൽ വരുന്ന ഒരു പേരായിരിക്കും സുനിൽ ഗാവസ്‌കർ എന്നത്.
ടെസ്റ്റ് ക്രിക്കറ്റിൽ 10,000 റൺസ് നേടുന്ന ആദ്യ കളിക്കാരനും സാർ ഡൊണാൾഡ് ബ്രാഡ്‌മാന്റെ 29 ടെസ്റ്റ് സെഞ്ചുറികൾ എന്ന നേട്ടം മറികടക്കുകയും ചെയ്തത് സുനിൽ ഗാവസ്കരായിരുന്നു.
തന്റെ കരിയറിൻറെ തുടക്കത്തിൽ തന്നെ 1971ലെ വെസ്റ്റിൻഡീസിനെതിരായ നാലു മത്സരങ്ങളുള്ള സീരിയസ് പൂർത്തിയായപ്പോൾ 154.80 ശരാശരിയിൽ 774 റൺസായിരുന്നു ഗാവസ്‌കർ നേടിയത്. ആ സീരിയസിലെ അവസാനത്തേതും അദ്ദേഹത്തിന്റെ കരിയറിന്റെ നാലാമത്തെയും ടെസ്റ്റിൽ നേടിയത് 344 റൺസായിരുന്നു. (ആദ്യ ഇന്നിംഗിസിൽ 124 & രണ്ടാമത്തെ ഇന്നിംഗിസിൽ 220).
1983 ലെ ഒരു ടെസ്റ്റ് മൽസരം,
മത്സരത്തിൻറെ രണ്ടാം ഇന്നിംഗിസ് ആരംഭിക്കാൻ ജോയൽ ഗാർണർ, ആൻഡി റോബർട്ട്സ്, മൈക്കൽ ഹോൾഡിംഗ് എന്നി പേസ് ബൗളർമാർ ഗ്രൗണ്ടിലേക്ക് നടക്കുന്നു, ആദ്യ ഇന്നിങ്സിൽ 470 റൺസ് നേടിയതിനാൽ വെസ്റ്റ് ഇൻഡീസ് ടീം അംഗങ്ങൾ വളരെ സന്തോഷത്തിലായിരുന്നു.
ആ സമയത്ത് കനം കുറഞ്ഞ ഒരു ബാറ്റുമായി, ഹെൽമെറ്റ് പോലും ഇല്ലാതെ ഉയരം കുറഞ്ഞ ഒരു കളിക്കാരൻ മൈതാനത്തിൻറെ മധ്യത്തിലേക്ക് നടന്നടുക്കുന്നു. ഓർക്കുക, ഈ മുകളിൽ പറഞ്ഞ ബൗളർമാർക്ക് 150 കിലോമീറ്റർ വേഗത്തിൽ മുഖത്തിന് മുൻപിലൂടെ ബോളുകൾ മൂളിപ്പായിപ്പിക്കാൻ യാതൊരു പ്രയാസവുമില്ല. പക്ഷെ ആ ബാറ്റ്സ്മാൻറെ മുഖത്തു അത്തരത്തിലുള്ള യാതൊരു ഭയവും കാണാനില്ല. അദ്ദേഹം വന്നു ആ മൂന്ന് സ്റ്റമ്പുകളുടെ കാവൽക്കാരനായി നിന്നു… അത് കാണാൻ തന്നെ വളരെ മനോഹരമായിരുന്നു.
റോബർട്ട്സിൻറെ ആദ്യ ബോളിനെതിരെയുള്ള ഡിഫെൻസ് ഒരു കാര്യം വ്യക്തമാക്കി, അക്കാലങ്ങളിൽ വെച്ചും തകർക്കാൻ കഴിയാത്ത ഒരു പ്രതിരോധം. അദ്ദേഹം ആ ഇന്നിംഗിസ് അവസാനിപ്പിച്ചത് ഏകദേശം 335 മിനുട്ടുകൾ ക്രീസിൽ ചിലവഴിച്ചുകൊണ്ട് 147 റൺസ് നേടിയായിരുന്നു.
ക്രിക്കറ്റിനെ സംബധിച്ചിടത്തോളം പേരും പെരുമയും റെക്കോർഡുകൾ അവസാനം തകർക്കുന്നവർക്കാണ്, എന്നാൽ ചരിത്രം ആദ്യം നിർമിച്ചതാരെന്നും അദ്ദേഹത്തിന്റെ മികവും നമ്മൾ പലപ്പോഴും മറക്കാറുണ്ട്. അങ്ങനെ നോക്കുമ്പോൾ സുനിൽ ഗവാസ്‌ക്കറായേക്കാം ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച ഓപ്പണർ., ഒരു ലെജൻഡ് എങ്ങനെ ആയിരിക്കണം എന്ന് നമ്മുക്ക് കാണിച്ചുതന്ന ലെജൻഡ് ഓഫ് ക്രിക്കറ്റ്.
ലിറ്റിൽ മാസ്റ്റർ തീർച്ചയായും എക്കാലത്തെയും മികച്ച ടെസ്റ്റ് ഓപ്പണർ ആണ്, അദ്ദേഹത്തിന്റെ പ്രതിരോധം മറികടക്കുക പലപ്പോഴും ബൗളേഴ്‌സിന് അസാധ്യമായിരുന്നു, അദ്ദേഹത്തിന്റെ ആക്രമണം തടസ്സരഹിതമായിരുന്നു. അക്രമാസക്തനായി കളിക്കാനാകുമെങ്കിലും തന്റെ ടീമിന്റെ ആവശ്യത്തിന് വേണ്ടി അതിനെ പരിമിതിപ്പെടുത്തിയിരുന്നു. ഡെന്നിസ് ലില്ലി, ജെഫ് തോംസൺ, റോഡ്നി ഹോഗ്, ബോബ് വില്ലിസ്, ഇയാൻ ബോതം, റിച്ചാർഡ് ഹാഡ്ലി, ഇമ്രാൻ ഖാൻ എന്നിവർ എറിഞ്ഞു തകർക്കുന്ന സമയം – (കരീബിയൻ ദീപിൽ നിന്നുള്ള ഭീകരൻമാരെ തൽക്കാലം പരാമർശിക്കുന്നില്ല) എന്നാൽ ഈ ലോകോത്തര ബൗളെർമാർക്ക് വളരെ വ്യക്തമായിരുന്നു ഈ ചെറിയ മനുഷ്യന്റെ വിക്കറ്റ് എടുക്കുന്നത് അത്ര നിസാരമായ കാര്യമല്ല എന്നത്.
ക്രിക്കറ്റിൽ കുറ്റമറ്റ സാങ്കേതികതയോടെയും കീഴടക്കാൻ കഴിയാത്ത ഏകാഗ്രതയോടെയും ബാറ്റ് ചെയ്യ്തിരുന്ന ഒരു ബാറ്റ്സ്മാനായിരുന്നു ഗാവസ്‌കർ. അതിൽ ഏറ്റവും മികച്ചതായി കാണക്കാക്കപ്പെടുന്നത് 70 കളിലും 80 കളിലും വെസ്റ്റ് ഇൻഡീസ് എന്ന അസാധാരണ ശക്തിക്ക് എതിരെ ചെറുത്തുനിന്ന പ്രകടനങ്ങൾ തന്നെയാകും. ടെസ്റ്റ് ക്രിക്കറ്റിലെ ചരിത്രത്തിലെ തന്നെ മികച്ച ടീം എന്ന് കണക്കാക്കപ്പെട്ടിരുന്ന ഒരു ടീമിനെതിരെ തുടരെ തുടരെ മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത സുനിൽ ഗാവസ്‌കർ അവർക്കെതിരെ 65 ശരാശരിയിൽ 2749 റൺസും 13 സെഞ്ചുറികളും നേടി.
ഓപ്പണർ ആയി 50 നു മുകളിൽ ആവറേജിൽ 33 സെഞ്ചുറികളും 9500 ൽ അധികം റൺസ് നേടിയ സണ്ണി, മത്സരം നടക്കുന്നത് ഇന്ത്യയോ ഇന്ത്യക്ക് പുറത്തോ,എന്ന് വിവേചനം ഇല്ലാതെ ഇരു സാഹചര്യങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ച ഒരു കളിക്കാരനായിരുന്നു . സത്യത്തിൽ ഇന്ത്യക്ക് വെളിയിലായിരുന്നു അദ്ദേഹത്തിൻറെ മികച്ച പ്രകടനങ്ങൾ കൂടുതലും. കരിയറിലെ ഭൂരിഭാഗവും രാജ്യത്തിൻറെ പ്രതീക്ഷയും ആഗ്രഹങ്ങളും തോളിലേന്തിയായിരുന്നു ഈ കളിക്കാരൻ കളിയ്ക്കാൻ ഇറങ്ങിയിരുന്നത്, അതുകൊണ്ടുതന്നെ എതിർ ടീം ഏറ്റവും കൂടുതൽ വിലമതിച്ചിരുന്നത് ഗാവസ്‌കരുടെ വിക്കറ്റായിരുന്നു.
സത്യത്തിൽ, അരങ്ങേറ്റ സീരിയസിൽ തന്നെ 3 അർദ്ധ സെഞ്ചുറികളും 4 സെഞ്ചുറികളും നേടിയ ഒരു കളിക്കാരനിൽ നിന്നും പ്രതീഷിച്ചത് തന്നെയായിരുന്നു ഇതോക്കെ….
ഒരു ഓപ്പണറുടെ ബഞ്ച് മാർക്ക് വളരെ ഉയരത്തിൽ ക്രമീകരിച്ച സുനിൽ ഗാവസ്‌കർ ഇന്ത്യയുടെ സംഭവനയിലെ ആദ്യ ലെജൻഡ് ആണ്.