സാക -ലാക്ക ബൂം, വോൾവ്‌സിനെ തകർത്ത് ആർസെനൽ
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വോൾവ്‌സിനെതിരെ ആർസെനലിനു തകർപ്പൻ വിജയം. ചാമ്പ്യൻസ് ലീഗിലേക്കുള്ള നേരിയ സാദ്ധ്യതകൾ നിലനിർത്താൻ ജയം അനിവാര്യമായ മത്സരത്തിൽ, കൗമാര താരം ബുകായോ സാകയും അലക്സാണ്ടർ ലാക്കാസെറ്റും ഇരുപകുതികളിലും ഗോൾ നേടിയപ്പോൾ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു എതിരാളികളുടെ മടയിൽ ഗണ്ണേഴ്സിന്റെ വിജയം.
വോൾവ്‌സിന്റെ ഹോംഗ്രൗണ്ടായ മോളിനോക്സിൽ നടന്ന മത്സരത്തിൽ, തുടരെ നാലു മത്സരങ്ങളിൽ അപരാജിതരായി മുന്നേറുന്ന വോൾവിസിനെ കടിഞ്ഞാണിടാൻ ആർട്ടെറ്റയുടെ ആർസെനൽ കൃത്യമായ ഗെയിം പ്ലാനോട് കൂടിയാണ് ഇറങ്ങിയത്. പന്ത് കൈവശം വയ്ക്കുന്നതിലും വോൾവ്‌സ് മുന്നേറ്റം തടയിടുന്നതിനും മാത്രം ആദ്യ ഇരുപത് മിനിറ്റുകളിൽ ശ്രദ്ധിച്ച ആർസെനൽ ഡ്രിങ്ക്സ് ബ്രേക്കിന് ശേഷം കൌണ്ടർ അറ്റാക്കുകളിലൂടെ ആതിഥേയരെ ലക്ഷ്യം വച്ചു. 37ആം മിനുട്ടിൽ എന്കെത്യയുടെ ഗോളെന്നുറച്ച ഷോട്ട് വോൾവ്‌സ് ഗോളി സേവ് ചെയ്തു, എന്നാൽ 42ആം മിനുട്ടിൽ ഒരു ഹാഫ് വോളി മനോഹരമായി വലയിലെത്തിച്ചു ബുകായോ സാക ആര്സെനലിനെ മുന്നിലെത്തിച്ചു.
ഇടവേളയ്ക്കു ശേഷം സമനില ഗോളിനായി വോൾവ്‌സ് ശ്രമിച്ചപ്പോൾ, 63ആം മിനുട്ടിൽ മികച്ചൊരവസരം അദാമ ട്രയോർ പാഴാക്കി. അവിടുന്നങ്ങോട്ട് മികച്ച സബ്സ്റ്റിട്യൂട്ടിഷനിലൂടെയും കൗണ്ടറുകളിലൂടെയും ഗണ്ണേഴ്‌സ് വോൾവ്‌സിന്റെ താളം തെറ്റിച്ചു. ഒടുവിൽ 86ആം മിനുട്ടിൽ പകരക്കാരായി വില്ലൊക്കിന്റെ പാസ്സ് സ്വീകരിച്ചു ലാക്ക തന്റെ 5മത്സരങ്ങൾ നീണ്ട ഗോൾവരൾച്ചക്ക് വിരാമമിട്ടപ്പോൾ, രണ്ടാം ഗോളോടെ ആർസെനാൽ മത്സരം കൈപ്പിടിയിലൊതുക്കി. ഏറെ പഴികേട്ട ആർസെനാൽ പ്രതിരോധനിര ഇന്ന് മികച്ച രീതിയിൽ പ്രവർത്തിച്ചതാണ് എവേ മത്സരത്തിൽ നിർണായകമായത്. ജയത്തോടെ 33 കളിയിൽ നിന്നും 49 പോയിന്റുമായി വോൾവ്‌സിനു പുറകിൽ ഏഴാമതാണ് ആർസെനൽ.