എസ്കോബാറിൻറ്റെ വിയോഗത്തിന് പ്രായം 26 കഴിഞ്ഞിരിക്കുന്നു
വർഷം ഇരുപത്താറായിട്ടും താങ്കൾ ഇന്നും മനസ്സിലൊരു നോവാണ്. ഗോളടിക്കുന്നവർ പേരും പ്രശസ്തിയും കയ്യടിയും വാങ്ങിക്കൂട്ടുമ്പോൾ താങ്കളെ പോലുള്ളവർ തിരശ്ശീലക്ക് പുറകിൽ നിന്നിട്ടേയുള്ളൂ…. എന്തിനാണ് നീ ജോൺ ഹാർക്സിൻ്റെ ഗോൾമുഖത്തേക്കുള്ള ക്രോസ് തടയാൻ പോയത്? അതൊരു സ്വാഭാവിക ഗോളായിരുന്നെങ്കിൽ ഒരു പക്ഷേ താങ്കൾക്കീ ദുരന്തമേറ്റു വാങ്ങേണ്ടി വരുമായിരുന്നില്ല. ഇതിനു വേണ്ടിയായിരുന്നോ ക്വാളിഫയർ മത്സരങ്ങളിൽ ഇടം നേടാത്ത നീ ലോകകപ്പ് കളിക്കാനിറങ്ങിയത്?
1994 ലോകകപ്പ് – അമേരിക്കൻ ലോകകപ്പ്. ആതിഥേയർക്കെതിരെ കൊളംബിയക്ക് 2 – 1 ൻ്റെ ഞെട്ടിക്കുന്ന തോൽവിയും, ടൂർണമെൻ്റിന് പുറത്തേക്കുള്ള വഴിയും നൽകിയതിന് എസ്കോബാറിൻ്റെ വലം കാലിൽ നിന്ന്, ബോക്സിലേക്ക് വന്ന ക്രോസ് ക്ലിയർ ചെയ്യുന്നതിനിടെ അബദ്ധത്തിൽ സ്വന്തം വലയിലെത്തിയ പന്തായിരുന്നു കാരണം… ലോകമാകമാനം തത്സമയം കളി കണ്ട ഞാനുൾപ്പെടെയുള്ളവർ ഞെട്ടിപ്പോയ നിമിഷം.ജൂൺ 26 ലെ ആ കറുത്ത ദിനം കൊളംബിയക്ക് നഷ്ടപ്പെടുത്തിയത് ലോകകപ്പിലെ അടുത്ത സ്റ്റേജ് എന്ന സ്വപ്നം മാത്രമല്ല, അവരുടെ ഏറ്റവും മികച്ച പ്രതിരോധ ഭടൻമാരിൽ ഒരാളുടെ ജീവൻ കൂടിയായിരുന്നു.
തോൽവി ഭാരം പേറി കൊളംബിയയിൽ തിരിച്ചെത്തിയ ആന്ദ്രേ നേരെ പോയത് മെഡല്ലിനിലേക്കായിരുന്നു. ലാസ് വെഗാസിലെ ബന്ധുവിനെ സന്ദർശിക്കാൻ നിൽക്കാതെ എത്രയും വേഗം ജൻമനാട്ടിൽ അണയാൻ അയാൾ ആഗ്രഹിച്ചിരുന്നിരിക്കണം.. ഒരു പക്ഷേ ആ ബന്ധുവിൻ്റെ ക്ഷണം സ്വീകരിച്ചിരുന്നെങ്കിൽ, വിധിയുടെ ക്രൂരവിനോദം എന്ന പേരിൽ എഴുതിത്തള്ളിയ ദുരന്തം ഒഴിവാക്കാമായിരുന്നു. ജൂലൈ 1, നാട്ടിലെത്തിയ എസ്കോബാർ തൻ്റെ സുഹൃത്തുക്കളുമായി ഒത്തു കൂടി… അടുത്തുള്ള ബാറിലും നൈറ്റ്ക്ലബിലും ആ രാത്രി ചെലവഴിച്ച് പുലർച്ചെ മൂന്ന് മണിയോടെ പലരും പല വഴിക്ക് പിരിഞ്ഞു. പാർക്കു ചെയ്ത തൻ്റെ കാറിനരികിലെത്തിയ ആന്ദ്രേയോട് അകാരണമായി മൂന്നംഗ സംഘം ബഹളം വച്ചു. മദ്യ ലഹരിയിലായിരുന്നവർ തങ്ങളുടെ റിവോൾവറിൽ നിന്ന് ആ ഫുട്ബോളറുടെ നെഞ്ചിലേക്കുതിർത്തത് ആറു വെടിയുണ്ടകളാണ് . ഓരോ തവണയും അവർ ആർത്തു വിളിച്ചത് “ഗോൾ” എന്നായിരുന്നു. എസ്കോബാറിൻ്റെ കാലിൽ നിന്ന്, സ്ഥാനം തെറ്റി നിന്ന ഗോളിയെ മറികടന്ന് സ്വന്തം ഗോൾ വലയിലേക്ക് പന്ത് ഉരുണ്ടു കയറുമ്പോൾ ടി വി കമൻ്റേറ്റർ ആർത്ത് വിളിച്ച അതേ വാക്കുകൾ…..”ഗോൾ”.
എസ്കോബാർ, നിൻ്റെ അന്ത്യയാത്രയെ അനുഗമിക്കാൻ വന്നത് നിന്നെ സ്നേഹിച്ച ഒരു ലക്ഷത്തി ഇരുപതിനായിരത്തിലധികം ആളുകളാണെന്നും, മെഡലിനിൽ നിൻ്റെ സ്മാരകമായി ഒരു പ്രതിമ തലയുയർത്തി നിൽക്കുന്നുണ്ടെന്നും അറിയുന്നുണ്ടോ? അറിയാൻ വഴിയില്ല… മത്സരങ്ങളില്ലാത്ത, വാതുവെയ്പ്പില്ലാത്ത ലോകത്ത് അന്ത്യവിശ്രമം കൊള്ളുന്നവനേ…
#Life_Never_Ends_Here