EPL:സതാംപ്ടനെതിരെ ആർസെനലിനു വിജയം
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർ തോൽവികൾക്കൊടുവിൽ ആർസെനലിനു വിജയം. ഇന്ന് നടന്ന മൽസരത്തിൽ സതാംപ്ടനെയാണ് ഗണ്ണേഴ്സ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയത്. വിജയായികൾക്കു വേണ്ടി ഇരുപകുതികളിലായി എഡി എന്കെതെ, ജോ വില്ലോക് എന്നിവർ ഗോളുകൾ നേടി.
സതാംപ്ടന്റെ തട്ടകമായ സെന്റ് മേരിസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യ അഞ്ചു മിനുട്ടിലെ പതർച്ചക്കു ശേഷം വളരെ വേഗം ആര്സെനാൽ മത്സരത്തിൽ ആധിപത്യം നേടുകയുണ്ടായി. 10ആം മിനുട്ടിൽ എന്കെതെ വല കുലുക്കിയെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു 2മിനുട്ടിനുള്ളിൽ അബാമേയാങ്ങിന്റെ ഗോളെന്നുറച്ച ഷോട്ട് സതാംപ്ടൺ ഗോളി മക്കാർത്തി സേവ് ചെയ്ത് ക്രോസ്സ്ബാറിൽ തട്ടി പുറത്തേക്ക് പോകുമ്പോൾ അബാമേയങ്ങിനു അവിശ്വസിനീയതയോടെ നോക്കാനേ കഴിഞ്ഞുള്ളു.. എന്നാൽ അധികം വൈകാതെ മകാർത്തിയുടെ തന്നെ പിഴവിൽ നിന്ന് ആര്സെനാൽ ലീഡ് നേടി. 20ആം മിനുട്ടിൽ കിട്ടിയ മൈനസ് പാസ്സ് അലസമായി പാസ്സ് ചെയ്യാൻ നോക്കിയ മകാർത്തിയുടെ കൈയിൽ നിന്നും ബോൾ റാഞ്ചി എന്കെതെ ബോക്സിലേക്ക് കുതിച്ചു ആര്സെണലിന്റെ ആദ്യ ഗോൾ നേടി. മറ്റു കാര്യമായ സംഭവവികാസങ്ങളില്ലാതെ ആദ്യ പകുതി അവസാനിച്ചു.
രണ്ടാം പകുതിയിലും തുടക്കത്തിൽ ആർസെനലിനു ചില മികച്ച അവസരം ലഭിച്ചെങ്കിലും മുതലാക്കാൻ കഴിഞ്ഞില്ല. മറുവശത്തു സതാംപ്ടൺ താരങ്ങൾ സമനില ഗോളിനായി കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരുന്നു. എന്നാൽ പരിക്കേറ്റ ഗോളി ലെനോക്കു പകരം സീസണിലാദ്യമായി പ്രീമിയർ ലീഗിൽ സ്റ്റാർട്ടിങ് ഇലവനിൽ ഉൾപ്പെട്ട കീപ്പർ മാർട്ടിനെസും, പ്രതിരോധ താരം റോബ് ഹോൾഡിങ്ങും സതാംപ്ടൺ മുന്നേറ്റത്തിന് പലപ്പോഴും വിലങ്ങുതടിയായി മാറി. 85ആം മിനുട്ടിൽ ഗോളിലേക്ക് കുതിച്ച അബാമേയങ്ങിനെ ബോക്സിനു പുറത്ത് വീഴ്ത്തിയ സ്റ്റീഫൻസ് ചുവപ്പ് കാർഡ് കണ്ടതോടെ സതാംപ്ടൺ 10പേരായി ചുരുങ്ങി. ഇതിനു ലഭിച്ച ഫ്രീകിക്ക് റീബൗണ്ടിൽ വലയിലെത്തിച്ചു ജോ വില്ലോക് ആര്സെണലിന്റെ വിജയമുറപ്പിച്ചു.
ഡിസംബറിൽ ചാർജെടുത്ത ശേഷം അർട്ടേറ്റയുടെ കീഴിൽ ആര്സെനാൽ നേടുന്ന ആദ്യ എവേ വിജയമാണ്. ജയത്തോടെ 31കളിയിൽ നിന്നും 43പോയിന്റുമായി ലീഗിൽ 9-ആമതാണ് ആര്സെനാൽ






































