വില്ലനായി ലൂയിസ്! ആഴ്‌സനലിനെ തകർത്ത് സിറ്റി
അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ല. വമ്പന്മാരുടെ പോരാട്ടത്തിൽ ഇന്ന് എത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി ആർസെനലിനെ തകർത്തത്. ഗോൾരഹിതമായി മുന്നേറിയ മത്സരത്തിൽ പകരക്കാരനായിറങ്ങിയ 25മിനുട്ടിൽ, സിറ്റിയുടെ ആദ്യ രണ്ട് ഗോളുകൾക്കു വഴിവെച്ച പിഴവ് വരുത്തുകയും, റെഡ് കാർഡ് വാങ്ങി പുറത്തുപോവുകയും ചെയ്ത ആർസെനൽ ഡിഫൻഡർ ഡേവിഡ് ലൂയിസ് വില്ലനായ മത്സരം തന്റെ മുൻ ക്ലബ്ബിനെതിരെ മാനേജരായി വന്ന മിക്കേൽ ആർട്ടേറ്റക്കു കയ്‌പ്പേറിയതായി മാറി. തോൽവി ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സണലിന്റെ ടോപ് 4 പ്രതീക്ഷകൾക്കുള്ള കനത്ത തിരിച്ചടിയാണ്.
എത്തിഹാദിൽ അടച്ചിട്ട സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തുടക്കം മുതൽ ഗണ്ണേഴ്സിന് തിരിച്ചടി നേരിട്ടു 5ആം മിനുട്ടിൽ ഷാക്കയും, 20ആം മിനുട്ടിൽ പാബ്ലോ മാരിയും പരിക്കേറ്റു പുറത്ത് പോയി എങ്കിലും ഗോൾ വഴങ്ങാതെ ഒത്തിണക്കത്തോടെ ടീം സിറ്റിയെ വിഷമിപ്പിച്ചു. സിറ്റിയുടെ എണ്ണം പറഞ്ഞ 4 ഷോട്ടുകൾ ലെനോ ആദ്യ 45മിനുട്ടിൽ തന്നെ സേവ് ചെയ്തു.. എന്നാൽ ആദ്യപകുറ്റിയുടെ ഇഞ്ചുറി ടൈമിൽ കളിയുടെ വിധി മാറി. മാരിക്ക് പകരക്കാരനായി 24ആം മിനുട്ടിൽ കളത്തിലിറങ്ങിയ ഡേവിഡ് ലൂയിസ്, സിറ്റി താരത്തിന്റെ ഷോട്ട് ക്ലിയർ ചെയ്യുന്നതിൽ പിഴവ് വരുത്തിയപ്പോൾ, ഡിഫ്‌ളെക്ട് ചെയ്ത ബോൾ ബോക്സിനുള്ളിൽ നിന്ന സ്റ്റെർലിങ്ങിന് നേരെ, അനായാസം ലെനോയെ കീഴ്പെടുത്തി സ്റ്റെർലിങ് സിറ്റിയെ മുന്നിലെത്തിച്ചു.
ഇടവേളയ്ക്കു ശേഷം ഉടൻ തന്നെ ലൂയിസിന്റെ രണ്ടാമത്തെ പിഴവ് ആര്സെനലിന്റെ സമനിലയെന്ന മോഹം കൂടി തല്ലിക്കെടുത്തി. ബോളുമായി ബോക്സിലേക്ക് കുതിച്ച മഹ്‌റസിനെ വീഴ്ത്തിയതിന് റഫറി സിറ്റിക്ക് അനുകൂലമായി പെനാൽറ്റി അനുവദിക്കുകയും ലൂയിസിന് റെഡ് കാർഡ് നൽകി മടക്കുകയും ചെയ്തതോടെ ആർസെനാൽ പത്തു പേരായി ചുരുങ്ങി. പെനാൽറ്റി വലയിലെത്തിച്ചു ഡി ബ്രൂയിൻ സിറ്റിയുടെ വിജയമുറപ്പിച്ചു. ഇതോടെ കൂടുതൽ ഗോൾ വഴങ്ങാതിരിക്കുക എന്നതിലേക്ക് ആർസെനൽ മാറിയതോടെ മത്സരം തീർത്തും ഏകപക്ഷീയമായി മാറി. 80ആം മിനുട്ടിൽ സിറ്റിയുടെ ഗാർഷ്യ ഗോളി എഡേഴ്സണുമായി കൂട്ടിയിടിച്ചു പരിക്കേറ്റു പുറത്തു പോയി. എന്നാൽ വേട്ട അവസാനിപ്പിക്കാൻ സിറ്റി ഒരുക്കമായിരുന്നില്ല. 91ആം മിനുട്ടിൽ ഫിൽ ഫോഡന്റെ റീബൗണ്ട് ഗോളിലൂടെ സിറ്റി പട്ടിക തികച്ചു.
29മത്സരത്തിൽ നിന്നും 40പോയിന്റുമായി 9-ആം സ്ഥാനത്താണ് ആഴ്‌സനൽ. സിറ്റി 60പോയിന്റുമായി രണ്ടാം സ്ഥാനത്തു തുടർന്നു. ഈ സീസണിൽ ലൂയിസ് വഴങ്ങുന്ന നാലാമത്തെ പെനാൽറ്റി ആയിരുന്നു ഇന്ന്. അവസാനമായി സ്റ്റാംഫോഡ് ബ്രിഡ്ജിൽ ചെൽസിക്കെതിരായ മത്സരത്തിലും സമാന രീതിയിൽ പെനാൽറ്റി വഴങ്ങുകയും റെഡ് കാർഡ് മേടിക്കുകയും ചെയ്ത ലൂയിസിന് ഇനി അർട്ടേറ്റയുടെ സ്‌ക്വാഡിൽ ഉൾപ്പെടുക എന്നത് പ്രയാസമാകും.