Cricket Renji Trophy Stories Top News

ഫിറോസ് വി റഷീദ് – കേരള ക്രിക്കറ്റിലെ നിത്യഹരിത നായകൻ

April 18, 2020

author:

ഫിറോസ് വി റഷീദ് – കേരള ക്രിക്കറ്റിലെ നിത്യഹരിത നായകൻ

ക്രിക്കറ്റ് കളി തലയിൽ കയറിയ 1980 കളുടെ അവസാനം.

ലോകകപ്പും ഇന്ത്യയുടെ വിൻഡീസ്, പാക്കിസ്ഥാൻ പര്യടനവുമെല്ലാം ദിനപത്രങ്ങളിലും റേഡിയോയിലും പിന്തുടരുമ്പോഴും, ദേശീയ തലത്തിൽ വിവിധ ടൂർണമെൻ്റുകൾ ഉണ്ടെന്നും കേരള ടീം അതിലെ ഒരു ഭാഗമാണെന്നും വലിയ അറിവൊന്നും ഉണ്ടായിരുന്നില്ല.

1989 ലാണ് പത്രങ്ങളിൽ നിന്ന് കിട്ടിയ അറിവുകൾ വച്ച് കേരളാ ടീമിൻ്റെ മത്സരങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങിയത്… മേഖലാ സമ്പ്രദായത്തിൽ മത്സരങ്ങൾ നടന്നിരുന്ന അക്കാലത്ത് കേരളത്തിനു പുറമേ തമിഴ്നാട്, ആന്ധ്ര, ഹൈദരാബാദ്, കർണാടക, ഗോവ എന്നിവരാവും സൗത്ത് സോൺ ഗ്രൂപ്പിൽ വരിക. ഗോവയോടും ആന്ധ്ര യോടും ഒരു സമനില, ഒത്താലൊരു ജയം എന്നതിൽ കവിഞ്ഞ് കൂടുതലൊന്നും കേരളത്തിന് അക്കാലത്ത് സ്വപ്നം കാണാൻ കഴിഞ്ഞിരുന്നില്ല.

ത്രിദിന രഞ്ജി മത്സരത്തിന് പുറമേ ഈ ടീമുകളുമായി ഏകദിന മത്സരവും പതിവായിരുന്നു. കേരളാ ക്യാമ്പിൽ നിന്നുയർന്നു കേട്ടിരുന്ന ചില പേരുകൾ പിജി സുന്ദർ, നാരായണർ കുട്ടി, വേദം ഹരിഹരൻ എന്നിങ്ങനെയൊക്കെ ആയിരുന്നു….

1989 ലെ ഒരു ഏകദിന മത്സരം, എതിരാളിയെ ഓർമയില്ല. റേഡിയോയിൽ ഇംഗ്ലീഷ് കമൻററിയിൽ നിന്ന് കേരളം സ്ഥിരം രീതിയിൽ തോൽവിയിലേക്കെന്ന് മനസ്സിലായി. രണ്ടാമത് ബാറ്റു ചെയ്ത കേരള ടോപ്പ് ഓർഡറിലെ അരങ്ങേറ്റക്കാരൻ ഒരു ഇരുപതുകാരനു പക്ഷേ വിട്ടുകൊടുക്കാൻ ഭാവം ഉണ്ടായിരുന്നില്ല. മറ്റൊരു യുവതാരം പി.ടി സുബ്രഹ്മണ്യത്തെ കൂട്ടു പിടിച്ച് അയാൾ കേരളത്തിനായി ഒരു ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചു.

പിൽക്കാലത്ത് ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫിയുടെ സൂപ്പർ ലീഗിൽ കടന്ന കേരളത്തിൻ്റെ ആ ക്യാപ്റ്റൻ ഇന്ന് തൻ്റെ 51ആം വയസ്സിലും ജില്ലാ ക്രിക്കറ്റ് ലീഗിലും ക്രിക്കറ്റ് അഡ്മിനിസ്ട്രേഷൻ രംഗത്തും സജീവ സാന്നിദ്ധ്യമാണ്, ഫിറോസ് വി റഷീദ്.

ഫിറോസ് റഷീദ്, തൊണ്ണൂറുകളുടെ ആദ്യ പകുതിയിൽ കേരള ടീമിൻ്റെ ഓപ്പണിങ് ബൗളറും വിശ്വസ്ഥനായ മുൻനിര ബാറ്റ്സ്മാനും ഈ വലംകയ്യനെ തേടി 96 സീസണിൽ ക്യാപ്റ്റൻസിയുമെത്തി.

അതു വരെ എടുത്തു പറയത്തക്ക നേട്ടമൊന്നുമില്ലാതിരുന്ന കേരളം, ഫിറോസിൻ്റെ ക്യാപ്റ്റൻസിയിലും അനന്തപദ്മനാഭൻ , രാം പ്രകാശ്, കമറുദ്ദീൻ, സുരേഷ് കുമാർ, സുനിൽ ഒയാസിസ് എന്നിവരുടെയും മികവിൽ താരനിബിഡമായ തമിഴ്നാടിനെ പാലക്കാട് വിക്ടോറിയ കോളേജ് ഗ്രൗണ്ടിൽ വച്ച് കീഴടക്കി ചരിത്രത്തിലാദ്യമായി സൗത്ത് സോണിൽ നിന്നും സൂപ്പർ ലീഗിൽ കടന്നു.

1997-98 സീസണിലെ ഒരു ഫെബ്രുവരി മാസം, ആദ്യമായി ഒരു രഞ്ജി താരത്തിൻ്റെ അതും മുൻ ക്യാപ്റ്റൻ്റെ തകർപ്പൻ ഇന്നിങ്സിന് നേരിൽ സാക്ഷ്യം വഹിക്കാനുള്ള ഒരു ഭാഗ്യവും ഉണ്ടായി.

പെരിന്തൽമണ്ണ പോളി ഗ്രൗണ്ടിൽ നടന്ന Dr. MS നായർ മെമ്മോറിയൽ ട്രോഫി മത്സരത്തിൽ കേരളത്തിലെ മുൻനിര ടീമുകളിലൊന്നിൽ ഓപ്പണറായി ഇറങ്ങിയ ഫിറോസ്, ആ 30 ഓവർ മത്സരത്തിൽ സിക്സറുകളുടെ പെരുമഴ തീർത്ത് പുറത്താവാതെ പോയത് 232 റൺസായിരുന്നു.അന്നത്തെ കാലത്ത് അതൊരു അതിശയം തന്നെയായിരുന്നു.. ഇപ്പോളത്തെ ഭാഷയിൽ പറഞ്ഞാൽ വെടിക്കെട്ട്‌… കളി നേരിൽ കണ്ടപ്പോൾ അവിടെ നടന്നത് കൂറ്റൻ സിക്സറുകളും, മനോഹര ശൈലിയിലുള്ള കുറെയേറെ ഷോട്ടും…..

അങ്ങനെ ഒട്ടേറെ കളികൾ ഒഫീഷ്യൽ അല്ലാത്തത് അദ്ദേഹം കളിച്ചു, റൻസുകൾ വാരി കൂട്ടി, 89ൽ season one day match against (debutant) Hydrabad. കേരളത്തിന് വേണ്ടി 47 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ച ഫിറോസ് ഏഴു അർദ്ധ സെഞ്ചുറികൾ അടക്കം ( ഉയർന്ന സ്കോർ 91) 1426 റൺസും 27 വിക്കറ്റുകളും നേടിയിട്ടുണ്ട്.

2018ൽ BCCI യുടെ കീഴിൽ ഉത്തരാഖണ്ഡ് ജൂനിയർ സ്റ്റേറ്റ് ടീം സെലക്ടറായിരുന്നു…. ഉത്തരാഖണ്ഡ് ജൂനിയർ ടീമിന്റെ ഒത്തിരി പരിശീലർക്കൊപ്പം നമ്മുടെ കേരളത്തിന്റെ ഫിറോസും…. ഉത്തരാഖണ്ഡിൽ നിന്നും നാളെകളിൽ ഇന്ത്യൻ ടീമിൽ എത്തി പ്രമുഖരാവുന്ന താരങ്ങൾ അവരുടെ വളർച്ചയിലെ ഒരു പങ്ക് ഒരു കേരള താരത്തിനും നൽകിയേക്കാം…

എറണാംകുളത്തു നിന്നും കേരള ക്രിക്കറ്റിനു ഇന്ത്യൻ ക്രിക്കറ്റിൽ വ്യക്തമായ സ്ഥാനം നൽകുന്നതിന് പങ്ക് വഹിച്ച ഫിറോസ് വി റഷിദ്‌
ഈ 51 കാരൻ നിലവിൽ കേരള അണ്ടർ 23 ടീമിൻ്റെ നിലവിലെ കോച്ച്, റെയിൽവേ ഉദ്യോഗസ്ഥൻ, ഇപ്പൊ കുടുംബമായി എറണാകുളത്ത് താമസം, ഭാര്യ മിനി, രണ്ട് മക്കൾ…

ഇപ്പോഴും ജില്ലാ ലീഗിൽ സജീവ സാന്നിധ്യമാണ് കേരള ക്രിക്കറ്റിലെ ഈ നിത്യഹരിത നായകൻ.

✒️ Suresh Varieth & Riyaz Badarudeen Sulyman

Leave a comment