Editorial Foot Ball legends Top News

റൂഡ് വാൻ നിസ്റ്റൽറോയ് ; മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഗോളടിയന്ത്രം

April 13, 2020

author:

റൂഡ് വാൻ നിസ്റ്റൽറോയ് ; മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഗോളടിയന്ത്രം

“How will you describe Manchester United of early 2000’s..”

ചോദ്യത്തിനുത്തരം തേടി ഓർമകളിലേക്കു സഞ്ചരിക്കുമ്പോൾ മുന്നിലാദ്യം തെളിയുന്നതൊരു ടെലിവിഷൻ സെറ്റാണ്. അതിലെ സ്പോർട്സ് ചാനലിൽ അനായാസം എതിരാളികളെ വെട്ടിയൊഴിഞ്ഞും ഗോൾകീപ്പറെ കബളിപ്പിച്ചും പന്തിനെ ഗോൾവലയിലേക്കു നിക്ഷേപിക്കുന്നൊരു നീളൻമുടിക്കാരനും.

“Ruud Van Nistelrooy….., Goal for Manchester United. And it is the familiar goal scorer who finds the back of the net again.”

അയാളുടെ ആഹ്ലാദപ്രകടനങ്ങൾ കമന്റ്‌റി ബോക്സിലും ആവേശം വിതറുകയാണ്.

അതൊരു സ്ഥിരം കാഴ്ചയായിരുന്നു.
മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്കു മാത്രമായിരുന്നില്ല, പ്രീമിയർ ലീഗിനെ സ്ഥിരമായി പിന്തുടരുന്ന ഓരോ വ്യക്തിയ്ക്കും ചിരപരിചിതമായിരുന്ന നിമിഷങ്ങൾ. ഒപ്പം റൂഡ് വാൻ നിസ്റ്റൽറൂയിയെന്ന ആ നീളൻ മുടിക്കാരനും. അയാൾ നേടിയ ഗോളുകളിൽ മിക്കതും നയനമനോഹരമായിരുന്നില്ല. പക്ഷേ ബെക്കാമും ഗിഗ്‌സും നടത്തിയ സൗന്ദര്യാത്മകമായ പല നീക്കങ്ങൾക്കും ലക്ഷ്യപ്രാപ്തി വരുത്തിയത് അയാളുടെ ബൂട്ടുകളായിരുന്നു. ആ ബൂട്ടുകൾ ശബ്ദിക്കുന്നതിനുമുന്നേതന്നെ ഗോൾ ആഘോഷം തുടങ്ങുന്ന ഫെർഗൂസനും ഓൾഡ് ട്രാഫോർഡും അന്നത്തെ സ്ഥിരം കാഴ്ചകളിലൊന്നായിരുന്നു.

പക്ഷേ നിരാശ ബാക്കിയാക്കിയാണ് അയാൾ ഓൾഡ് ട്രാഫോർഡിനോട് വിടപറഞ്ഞത്. മിഡ് ഫീൽഡിൽ പുതുതായെത്തിയ ക്രിസ്ത്യാനോ റൊണാൾഡോയുടെ ശൈലിയോടു യോജിക്കാൻ ശ്രമിക്കാതിരുന്നത് അയാളെ ഫെർഗുസന്റെ കണ്ണിലെ കരടാക്കിമാറ്റി. 2006ൽ സീസണിലെ അവസാനമത്സരം കളിയ്ക്കാതെ സാന്റിയാഗോ ബെർണബ്യുവിലേക്കു വണ്ടി കയറുമ്പോഴേക്കും ചുവന്ന ചെകുത്താന്മാർക്കുവേണ്ടി നൂറ്റിയൻപതു മത്സരങ്ങളിൽനിന്നും അയാൾ തൊണ്ണൂറ്റിയഞ്ചു ഗോളുകൾ നേടിയിരുന്നു. മത്സര/ഗോൾ ശരാശരിയിൽ ഇന്നും മാഞ്ചസ്റ്റർ യൂണൈറ്റഡിനുവേണ്ടി ഏറ്റവും മികച്ചത്.

റയൽ മാഡ്രിഡിലെ പരിക്കുകൾ വില്ലനായ നാലു വർഷങ്ങൾ. വെറും അറുപത്തിയെട്ടു മത്സരങ്ങൾമാത്രം കളിച്ചെങ്കിലും അവയിൽനിന്നും നാൽപത്തിയാറു ഗോളുകൾ. ഹാംബർഗറിലും മലാഗയിലും ഓരോ വർഷങ്ങൾവീതം ചിലവഴിച്ചശേഷം പടിയിറക്കം. ഇതിനിടെ ഓറഞ്ചുപടയ്ക്കായി എഴുപതു മത്സരങ്ങളിൽ നിന്നും മുപ്പത്തിയഞ്ചു ഗോളുകൾ. ഇരതേടുന്ന പരുന്തിനെപ്പോലെ എന്നുമയാൾ എതിർ ഗോൾമുഖങ്ങളിൽ വട്ടമിട്ടുപറന്നു. ഗോൾവലയെ ആക്രമിച്ചുകീഴടക്കുന്നതിൽ എന്നുമയാൾ വിജയിച്ചുകെണ്ടേയിരുന്നു.

വർഷമൊരുപാടു കഴിഞ്ഞു. ബെക്കാമും റൂണിയും റൊണാൾഡോയുമൊക്കെ സ്വപ്നങ്ങളുടെ നാടകശാലയെ സുവർണനിമിഷങ്ങളാൽ സമ്പന്നമാക്കി അരങ്ങൊഴിഞ്ഞുപോയി. എങ്കിലും ഓൾഡ് ട്രാഫോർഡിലെ ഏറ്റവും നല്ല ഓർമ, അതു റൂഡ് വാൻ നിസ്റ്റൽറൂയി സമ്മാനിച്ച നാവിലിനിയും കിനിയുന്ന ഓറഞ്ചുമധുരമാണ്.

Leave a comment