ലൂക്കസ് ടൊറേറ മിലാനിലേക്ക് ചേക്കേറിയേക്കും
2018 ൽ ഇറ്റാലിയൻ ക്ലബ് ആയ സാംപോർടിയായിൽ നിന്ന് ലണ്ടനിൽ എത്തിയ ഉറുഗ്വേയ് താരമാണ് 24 വയസ്സുള്ള ടൊറേറ. ആദ്യ സീസണിൽ എമെറിയുടെ ടീമിലെ സാന്നിധ്യമായിരുന്നു അദ്ദേഹം. ആഴ്സണൽ ആരാധകർ ഗിൽബെർട്ടോ സിൽവക്ക് ശേഷം ക്ലബ് വാങ്ങിയ ഏറ്റവും മികച്ച ഹോൾഡിങ് മിഡ്ഫീൽഡർ എന്ന പദവിയും നൽകിയിരുന്നു.
എന്നാൽ ഈ സീസണിൽ എമെറിയുടെ പദ്ധതികളിൽ സ്ഥാനം പിടിക്കാൻ താരത്തിന് സാധിച്ചില്ല. പിന്നീട് വന്ന ആർട്ടെടാ ആകട്ടെ ക്ഷാക്ക – സെബെയോസ് കൂട്ടുകെട്ടാണ് കൂടുതൽ പരീക്ഷിച്ചത്. ആയതിനാൽ പലപ്പോഴും ബെഞ്ചിൽ ആയിരുന്നു താരത്തിന്റെ സ്ഥാനം. കൗമാരക്കാരൻ ഗന്ധുസിയും താരത്തിന് ടീമിൽ കനത്ത വെല്ലുവിളികൾ ഉയർത്തുന്നു. അടുത്ത സീസണിൽ അർട്ടേറ്റ, തോമസ് പാർട്ടേയ് യെ അത്ലറ്റികോ മാഡ്രിഡിൽ നിന്ന് ആഴ്സണലിൽ എത്തിച്ചാൽ അവസരങ്ങൾക്കായുള്ള മത്സരം കനക്കും.
മാത്രമല്ല ഇംഗ്ലീഷ് ഭാഷ ലൂക്കസ് ഇത് വരെ നന്നായി പഠിച്ചെടുത്തിട്ടില്ല. ഇംഗ്ലീഷ് ജീവിത ശൈലികളെക്കാൾ താരം ഇഷ്ടപ്പെടുന്നത് ഇറ്റാലിയൻ ശൈലിയുമാണ്. ഇതെല്ലം മുതലെടുക്കാനാണ് എ.സി.മിലാൻ ശ്രമിക്കുന്നത്. 35 മില്യൺ യൂറോ കൊടുത്താൽ താരത്തിനെ വിട്ട് നല്കാൻ ആഴ്സണൽ തയ്യാറായേക്കും എന്നാണ് സൂചന.






































