Epic matches and incidents Foot Ball Stories Top News

ക്യാമ്പ് നൗവിൽ ചെൽസി കാട്ടിയ ഹീറോയിസം ഒന്നും വേറെ ആരും കാട്ടിയിട്ടില്ല

April 3, 2020

ക്യാമ്പ് നൗവിൽ ചെൽസി കാട്ടിയ ഹീറോയിസം ഒന്നും വേറെ ആരും കാട്ടിയിട്ടില്ല

കൌണ്ടർ അറ്റാക്കിന്റെ എല്ലാ മനോഹാരിതയും ഉള്ള ഒരു മത്സരം ചൂണ്ടി കാണിക്കാൻ പറഞ്ഞാൽ അത് 2012 ലെ ബാഴ്സ ചെൽസി മത്സരം എന്ന് നിശംസയം പറയാൻ സാധിക്കും. രണ്ട് ഗോളുകൾക്ക് പിന്നിലുണ്ടായിരുന്ന ചെൽസി പത്ത് പേരിലേക്ക് ചുരുങ്ങിയിട്ടും 2 ഗോൾ തിരിച്ചടിച്ച്, 3 -2 എന്ന അഗ്ഗ്രിഗേറ്റ് സ്കോറിന്റെ പിൻബലത്തിൽ ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്ക് യോഗ്യത നേടിയ മത്സരമായിരുന്നു അത്.

ഒരു മധുര പ്രതികാരം കൂടി ആയിരുന്നു ചെൽസിക്ക് അത്. 2009 ലെ സെമി ഫൈനലിൽ റഫറീയുടെ മുടന്തൻ തീരുമാനങ്ങൾ കാരണം കണ്ണുനീർ നനഞ്ഞാണ്‌ ചെൽസി താരങ്ങൾ സെമി ഫൈനൽ തോൽവി വരവേറ്റത്. ക്യാമ്പ് നൗവിൽ അവർ പ്രതികാരത്തിനായി പൊരുതിയപ്പോൾ സാവിയും, ഇനിയേസ്റ്റയും, മെസ്സിയുമടങ്ങിയ ബാഴ്സക്ക് മറുപടി ഇല്ലാതെയായി. ഫൈനലിൽ ചെൽസി ബയേണിനെ മലത്തിയടിച്ചു തങ്ങളുടെ കന്നി ചാമ്പ്യൻസ് ലീഗ് കിരീടം ചൂടുകയും ചെയ്തു.

 

ഒരു ഗോളിന്റെ നേരിയ ലീഡുമായിട്ടാണ് ചെൽസി രണ്ടാം പാദ മത്സരത്തിന് ക്യാമ്പ് നൗവിൽ ഇറങ്ങുന്നത്. 15 ആം മിനുട്ടിൽ ഡിഫൻഡർ ഗാരി കാഹിൽ പരിക്ക് മൂലം പുറത്തേക്ക് പോയപ്പോൾ ചെൽസിക്ക് ആദ്യ പ്രഹരമായി. 35 ആം മിനുട്ടിൽ ബുസ്കെറ്സ് ബാഴ്‌സയെ മുന്നിൽ എത്തിച്ചു. തൊട്ടടുത്ത മിനുട്ടിൽ സാഞ്ചെസിനെ പുറകിൽ നിന്ന് കാൽമുട്ട് കൊണ്ട് ആക്രമിച്ചതിന് ജോൺ ടെറി ചുവപ്പ് കാർഡ് കണ്ടു പുറത്തു പോയി. തങ്ങളുടെ രണ്ടു പ്രധാന പ്രധിരോധക്കാരില്ലാതെ ശിഷ്ടം 55 മിനുട്ട് ചെൽസിക്ക് പോരാടേണ്ടി വന്നു. 43 ആം മിനുട്ടിൽ ഇനിയേസ്റ്റ ബാഴ്‌സയെ മുന്നിൽ എത്തിച്ചപ്പോൾ കളിയുടെ വിധി എല്ലാവരും എഴുതി.

എന്നാൽ തോറ്റു കൊടുക്കാൻ ചെൽസി തയ്യാറല്ലായിരുന്നു. ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ട് മുമ്പ് ലംപാടിന്റെ അതി മനോഹരമായ ഒരു പാസ് സ്വീകരിച്ചു ബ്രസീലിയൻ താരമായ റാമിറെസ് ചെൽസിക്ക് വേണ്ടി ഒരു ഗോൾ തിരിച്ചടിച്ചു. അതോടെ ആവേ ഗോളിന്റെ മേൽകൈ ചെൽസിക്ക് സ്വന്തമായി. ആ സീസണിലെ ചെൽസിയുടെ ഏറ്റവും മികച്ച ഗോളുകളിൽ ഒന്നായി പിന്നീട് ആ ഗോൾ തിരഞ്ഞെടുക്കപ്പെട്ടു.

രണ്ടാം പകുതിയിൽ എന്ത് വില കൊടുത്തും ചെറുത്ത് നിൽക്കാനുള്ള ചെൽസിയുടെ തീരുമാനത്തെ ബാഴ്സ മറികടക്കാനുള്ള ശ്രമമാണ് കണ്ടത്. വെറും 20 % ബോൾ പോസ്സെഷൻ ആണ് ചെൽസി ആ കളിയിൽ നിലനിർത്തിയത്. 48 ആം മിനുട്ടിൽ ഫാബ്രെഗസിനെ ഫൗൾ ചെയ്തതിന് കിട്ടിയ പെനാൽറ്റി മെസ്സി എടുക്കാൻ വന്നപ്പോൾ എല്ലാവരും ചെൽസിയെ എഴുതി തള്ളിയിരുന്നു. എന്നാൽ പീറ്റർ ചെക്ക് എന്ന വൻ മതിൽ അവസരത്തിന് ഒത്തു ഉണർന്ന് പെനാൽറ്റി സേവ് ചെയ്തു. ആ മത്സരത്തിൽ ചെക്കിന്റെ കരങ്ങളും കാലുകളും ബാഴ്‌സയെ ചില്ലറ ഒന്നുമല്ല ചൊടിപ്പിച്ചത്. പിന്നീടങ്ങോട്ട് 10 ചെൽസി താരങ്ങളും ബാഴ്സയുടെ ആക്രമണത്തെ ചെറുത്തു തോൽപ്പിച്ചു. 92 ആം മിനുട്ടിൽ ബാഴ്സയുടെ അവസാന കോർണർ കിക്ക്‌. ഗോൾ കീപ്പർ ഒഴികെ 10 താരങ്ങളും ചെൽസിയുടെ പകുതിയിൽ. തനിക്ക് കിട്ടിയ ലോങ്ങ് പാസ് ബാഴ്സ ഗോൾ കീപ്പർ വാൽഡസിനെ മറികടന്ന് ഫെർണാഡോ ടോറസ് വല ചലിപ്പിച്ചപ്പോൾ ഫുട്ബാൾ കണ്ട എക്കാലത്തെയും മികച്ച ചെറുത്തു നില്പിനു് നാടകിയ അന്ത്യം.

Leave a comment