“തന്റെ മികവ് പ്രകടിപ്പിക്കാൻ ഏറ്റവും മികച്ച ടീമിനെ തന്നെ തിരഞ്ഞെടുത്ത കളിക്കാരനായിരുന്നു വി.വി.സ്.”
ദ്രാവിഡിനെ “മഹനീയം”, സച്ചിനെ “അത്യുജ്ജ്വലം ” എന്നൊക്കെ വിശേഷണങ്ങൾ നൽകുമ്പോൾ വി വി സ് ലക്ഷ്മൺ എന്ന കളിക്കാരന് യോജിച്ച ഒരു വാക്ക് ” അത്ഭുതം” എന്നാണ്. ഒരു കാലത്ത് ക്രിക്കറ്റ് ലോകത്തെ തന്നെ വിറപ്പിച്ചിരുന്ന ഓസ്ട്രേലിയക്ക് എതിരെയാണ് ആ അത്ഭുതങ്ങൾ കൂടുതലും ഫലവത്തായതു എന്നതാണ് മറ്റാരു അത്ഭുതം.
ഈഡൻ ഗാർഡനിൽ ഇന്ത്യയെ പ്രതിസന്ധിയിൽ നിന്നും ഉയർത്തിയ 281 റൺസ്, ദ്രാവിഡിന് ഒപ്പമുള്ള 178 റൺസ്, 49 എന്ന ആവറേജ്, ആറു സെഞ്ചുറികൾ, 12 അർദ്ധസെഞ്ചുറികൾ ഇവയെല്ലാം ലോകത്തിലെ മികച്ച ടീമിനെതിരെ നേടിയ ലക്ഷ്മന്റെ നേട്ടങ്ങൾ ആയിരുന്നു എങ്കിലും അതിൽ ഏറ്റവും മികച്ച ഒന്നോടു കൂടിയാണ് അദ്ദേഹം തുടങ്ങിയത്. #vimalT
1999 – 00 ലെ സീരിയസിൽ 0 – 2 നു തോറ്റു നിൽക്കുമ്പോഴാണ് ലക്ഷ്മന്റെ ആദ്യ സെഞ്ച്വറി, ആ ഇന്നിംഗിസോടെ ലോകക്രിക്കറ്റ് അദ്ദേഹത്തെ “വെരി വെരി സ്പെഷ്യൽ” എന്ന് വിളിച്ചു തുടങ്ങി. എന്നാൽ ആ കളിയിൽ ഇന്ത്യ ഇന്നിങ്സിനും 141 റൺസിനും തോറ്റു. സഹ-കളിക്കാരാരും 25 റൺസിന് മുകളിൽ നേടാത്ത ഒരു സാഹചര്യത്തിൽ വിസ്മയിക്കത്തക്ക ആ ഉജ്ജ്വല ഇന്നിംഗ്സ് ശരിക്കും ഒരു സ്പെഷ്യൽ ആയിരുന്നു.
ഒരു പുതിയ നൂറ്റാണ്ടിലെ ആദ്യ ടെസ്റ്റ് പകുതിയിൽ നിൽക്കുന്നു, ഇന്ത്യയാണെങ്കിൽ കഴിഞ്ഞ 100 വർഷത്തെ കണക്കുകൾ പ്രകാരം ഒരു പ്രതീക്ഷയും ഇല്ലാതെ നിൽക്കുകയും.
സീരിയസിൽ 2 – 0 ത്തിനു പുറകിൽ എന്നതിൽ അപ്പുറം 402 റൺസിന്റെ ഒന്നാം ഇന്നിങ്സിന്റെ ലീഡും വഴങ്ങിയ സന്ദർശകർക്ക് അഭിമാനിക്കാൻ എന്തെങ്കിലും ഉണ്ടാകുമോ എന്ന് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്ന നാലാം ദിവസം . ദ്രാവിഡ്, സച്ചിൻ, ഗാംഗുലി എന്നിവർ വെറും 29 റൺസിന്റെ സമ്പാദ്യവുമായി ഉച്ചഭക്ഷണത്തിന് മുൻപേ പവലിയനിൽ എത്തിയ സാഹചര്യത്തിൽ 16 ടെസ്റ്റുകളിൽ വെറും 25 മാത്രം ആവറേജുള്ള താത്കാലിക ഓപ്പണറായ ലക്ഷമണനിൽ നിന്നും ഇത്രയും മനോഹരമായ ഇന്നിംഗ്സ് അപ്രതീഷിതമായിരുന്നു. എല്ലാ നാണക്കേടിനെയും മറയ്ക്കാൻ ആ ഇന്നിംഗ്സ് ഇന്ത്യക്കാർക്ക് പ്രചോദനമായി.
ഈ 25 വയസുകാരൻ ഗ്രൗണ്ടിന് മധ്യത്തിൽ ചിലവഴിച്ച നാലു നാലര മണിക്കുറുകളിൽ സിഡ്നിയിലെ ജനക്കൂട്ടത്തിെൻറ ഊഷ്മളമായ കരഘോഷത്തിന്റെ അകമ്പടിയോടെ 11 ഓസ്ട്രേലിയൻ ടീം അംഗങ്ങളെ കാഴ്ചക്കാരാക്കി അതിർത്തി കടന്ന ബോളുകൾ 27 എണ്ണമായിരുന്നു.
കാഴ്ചയിൽ ഗ്രൗണ്ടിൽ ധരാളം വിടവുകൾ ഉണ്ടായിരുന്നു എങ്കിലും അവ കണ്ടെത്തുക അസാധ്യമായിരുന്നു .
ഒഴിഞ്ഞു കിടക്കുന്ന ഓഫ് സൈഡ് നെ കാണിച്ചു ഭയപ്പെടുത്തി സ്റ്റീവ് വോ, ഓപ്പണിങ് ബൗളിംഗ് ചെയ്ത ഗ്ലെൻ മക്ഗ്രാത്തിന് ഗിൽക്രിസ്റ്റിനെ കൂടാതെ 6 കളിക്കാരെ വിക്കറ്റിന് പിന്നിൽ നിർത്തിയായിരുന്നു ആക്രമണത്തിന് തുടക്കം കുറിച്ചത്. ക്ഷണം സ്വീകരിച്ച ലക്ഷ്മൺ, മക്ഗ്രാത്തിനോടു സൗമ്യനായിരുന്നു എങ്കിലും കൂട്ടാളി ഡാമിയൻ ഫ്ലെമിങ്ങിനെയും യുവ ഫാസ്റ്റ് ബൗളർ ബ്രെറ്റ് ലീയെയും ബാറ്റിന്റെ ചൂട് അറിയിച്ചു കൊടുത്തു. ഒരവസരത്തിൽ 5 ഓവറിൽ നിന്നും 50 റൺസിന് മുകളിൽ ലീക്ക് എതിരെ സ്കോർ ചെയ്തിരുന്നു.
തുടക്കത്തിൽ ഒരു ബോള് ലക്ഷ്മന്റെ ഹെൽമെറ്റിന്റെ മുഖംമറയിൽ തട്ടിയിരുന്നു എങ്കിലും പിന്നീട് പതിവായി സ്ക്വയർ ലെഗിന് മുൻപിലൂടെ പുൾ ഷോട്ടുകൾ പായിക്കുന്നതിലൂടെ താൻ അങ്ങനെ ഭയപ്പെടുന്ന ആൾ അല്ലെന്നു ഓസ്ടേലിയക്കാർക്ക് മനസിലാക്കി കൊടുത്തു. ഷെയിൻ വോണിനെ കൈകുഴയുടെ മാജിക് കൊണ്ട് പലപ്പോഴായി അതിർത്തി കടത്തിയ ആ ഇന്നിംഗ്സ്, ഒരു വർഷത്തിനുശേഷം ഈഡൻ ഗാർഡനിൽ അരങ്ങേറിയതിന്റെ ഒരു കരടുപതിപ്പ് ആയിരുന്നു.
ഒരു ഘട്ടത്തിൽ റിക്കി പോണ്ടിംഗിനെയും മൈക്കിൾ സ്ലേറ്ററിനെയും സ്റ്റീവ് വോക്ക് ഉപയോഗിക്കേണ്ടി വന്നത് ലക്ഷ്മണിന്റെ ഓസ്ടേലിയൻ ബൗളിംഗ് ആക്രമണത്തിന് മുകളിലുള്ള അധികാര്യകതയാണ് വ്യക്തമാക്കുന്നത്.
ഓസ്ട്രേലിയുടെ പ്രതാപകാലത്തു സ്റ്റീവ് വോയുടെ പടയാളികൾക്ക് വിശ്രമരഹിതമായ ഒരു ദിവസം സമ്മാനിച്ച വി വി സ് ലക്ഷ്മണിന്റെ ആ ഇന്നിംഗ്സ് വോയുടെ അഭിന്ദനങ്ങൾ ഏറ്റുവാങ്ങിയ ഒരു ഇന്നിംഗ്സ് കൂടി ആയിരുന്നു ..
ഇന്ത്യയുടെ 261 റൺസിൽ 167(198) റൺസ് ലക്ഷ്മണിന്റെ വകയായിരുന്നു…(64%) ..
എഴുതിയത് വിമൽ താഴെത്തുവീട്ടിൽ