കോവിഡ്-19: നിര്‍ണായക തീരുമാനമെടുത്ത് ഇംഗ്ലണ്ട് ക്രിക്കറ്റ്
കോവിഡ്-19 ഭീതി പരത്തുന്ന സാഹചര്യത്തില്‍ നിര്‍ണ്ണായക തീരുമാനവുമായി ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ്. മേയ് 28 വരെ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ പാടില്ലെന്നാണ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിരിക്കുന്നത്. സാഹചര്യം പരിഗണിച്ച് ജൂണ്‍, ജൂലൈ മാസത്തില്‍ മത്സരങ്ങള്‍ നടത്താമെന്നും അതുവരെയുള്ള എല്ലാ മത്സരങ്ങളും മാറ്റിവെക്കുകയാണ്.
ഇതനുസരിച്ച് വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയും ട്വന്റി 20 ബ്ലാസ്റ്റ്, ഇംഗ്ലണ്ട് – ഇന്ത്യ വനിതാ ടീമുകള്‍ തമ്മിലുള്ള മത്സരവും മാറ്റിവെക്കും. ഇത്തരമൊരു തീരുമാനമാണെന്നും വിശദമായ പഠനത്തിന് ശേഷം മാത്രമെ ടൂര്‍ണമെന്റ് പുനരാരംഭിക്കുകയുള്ളുവെന്നും ഇസിബി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ടോം ഹാരിസണ്‍ പറഞ്ഞു.
മത്സരങ്ങള്‍ നടത്തുന്നതിലുപരിയായി താരങ്ങളുടെ ആരോഗ്യത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പബ്ബുകളും, കഫെകളും റസ്റ്റോറന്റും അടച്ചിടാന്‍ യുകെ പ്രധാന മന്ത്രി ബോറിസ് ജോണ്‍സ് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.
നിലവില്‍ കുടുംബത്തോടൊപ്പമാണ് താരങ്ങളെല്ലാം ഉള്ളത്. പേസ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്സണ്‍ മകളെ എടുത്തുയര്‍ത്തി വ്യായാമം ചെയ്യുന്ന ചിത്രങ്ങളും വീഡിയോയും താരം സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവെച്ചിരുന്നു. ജോസ് ബട്ലര്‍ തന്റെ ടെസ്റ്റ് ജഴ്സിയണിഞ്ഞ് വീട്ടില്‍ വ്യായാമം ചെയ്യുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.