പെണ്‍പൂരത്തിന് നാളെ കൊട്ടിക്കലാശം, ഷഫാലി ഇന്ത്യയുടെ വജ്രായുധം
മെല്‍ബണ്‍: വനിതാ ട്വന്റി 20 ലോകകപ്പില്‍ കലാശപ്പോരിന് ഇന്ത്യന്‍ പെണ്‍പുലികള്‍ നാളെ ഇറങ്ങുന്നു. നിലവിലെ ചാമ്പ്യന്മാരും ആതിഥേയരുമായ ഓസ്ട്രേലിയയാണ് ആദ്യമായി വനിതാ ട്വന്റി 20 ഫൈനലില്‍ ഇറങ്ങുന്ന ഇന്ത്യയുടെ എതിരാളികള്‍. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 12.30 -നാണ് ഫൈനല്‍ ആരംഭിക്കുന്നത്.
തോല്‍വിയറിയാതെയാണ് ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ഇന്ത്യ ഫൈനലില്‍ ഇറങ്ങുന്നത്. മറുഭാഗത്ത് ആദ്യ കളിയിലെ തോല്‍വിക്കു ശേഷമാണ് ഓസീസ് ശക്തമായ തിരിച്ചുവരവ് നടത്തി ഫൈനലിലേക്കു കുതിച്ചത്.
വനിതകളുടെ ട്വന്റി 20 ലോകകപ്പ് ഓസ്ട്രേലിയയാണ് കുത്തകയാക്കി വച്ചിരിക്കുന്നത്. ഇതുവരെ നടന്ന ആറു ലോകകപ്പുകളില്‍ നാലിലും ഓസീസിനായിരുന്നു കിരീയം. ഇംഗ്ലണ്ടും ഓസ്ട്രേലിയയും ഓരോ തവണ വീതം ജേതാക്കളായിട്ടുണ്ട്. അതേസമയം, ഇന്ത്യയുടെ ആദ്യത്തെ ഫൈനല്‍ പ്രവേശനം കൂടിയാണ് ഈ ടൂര്‍ണമെന്റ്. നേരത്തേ സെമി ഫൈനലിന് അപ്പുറം കടക്കാന്‍ ഇന്ത്യക്കായിരുന്നില്ല.
ഉെദ്ഘാടന മല്‍സരത്തിന്റെ റീപ്ലേ കൂടിയാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഫൈനല്‍. അന്ന് ഓസീസിനെ ഞെട്ടിച്ചു കൊണ്ടായിരുന്നു ഇന്ത്യ ടൂര്‍ണമെന്റില്‍ തുടങ്ങിയത്. 17 റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നാലു വിക്കറ്റിന് 132 റണ്‍സായിരുന്നു നേടിയത്. മറുപടിയില്‍ ബൗളര്‍മാര്‍ അരങ്ങുവാണപ്പോള്‍ ഒരു പന്ത് ബാക്കിനില്‍ക്കെ 115 റണ്‍സിന് ഓസീസ് പുറത്താവുകയായിരുന്നു.
സെമി ഫൈനല്‍ പോലും കളിക്കാതെയാണ് ഇത്തവണ ഇന്ത്യ കലാശപ്പോരിന് എത്തിയിരിക്കുന്നത്. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യത്തെ സെമി ഫൈനല്‍ മഴയെ തുടര്‍ന്ന് ടോസ് പോലും നടത്താതെ ഉപേക്ഷിക്കുകയായിരുന്നു. പ്രാഥമിക റൗണ്ടില്‍ കൂടുതല്‍ പോയിന്റ് നേടിയ ടീമെന്ന നിലയില്‍ ഇന്ത്യ ഫൈനലില്‍ കടക്കുയായിരുന്നു. അതേസമയം, രണ്ടാം സെമിയില്‍ ദക്ഷിണാഫ്രിക്കയെ മഴ നിയമപ്രകാരം അഞ്ചു റണ്‍സിന് ഓസീസ് മറികടക്കുകയായിരുന്നു.
ഫൈനലില്‍ ഓസ്ട്രേലിയയുടെ എതിരാളികള്‍ ഇന്ത്യ ആയതു കൊണ്ടു തന്നെ മല്‍സരത്തിന് കാണികള്‍ ഒഴുകിയെത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. അവസാനമായി ഓസീസ് സ്വന്തം നാട്ടില്‍ ലോകകപ്പ് ഫൈനല്‍ കളിച്ചപ്പോള്‍ വെറും 3000 കാണികള്‍ മാത്രമേ സ്റ്റേഡിയത്തില്‍ എത്തിയിരുന്നുള്ളൂ..
ടൂര്‍ണമെന്റിലെ സെന്‍സേഷനായി മാറിയ 16 കാരി ഷഫാലി വര്‍മയും സ്പിന്നര്‍മാരുമാണ് ഫൈനലില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടുകള്‍. ടൂര്‍ണമെന്റില്‍ ഇന്ത്യ ഇതുവരെ കളിച്ച നാലു മല്‍സരങ്ങളിലും ഷഫാലി മികച്ച ബാറ്റിങ് കാഴ്ചവച്ചിരുന്നു. താരതമ്യേന ചെറിയ സ്കോര്‍ പോലും പ്രതിരോധിച്ചു ജയിക്കാന്‍ ഇന്ത്യയെ സഹായിച്ചത് സ്പിന്നര്‍മാരായിരുന്നു. നാലു കളികളില്‍ നിന്നു ഒമ്പത് വിക്കറ്റെടുത്ത പൂനം യാദവാണ് ഇന്ത്യന്‍ സ്പിന്‍ ബൗളിങിന്റെ കരുത്ത്.