വനിതാ ട്വന്റി 20 ലോകകപ്പ്: ഇഗ്ലണ്ട് സെമിയില്‍, വിന്‍ഡീസ് പുറത്ത്
മെല്‍ബണ്‍: വനിതാ ട്വന്റി ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനെ തോല്‍പ്പിച്ച് ഇംഗ്ലണ്ട് സെമി ഫൈനലില്‍ കടന്നു. ഗ്രൂപ്പ് ബിയിലെ തങ്ങളുടെ അവസാന മത്സരത്തില്‍ 47 റണ്‍സിനാണ് ഇംഗ്ലണ്ട് ജയിച്ചത്.
തോല്‍വിയോടെ വെസ്റ്റിന്‍ഡീസ് പുറത്തായി. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുത്തപ്പോള്‍ വെസ്റ്റിന്‍ഡീസ് 17.1 ഓവറില്‍ എല്ലാവരും പുറത്തായി.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനുവേണ്ടി ഡാനിയേല വ്യാറ്റ് (29), നതാലിയ സ്‌കൈവര്‍ (57), ഹെതര്‍ നൈറ്റ് (17), അമി ജോണ്‍സ് (23), കാതറീന്‍ ബ്രണ്ട് (10) എന്നിവര്‍ സ്‌കോര്‍ ചെയ്തു. ഇംഗ്ലണ്ട് ബാറ്റിംഗ് നിരയെ ‘നിലയ്ക്കുനിര്‍ത്താന്‍’ വെസ്റ്റിന്‍ഡീസ് ബൗളിങ് ടീമിന് കഴിഞ്ഞില്ല. അവസാന ഓവറുകളിലെ റണ്ണൊഴുക്കും ഇംഗ്ലണ്ടിന് താരതമ്യേന മികച്ച സ്‌കോര്‍ സമ്മാനിച്ചു.
സെമി സാധ്യത ഉറപ്പാക്കാന്‍ ജയം അനിവാര്യമായിരുന്ന വിന്‍ഡീസ് തുടക്കം മുതലേ ബാറ്റിംഗില്‍ പതറി. ഹെയ്ലി മാത്യൂസ് (10), സ്റ്റെഫാനി ടെയ്ലര്‍ (15), ബ്രിട്നി കൂപ്പര്‍ (15), ലീ ആന്‍ കിര്‍ബി (20), ആലിയ അലെയ്നി (10) എന്നിവര്‍ മാത്രമാണ് വിന്‍ഡീസ് നിരയില്‍ രണ്ടക്കംകടന്നത്. മൂന്ന് കളിക്കാര്‍ റണ്ണൊന്നുമെടുക്കാതെ പുറത്തായി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ സോഫി എക്കല്‍സ്റ്റോണും രണ്ട് വിക്കറ്റ് നേടിയ സാറ ഗ്ലെന്നുമാണ് ഇംഗ്ലണ്ടിന്റെ വിജയശില്‍പികള്‍.