രണ്ടാം ടെസ്റ്റ്, രണ്ടാം ദിനം സ്വന്തമാക്കനുറച്ച് കോലിപ്പട
ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിലെ രണ്ടാംദിനത്തില്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ. ഹാഗ്ലി ഓവല്‍ മൈതാനത്ത് ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും പിടിമുറുക്കിയപ്പോള്‍ കിവിപ്പടയുടെ മുന്‍നിര വീണത് പെട്ടെന്ന്. രണ്ടാം സെഷനോടെ എട്ടു കിവീസ് ബാറ്റ്സ്മാന്‍മാരെയാണ് ഇന്ത്യ പുറത്താക്കിയത്.
ജസ്പ്രീത് ബുംറ് മൂന്നു വിക്കറ്റെടുത്തു. മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും രണ്ടു വിക്കറ്റു വീതം നേടി. ഉമേഷ് യാദവ് ഒരു വിക്കറ്റ് സ്വന്തം പേരിലാക്കി. രണ്ടാം ഇന്നിംഗ്‌സില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 12 റണ്‍സ് എടുത്തിട്ടുണ്ട്. മൂന്നു റണ്‍സെടുത്ത മായങ്ക് അഗര്‍വാളാണ് ഔട്ടായത്.
ഉമേഷ് യാദവാണ് ഓപ്പണര്‍ ടോം ബ്ലണ്ടലിനെ (77 പന്തില്‍ 30) വിക്കറ്റിന് മുന്നില്‍ കുരുക്കി ഇന്ത്യയ്ക്ക് ആദ്യ ‘ബ്രേക്ക് ത്രൂ’ സമ്മാനിച്ചത്. കഴിഞ്ഞ മത്സരത്തിലെ ഹീറോ, കെയ്്ന്‍ വില്യംസണിനെ (എട്ടു പന്തില്‍ മൂന്ന്) ക്രീസില്‍ നിലയുറപ്പിക്കാന്‍ ബുംറ അനുവദിച്ചില്ല. ഓഫ് സ്റ്റംപിന്് വെളിയിലൂടെ മൂളിപ്പാഞ്ഞ ബുംറയുടെ പന്തില്‍ അനാവശ്യമായി ഷോട്ടു കളിക്കാന്‍ മുതിരുകയായിരുന്നു വില്യംസണ്‍. പന്ത് ബാറ്റില്‍ ഉരസി റിഷഭ് പന്തിന്റെ കൈകളില്‍ ഭദ്രമായെത്തി. ടോം ലാതമിനൊപ്പം ചേര്‍ന്ന് ഇന്നിങ്സ് പടുത്തുയര്‍ത്താന്‍ ശ്രമിച്ച റോസ് ടെയലര്‍ക്ക് (37 പന്തില്‍ 15) ജഡേജ അന്തകനായി. ജഡേജയ്ക്ക് എതിരെ ക്രീസില്‍ ഇറങ്ങി കളിക്കാന്‍ ശ്രമിച്ചതാണ് ടെയ്ലര്‍ക്ക് വിനയായത്.
44 ആം ഓവറില്‍ ടോം ലാതം (122 പന്തില്‍ 52) വീണു. ഇതോടെ ന്യൂസിലാന്‍ഡ് പരുങ്ങി. ഓഫ് സ്റ്റംപിന് വെളിയില്‍ കുത്തിയ ഷമിയുടെ പന്ത് ലാതമിന്റെ സ്റ്റംപ് പിഴുതെടുക്കുകയായിരുന്നു. നിരുപദ്രവകരമായി കടന്നുപോകുമെന്ന് കരുതി പന്തിനെ പ്രതിരോധിക്കാന്‍ മുതിരാഞ്ഞതാണ് ലാതമിന് പറ്റിയ തെറ്റ്. ഷമിയുടെ അപ്രതീക്ഷിത ഇന്‍സ്വിങ്ങില്‍ ന്യൂസിലാന്‍ഡ് താരം പകച്ചുപോയി.
ഹെന്റി നിക്കോള്‍സിനെ (27 പന്തില്‍ 14) ഷമിയും ബിജെ വാട്ട്ലിങ്ങിനെ (16 പന്തില്‍ പൂജ്യം) ബുംറയും മടക്കിയ സാഹചര്യത്തില്‍ ആതിഥേയര്‍ അപകടം മണത്തു. കോളിന്‍ ഡി ഗ്രാന്‍ഡോമും കൈല്‍ ജാമിസണും ചേര്‍ന്നാണ് ശേഷം രക്ഷാദൗത്യം ഏറ്റെടുത്തത്. മുഖം കാണിക്കാനെത്തിയ ടിം സോത്തിയ്ക്ക് (രണ്ടു പന്തില്‍ പൂജ്യം) ബുംറ മടക്ക ടിക്കറ്റ് നല്‍കി. ഗ്രാന്‍ഡോമിനെ (44 പന്തില്‍ 26) ജഡേജയാണ് വീഴ്ത്തിയത്.