തൊട്ടതെല്ലാം പിഴച്ച്, പരസ്പരം പഴിച്ച് ഇന്ത്യ
ന്യൂസിലാന്‍ഡ് ബൗളര്‍മാര്‍ക്ക് മുന്നില്‍ ഒരിക്കല്‍കൂടി കോലിയും സംഘവും മുട്ടുമടക്കി. സ്വന്തം നാട്ടിലെ വരണ്ട പിച്ചുകളില്‍ റണ്‍സുകള്‍ വാരിക്കൂട്ടിയ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ ഹാഗ്ലി ഓവല്‍ മൈതാനത്തെ പച്ചപ്പ് നിറഞ്ഞ പിച്ചില്‍ വഴുതി വീണു. വെല്ലിംഗ്ടണ്‍ ടെസ്റ്റിന്റെ ആവര്‍ത്തനം തന്നെയാണ് ക്രൈസ്റ്റ്ചര്‍ച്ചിലും കണ്ടത്. ഇതിനിടെ നിശബ്ദമായുള്ള പരസ്പരം പഴിചാരലും കോലിയടക്കമുള്ള താരങ്ങള്‍ തമ്മിലുണ്ട്
ആദ്യ ദിനം മുഴുവന്‍ ബാറ്റുചെയ്യാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. 63 ഓവര്‍കൊണ്ടുതന്നെ ന്യൂസിലാന്‍ഡ് പേസര്‍മാര്‍ ടീം ഇന്ത്യയെ ചുരുട്ടിക്കൂട്ടി. ടോസ് ജയിച്ച ന്യൂസിലാന്‍ഡ് ഇന്ത്യയെ ബാറ്റിംഗിന് വിടുകയായിരുന്നു. ഭാഗ്യവും തന്ത്രവും കെയ്ന്‍ വില്യംസണിന് തന്നെ പിന്തുണ ഏകി. പൃഥ്വിയും മായങ്കും ചേര്‍ന്ന് മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് സമ്മാനിച്ചത്.
യുവതാരം പൃഥ്വി ഷാ സധൈര്യം ബാറ്റുവീശിയപ്പോള്‍ അഞ്ചോവറില്‍ ഇന്ത്യ 30 റണ്‍സ് തൊട്ടു. ഒരറ്റത്ത് മായങ്ക് പെട്ടെന്നു പുറത്തായതൊന്നും പൃഥ്വിയെ അലട്ടിയില്ല. സ്വതസിദ്ധമായ ശൈലിയില്‍ ക്ലാസ് ഷോട്ടുകള്‍ കളിച്ച ഇദ്ദേഹം അതിവേഗം അര്‍ധ സെഞ്ച്വറി നേടി. പറഞ്ഞുവരുമ്പോള്‍ ആദ്യ സെഷനില്‍ ഇന്ത്യയ്ക്കായിരുന്നു മേല്‍ക്കൈ. എന്നാല്‍, രണ്ടും മൂന്നും സെഷനുകളില്‍ ടീം ഇന്ത്യ കളി നഷ്ടപ്പെടുത്തി.
ദുര്‍ബലമായ ഷോട്ട് സെലക്ഷനാണ് ക്രൈസ്റ്റ്ചര്‍ച്ചില്‍ ഇന്ത്യയ്ക്ക് വിനയായത്. സ്റ്റംപിന് വെളിയില്‍ കൈല്‍ ജാമിസണ്‍ എറിഞ്ഞ പന്തിനെ പിന്തുടര്‍ന്ന് അടിക്കാന്‍ ചെന്നതായിരുന്നു പൃഥ്വി ഷാ. ഈ സമയത്തു ഫൂട്ട് വര്‍ക്കുണ്ടായില്ല. രണ്ടാം സ്ലിപ്പില്‍ ക്യാച്ച് സമ്മാനിച്ച് താരം മടങ്ങി.
അജിങ്ക്യ രഹാനെയുടെ ചിത്രവും വ്യത്യസ്തമല്ല. അരമണിക്കൂറിലേറെ ക്രീസില്‍ ചിലവഴിച്ച താരം ഓഫ് സ്റ്റംപിന് വെളിയിലൂടെ മൂളിപ്പറന്ന ടിം സോത്തിയുടെ പന്തിനെ അകാരണമായി ആക്രമിച്ചു. ഫലമോ, ഒന്നാം സ്ലിപ്പര്‍ റോസ് ടെയ്ലര്‍ക്ക് അനായാസമായ ക്യാച്ച് കിട്ടി.
ഇന്നിംഗ്സിന്റെ തുടക്കത്തില്‍ ന്യൂസിലാന്‍ഡ് കീപ്പര്‍ ബിജെ വാട്ട്ലിങ് നഷ്ടപ്പെടുത്തിയ ക്യാച്ചാണ് ഹനുമാ വിഹാരിക്ക് തുണയായത്. ഈ തെറ്റിന്് കിവികള്‍ക്ക് വിലകൊടുക്കേണ്ടിയും വന്നു. പൂജാരയുമൊത്ത് 81 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ടാണ് വിഹാരി പടുത്തുയര്‍ത്തിയത്. അര്‍ധ സെഞ്ച്വറിയും വിഹാരി പൂര്‍ത്തിയാക്കി. ഇതേസമയം, അലസമായ ഷോട്ടിലാണ് വിഹാരിയും വിക്കറ്റും കളഞ്ഞത്.
കൈല്‍ ജാമിസണിന്റെ ഫുള്‍ ലെംഗ്ത് പന്താണ് റിഷഭ് പന്തിന് വിനയായത്. ബാറ്റിന്റെ കീഴ്ഭാഗത്തുത്തട്ടിയ പന്ത് പന്തിന്റെ സ്റ്റംപുംകൊണ്ടുപോയി. ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യയുടെ ബാറ്റിങ് തകര്‍ച്ചയ്ക്ക് കാരണം പച്ചപ്പാര്‍ന്ന പിച്ചു മാത്രമല്ല, ബാറ്റ്സ്മാന്മാരുടെ മോശം ഷോട്ടുകള്‍ കൂടിയാണ്.
രണ്ടാം ടെസ്റ്റിലെ ആദ്യ ദിനം വിരാട് കോലിക്ക് എതിരെ കൃത്യമായ ഗെയിം പ്ലാന്‍ കിവികള്‍ നടപ്പിലാക്കുന്നതും ക്രിക്കറ്റ് ലോകം കണ്ടു. തുടര്‍ച്ചയായ ഔട്ട് സ്വിംഗറുകള്‍കൊണ്ടാണ് ടിം സോത്തി കോലിയെ എതിരേറ്റത്. ശേഷം പ്രയോഗിച്ച അപ്രതീക്ഷിത ഇന്‍സ്വിംഗറില്‍ കോലി വീണു.