രണ്ടാം ടെസ്റ്റിലും മിണ്ടാട്ടം മുട്ടി ഇന്ത്യ
ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ തുടക്കം അത്ര മികച്ചതല്ല. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 242 റണ്‍സില്‍ അവസാനിച്ചു.
പൃഥ്വി ഷായ്ക്കും ചേതേശ്വര്‍ പുജാരയ്ക്കും (54) മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചുനില്‍ക്കാനായത്. കെയ്ല്‍ ജാമിന്‍സന്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്‍ഡ് വിക്ക്റ്റ് നഷ്ടമില്ലാതെ 23 ഓവറില്‍ 63 റണ്‍സ് എടുത്തിട്ടുണ്ട്
അതേസമയം, മത്സരത്തില്‍ പുതിയ റെക്കോഡ് സ്വന്തമാക്കിയിരികകുകയാണ് യുവതാരം പൃഥ്വി ഷാ. 64 പന്തില്‍ എട്ട് ഫോറും ഒരു സിക്സും ഉള്‍പ്പെടെ 54 റണ്‍സ് നേടിയതോടെ ന്യൂസീലന്‍ഡില്‍ അര്‍ധ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന ബഹുമതിയാണ് പൃഥ്വി സ്വന്തമാക്കിയത്. നിലവില്‍ 20 വയസും 112 ദിവസവുമാണ് പൃഥ്വിയുടെ പ്രായം.
1990-ല്‍ 16-ാം വയസില്‍ ന്യൂസീലന്‍ഡില്‍ അര്‍ധ സെഞ്ച്വറി നേടിയ സച്ചിന് ടെണ്ടുല്‍ക്കറാണ് ഈ റെക്കോഡില്‍ തലപ്പത്ത്. അതുല്‍ വാസന് (1990-21 വയസില്‍), ബ്രിജീഷ് പട്ടേല്‍ (1976-23 വയസില്‍), സന്ദീപ് പാട്ടില്‍ (1981-24 വയസില്‍) എന്നിവരാണ് ഈ റെക്കോഡില്‍ ഉള്‍പ്പെട്ട മറ്റ് പ്രധാന ഇന്ത്യന്‍ താരങ്ങള്‍.
പൃഥ്വി ഷായുടെ പ്രകടനം സംതൃപ്തി നല്‍കുന്നുവെന്ന് ലക്ഷ്മണ് അഭിപ്രായപ്പെട്ടു. ചില മനോഹരമായ ഷോട്ടുകള്‍ പിഴവുകളില്ലാതെ കളിക്കാന്‍ യുവതാരത്തിനായി. ഇത് അദ്ദേഹത്തിലെ പ്രതിഭയെയാണ് കാണിക്കുന്നത്. പിഴവുകള്‍ എവിടെയാണെന്ന് കണ്ടെത്തി തിരുത്തുകയാണ് ഇനി വേണ്ടത് – ലക്ഷ്മണ് കൂട്ടിച്ചേര്‍ത്തു.