മെല്‍ബണില്‍ ഇന്ത്യയുടെ ‘ലങ്കാദഹനം’
മെല്‍ബണ്‍: വനിതാ ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ലങ്കാദഹനവും നടത്തി പടയോട്ടം തുടരുന്നു. തുടര്‍ച്ചയായ നാലാം മത്സരത്തിലും ഇന്ത്യ വെന്നിക്കൊടി പാറിച്ചു. ഗ്രൂപ്പ് എയില്‍ തങ്ങളുട നാലാം റൗണ്ട് മത്സരത്തില്‍ ലങ്കയെ ഏഴു വിക്കറ്റിനാണ് ഇന്ത്യ തറപറ്റിച്ചത്.
ബൗളര്‍മാരും സൂപ്പര്‍ ഓപ്പണര്‍ ഷഫാലി വര്‍മയും ചേര്‍ന്നാണ് ഇന്ത്യക്കു വിജയമൊരുക്കിയത്. ടൂര്‍ണമെന്റില്‍ ആദ്യമായി ഇന്ത്യ റണ്‍ ചേസ് നടത്തിയ മത്സരം കൂടിയായിരുന്നു ഇത്. ഇന്ത്യ നേരത്തേ തന്നെ സെമി ഫൈനലില്‍ കടന്നിരുന്നു.
ടോസിനു ശേഷം ബാറ്റിംഗ് തെരഞ്ഞെടുത്ത ലങ്കയെ മികച്ച ബൗളിംഗിലൂടെ ഇന്ത്യ വരിഞ്ഞുകെട്ടി. ഒമ്പതു വിക്കറ്റിന് 113 റണ്‍സടുക്കാനേ ലങ്കയ്ക്കായുള്ളൂ. മറുപടിയില്‍ ടൂര്‍ണമെന്റിലെ സെന്‍സേഷനായി മാറിയ 16 കാരി ഷഫാലി വീണ്ടും കത്തിക്കയറിയപ്പോള്‍ ഇന്ത്യന്‍ ജയം അനായാസമായി.
14.4 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തി. 34 പന്തില്‍ ഏഴു ബൗണ്ടറികളും ഒരു സിക്സറുമടക്കം 47 റണ്‍സാണ് ഷഫാലി അടിച്ചെടുത്തത്. ടൂര്‍ണമെന്റിലെ കന്നി ഫിഫ്റ്റിയിലേക്കു കുതിച്ച താരം നിര്‍ഭാഗ്യകരമായ രീതിയില്‍ റണ്ണൗട്ടാവുകയായിരുന്നു.
സ്മൃതി മന്ദാന (17), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (15) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ജെമിമ റോഡ്രിഗസും (15*) ദീപ്തി ശര്‍മയും (15*) ചേര്‍ന്ന് ഇന്ത്യന്‍ ജയം പൂര്‍ത്തിയാക്കി. നേരത്തേ ലങ്കന്‍ നിരിയില്‍ ഒരാളെയും ഫിഫ്റ്റി തികയ്ക്കാന്‍ ഇന്ത്യ അനുവദിച്ചില്ല. 33 റണ്‍സെടുത്ത ക്യാപ്റ്റനും ഓപ്പണറുമായ ചമാരി അത്തപ്പത്തുവാണ് ലങ്കയുടെ ടോപ്സ്കോറര്‍. 24 പന്തുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്സില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്സറുമുള്‍പ്പെട്ടിരുന്നു. വാലറ്റത്ത് കവിഷ ദില്‍ഹാരിയുടെ (25*) പ്രകടനമാണ് ലങ്കയെ 100 കടത്തിയത്.
ഒരു ഘട്ടത്തില്‍ ലങ്ക ഏഴിന് 80 റണ്‍സെന്ന നിലയിലേക്കു തകര്‍ന്നിരുന്നു. നാലു വിക്കറ്റെടുത്ത രാധാ യാദവാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ചുനിന്നത്. രാജേശ്വരി ഗെയ്ക്ക്വാദ് രണ്ടു വിക്കറ്റെടുത്തപ്പോള്‍ ദീപ്തി ശര്‍മ, ശിഖ പാണ്ഡെ, പൂനം യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. രാധയാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.