വനിതാ ട്വന്റി 20 ലോകകപ്പ്: പാക്കിസ്ഥാനെ ഇംഗ്ലണ്ട് തകര്‍ത്തു
കാന്‍ബെറ: വനിതാ ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റിലെ ഗ്രൂപ്പ് ബി മത്സരത്തില്‍ കരുത്തരുടെ പോരാട്ടത്തില്‍ മുന്‍ ചാംപ്യന്‍മാരായ ഇംഗ്ലണ്ട് പാക്കിസ്ഥാനെ 42 റണ്‍സിന് തകര്‍ത്തു. ആദ്യ മത്സരത്തിലെ പരാജയത്തിനുശേഷം ഇംഗ്ലണ്ടിന്റെ തുടര്‍ച്ചയായ രണ്ടാമത്തെ വിജയമാണിത്. എന്നാല്‍, ആദ്യ കളിയില്‍ ജയത്തോടെ തുടങ്ങിയ പാക്കിസ്ഥാനേറ്റ അപ്രതീക്ഷിത തിരിച്ചടിയാണ് ഈ തോല്‍വി.
ടോസ് ലഭിച്ച പാക് ക്യാപ്റ്റന്‍ ബിസ്മ മറൂഫ് ഇംഗ്ലണ്ടിനോട് ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. ഏഴു വിക്കറ്റിന് 158 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്താന്‍ അവര്‍ക്കു സാധിച്ചു. എന്നാല്‍, മറുപടിയില്‍ ഇംഗ്ലീഷ് ബൗളിംഗ് ആക്രമണത്തില്‍ പാക്കിസ്ഥാന്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞു. രണ്ടു പന്ത് ശേഷിക്കെ പാകിസ്താന്‍ 116 റണ്‍സിനു പുറത്തായി.
വാലറ്റത്ത് ആലിയ റിയാസിന്റെ (41) ഒറ്റയാള്‍ പോരാട്ടമാണ് പാക്കിസ്ഥാനെ വലിയ നാണക്കേടില്‍നിന്നു രക്ഷിച്ചത്. മറ്റുള്ളവരൊന്നും 20 റണ്‍സ് തികച്ചില്ല. മൂന്നു വിക്കറ്റ് വീതമെടുത്ത അന്യ ഷ്റുബ്സോളും സാറ ഗ്ലെന്നുമാണ് പാകിസ്താനെ എറിഞ്ഞിട്ടത്. സോഫി എക്ലെസ്റ്റോണ്‍ രണ്ടു വിക്കറ്റ് വീഴ്ത്തി.
നേരത്തേ ക്യാപ്റ്റന്‍ ഹെതര്‍ നൈറ്റിന്റെ (62) ഇന്നിംഗ്സാണ് ഇംഗ്ലണ്ടിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. 47 പന്തുകള്‍ നേരിട്ട നൈറ്റിന്റെ ഇന്നിങ്സില്‍ എട്ടു ബൗണ്ടറികളും ഒരു സിക്സറുമുള്‍പ്പെടുന്നതാണ്. നൈറ്റ് തന്നെയാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. നതാലി സിവെര്‍ (36), ഫ്രാന്‍ വില്‍സണ്‍ (22) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. പാകിസ്താനു വേണ്ടി അയ്മാന്‍ അന്‍വര്‍ മൂന്നും നിദാ ധര്‍ രണ്ടും വിക്കറ്റെടുത്തു.