36 റണ്‍സ് അകലെ മായങ്കിനെ കാത്തിരിക്കുന്നത് റെക്കോഡ് നേട്ടം
ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസീലന്‍ഡിനെതിരായ പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റിന് നാളെയിറങ്ങുമ്പോള്‍ മത്സരത്തില്‍ 36 റണ്‍സ് അകലെ ഇന്ത്യന്‍ ഓപ്പണര്‍ മായങ്ക് അഗര്‍വാളിനെ ഒരു അപൂര്‍വ റെക്കോഡ് കാത്തിരിപ്പുണ്ട്. ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്കായി അല്‍പ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത് മായങ്കും രഹാനെയുമായിരുന്നു.
രണ്ടാം ടെസ്റ്റില്‍ 36 റണ്‍സ് നേടാനായാല്‍ ടെസ്റ്റില്‍ താരത്തിന്റെ റണ്‍നേട്ടം 1000-ല്‍ എത്തും. ഇന്ത്യയ്ക്കായി ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോഡാണ് മായങ്കിനെ കാത്തിരിക്കുന്നത്. രണ്ടാം ടെസ്റ്റില്‍ ഈ നേട്ടം സ്വന്തമാക്കാനായാല്‍ മുന്‍ താരം സുനില്‍ ഗാവസ്‌ക്കര്‍, ചേതേശ്വര്‍ പൂജാര എന്നിവരെ മറികടന്നാകും മായങ്ക് രണ്ടാമതെത്തുക.
14 ഇന്നിംഗ്സുകളില്‍നിന്ന് 1000 റണ്‍സെടുത്ത വിനോദ് കാംബ്ലിയാണ് ടെസ്റ്റില്‍ ഇന്ത്യയ്ക്കായി ഏറ്റവും വേഗത്തില്‍ ഈ നേട്ടത്തിലെത്തിയ താരം. പൂജാര 18 ഇന്നിംഗ്സുകളില്‍നിന്നും ഗാവസ്‌ക്കര്‍ 21 ഇന്നിംഗ്സുകളില്‍നിന്നുമാണ് നേട്ടത്തിലെത്തിയത്. നിലവില്‍ 15 ടെസ്റ്റ് ഇന്നിങ്സുകളില്‍ നിന്ന് 964 റണ്‍സാണ് മായങ്കിന്റെ അക്കൗണ്ടിലുള്ളത്. രണ്ട് ഇരട്ട സെഞ്ച്വറികളും മൂന്ന് സെഞ്ച്വറികളും നാല് അര്‍ധ സെഞ്ച്വറികളും മായങ്ക് സ്വന്തമാക്കിയിട്ടുണ്ട്.