വനിതാ ട്വന്റി 20 ലോകകപ്പ്: ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം ജയം
കാന്‍ബെറ: വനിതാ ട്വന്റി 20 ലോകകപ്പ് ഗ്രൂപ്പ് ബിയില്‍ ദക്ഷിണാഫ്രിക്കയ്ക്കു തുടര്‍ച്ചയായ രണ്ടാം ജയം. കന്നി ലോകകപ്പ് കളിക്കാനെത്തിയ തായ്ലാന്‍ഡിനെയാണ് ദക്ഷിണാഫ്രിക്ക നിലംപരിശാക്കിയത്.
113 റണ്‍സിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം. ഇതോടെ അവര്‍ ഗ്രൂപ്പില്‍ മുന്‍പന്തിയില്‍ എത്തി. എന്നാല്‍, തുടര്‍ച്ചയായ മൂന്നാം പരാജയത്തോടെ തായ്ലാന്‍ഡ് ടൂര്‍ണമെന്റില്‍നിന്നു പുറത്താവുന്ന ആദ്യ ടീമായി.
തായ്ലാന്‍ഡിനെതിരേ ടോസിനു ശേഷം ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സെന്ന വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. മറുപടിയില്‍ കളിയുടെ ഒരു ഘട്ടത്തില്‍പ്പോലും വെല്ലുവിളിയുയര്‍ത്താന്‍ സാധിക്കാതിരുന്ന തായ്ലാന്‍ഡ് അഞ്ചു പന്തുകള്‍ ബാക്കിനില്‍ക്കെ വെറും 82 റണ്‍സിന് പുറത്തായി. ഒനിച്ച കാംചോംപു (26), ചനിദ സുത്തിറുവാംഗ് (13) എന്നിവര്‍ മാത്രമേ രണ്ടക്കം കടന്നുള്ളൂ. മൂന്നു വിക്കറ്റ് വീതമെടുത്ത ഷബ്നിം ഇസ്മൈലും സ്യുന്‍ ല്യൂസും ചേര്‍ന്നാണ് തായ്ലാന്‍ഡിന്റെ കഥ കഴിച്ചത്.
നേരത്തേ ഓപ്പണര്‍ ലിസെല്ലെ ലീയുടെ (101) സെഞ്ച്വറിയാണ് ദക്ഷിണാഫ്രിക്കയെ വന്‍ സ്‌കോറിലെത്തിച്ചത്. പുത്താവാതെ 61 റണ്‍സെടുത്ത ല്യൂസാണ് മറ്റൊരു പ്രധാന സ്‌കോറര്‍. വെറും 60 പന്തിലാണ് 16 ബൗണ്ടറികളും മൂന്നു സിക്സറുമടക്കം ലീ 101 റണ്‍സ് വാരിക്കൂട്ടിയത്. 41 പന്തില്‍ അഞ്ചു ബൗണ്ടറികളും രണ്ടു സിക്സറുമുള്‍പ്പെട്ടതായിരുന്നു ല്യൂസിന്റെ ഇന്നിംഗ്സ്. ദക്ഷിണാഫ്രിക്കയുടെ വിജയശില്‍പ്പിയായ ലീയാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.