ഇഷാന്തിന് പരിക്ക്: ഇന്ത്യക്ക് തിരിച്ചടി
ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലാന്‍ഡിനെതിരേ നാളെ തുടങ്ങുന്ന രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റിനു തയ്യാറെടുക്കുന്ന ടീം ഇന്ത്യക്കു വന്‍ തിരിച്ചടി. പരിചയ സമ്പന്നനായ പേസര്‍ ഇഷാന്ത് ശര്‍മയ്ക്കു പരിക്കേറ്റതാണ് ഇന്ത്യയെ ആശങ്കയിലാക്കിയിരിക്കുന്നത്.
വലതു കണംകാലിനേറ്റ പരിക്ക് ഇഷാന്തിനെ വലയ്ക്കുന്നതായും രണ്ടാം ടെസ്റ്റില്‍ ഇഷാന്തിനു പകരം ഉമേഷ് യാദവ് പ്ലെയിംഗ് ഇലവനില്‍ എത്തിയേക്കുമെന്നുമാണ് സൂചന. എന്നാല്‍, ടീം മാനേജ്മെന്റ് ഇതു സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഇന്ത്യന്‍ ടീമിന്റെ നെറ്റ് സെഷനില്‍ ഇഷാന്ത് പങ്കാളിയായിരുന്നെങ്കിലും പരിശീലനത്തിന് ഇറങ്ങിയില്ലെന്നാണ് റിപ്പോര്‍ട്ട്. നേരത്തേ പരിക്കുണ്ടായിരുന്ന അതേ ഭാഗത്തു വേദനയനുഭവപ്പെടുന്നതായി ഇഷാന്ത് ടീം മാനേജ്മെന്റിനെ അറിയിക്കുകയും ചെയ്തതായി ക്രിക്ക്ബസ് പറയുന്നു. വ്യാഴാഴ്ച താരം നെറ്റ്സില്‍ 20 മിനിറ്റ് ബൗളിംഗ് പരിശീലനം നടത്തിയിരുന്നു.
ഇന്നു നടന്ന നെറ്റ് സെഷനിനിടെ സൈഡ് ലൈനില്‍ ഉമേഷുമായി കോച്ച് രവി ശാസ്ത്രിയും ബൗളിംഗ് കോച്ച് ഭരത് അരുണും ദീര്‍ഘനേരം സംസാരിച്ചതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു. മറ്റു പ്രധാന പേസര്‍മാരായ ജസ്പ്രത് ബുംറയും മുഹമ്മദ് ഷമിയും വെള്ളിയാഴ്ച പരിശീലനത്തിന് ഇറങ്ങുകയും ചെയ്തിരുന്നില്ല. എന്നാല്‍, വ്യാഴാഴ്ച ഇരുവരും ഏറെ നേരെ പരിശീലനത്തിലേര്‍പ്പെട്ടിരുന്നു.
ഇഷാന്ത് പിന്‍മാറുകയാണെങ്കില്‍ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്കു അത് കനത്ത ആഘാതമായി മാറും. കാരണം നിലവില്‍ ടെസ്റ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ഫോമിലുള്ള ബൗളര്‍ അദ്ദേഹമാണ്. വെല്ലിംഗ്ടണില്‍ ഇന്ത്യ പത്തു വിക്കറ്റിനു പരാജയപ്പെട്ട ആദ്യ ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്സില്‍ ഇഷാന്ത് ശര്‍മ അഞ്ചു വിക്കറ്റുമായി തിളങ്ങിയിരുന്നു.