ഒപ്പം പരിശീലനം നടത്തിയ ആണ്‍കുട്ടികള്‍ക്ക് നന്ദി പറഞ്ഞ് ഷഫാലി
മെല്‍ബണ്‍: വനിതാ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യന്‍ വനിതകള്‍ വിജയക്കുതിപ്പ് തുടരുകയാണ്. ന്യൂസീലന്‍ഡിനെയും തകര്‍ത്ത് തുടര്‍ച്ചയായ മൂന്നാം ജയവുമായി ഇന്ത്യ സെമി ഫൈനല്‍ ഉറപ്പിച്ചു.
ഇന്ത്യന്‍ ക്രിക്കറ്റിന് പ്രതീക്ഷ നല്‍കി ഇന്ത്യയുടെ പെണ്‍നിര കുതിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ കൈയടി നേടുന്നത് ഷഫാലി വര്‍മയാണ്. ആരെയും കൂസലാക്കാതെ തല്ലിത്തകര്‍ക്കുന്ന 16-കാരി ഷഫാലിയുടെ ബാറ്റിംഗ് ഇതിനോടകം ഏവരുടേയും ശ്രദ്ധ നേടി കഴിഞ്ഞു.
ഓപ്പണറായി വെടിക്കെട്ട് പ്രകടനം നടത്തുന്ന ഷഫാലിയെ വീരേന്ദര്‍ സെവാഗുമായാണ് പലരും ഉപമിക്കുന്നത്. ന്യൂസീലന്‍ഡിനെതിരായ മത്സരത്തിലെ ഇന്ത്യയുടെ ജയത്തിലും ഷഫാലിയുടെ പ്രകടനം നിര്‍ണായകമായിരുന്നു. 34 പന്തില്‍ നാല് ഫോറും മൂന്ന് സിക്സുമടക്കം 46 റണ്‍സാണ് ഷഫാലി അടിച്ചുകൂട്ടിയത്. കളിയിലെ താരമായതും ഷഫാലിയായിരുന്നു.
മത്സരശേഷം ഷഫാലിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു ”എന്റെ അച്ഛനാണ് ഈ അവസരത്തില്‍ നന്ദി പറയുന്നത്.കൂടാതെ എന്റെ ഒപ്പം പരിശീലനം നടത്തിയ എല്ലാ ആണ്‍കുട്ടികള്‍ക്കും ഞാന്‍ നന്ദി അറിയിക്കുന്നു. അവരോടൊപ്പം നടത്തിയ പരിശീലനം കരിയറില്‍ ഏറെ സഹായിക്കുന്നു. പ്രകടനത്തില്‍ സന്തുഷ്ടയാണ്. പവര്‍പ്ലേയില്‍ മികച്ച സ്‌കോറിലേക്ക് ടീമിനെ ഉയര്‍ത്താന്‍ സാധിച്ചു”.
ലോകകപ്പില്‍ മറ്റൊരു റെക്കോഡും ഷഫാലി സ്വന്തം പേരിലാക്കി. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഉയര്‍ന്ന സ്ട്രൈക്കറേറ്റില്‍ കളിക്കുന്ന താരമെന്ന ബഹുമതിയാണ് 16 കാരി സ്വന്തം പേരിലാക്കിയത്. 29,39,46 എന്നിങ്ങനെ സ്‌കോര്‍ ചെയ്ത ഷഫാലിയുടെ സ്ട്രൈക്കറേറ്റ് 172.72 ആണ്. സെമി ഫൈനലില്‍ കടന്ന ഇന്ത്യക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് ഷഫാലിയുടെ പ്രകടനം.