ഇനി നാണംകെടില്ല, പുതിയ തന്ത്രം പയറ്റും: രഹാനെ
വെല്ലിംഗ്ടണ്‍: ആദ്യ ടെസ്റ്റില്‍ നേരിട്ടതു പോലെയൊരു നാണക്കേട് ന്യൂസിലാന്‍ഡിനെതിരേയുള്ള രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്കു നേരിടേണ്ടി വരില്ലെന്നു വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ. കിവികളുടെ പേസ് ബൗളിംഗ് ആക്രമണത്തെ മറികടക്കാന്‍ തങ്ങള്‍ പുതിയ തന്ത്രങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും രഹാനെ വെളിപ്പെടുത്തി.
ആദ്യ ടെസ്റ്റില്‍ രണ്ട് ഇന്നിംസുകളിലും 200 റണ്‍സ് തികയ്ക്കാന്‍ സാധിക്കാതിരുന്ന ഇന്ത്യ നാലു ദിവസം കൊണ്ട് തോല്‍വിയും സമ്മതിച്ചിരുന്നു. രണ്ടാം ടെസ്റ്റില്‍ കൂടുതല്‍ ആക്രമിച്ചു കളിക്കണമെന്നു താന്‍ പറയില്ലെന്നു രഹാനെ വ്യക്തമാക്കി. ആക്രമണോത്സുക ബാറ്റിംഗല്ല, മറിച്ച് തെളിഞ്ഞ മാനസികാവസ്ഥയോടെ ബാറ്റ് ചെയ്യുകയെന്നതാണ് പ്രധാനം. ഇതാണ് ടീമിനെ സഹായിക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വെല്ലിംഗ്ടണ്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ നിരന്തരം ഷോര്‍ട്ട് ബോളുകള്‍ എറിഞ്ഞാണ് കിവി ബൗളര്‍മാര്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കിയത്. ആദ്യ ടെസ്റ്റില്‍ കൃത്യമായ പ്ലാനിംഗോടെയാണ് ന്യൂസിലാന്‍ഡ് ബൗളര്‍മാര്‍ പന്തെറിഞ്ഞതെന്നും പ്ലാനിംഗ് കൃത്യമായി നടപ്പാക്കാനായതാണ് അവരുടെ വിജയമെന്നും രഹാനെ ചൂണ്ടിക്കാട്ടി. വെല്ലിംഗ്ടണില്‍ ആംഗിള്‍ നന്നായി മുതലെടുക്കാന്‍ അവരുടെ ബൗളിംഗ് നിരയ്ക്കു കഴിഞ്ഞു. ഷോര്‍ട്ട് ബോളുകളെറിഞ്ഞപ്പോള്‍ ആംഗിളിലും അവര്‍ മാറ്റം വരുത്തിയതായി രഹാനെ വിശദമാക്കി.
ക്രൈസ്റ്റ്ചര്‍ച്ചിലെ വിക്കറ്റ് ആദ്യ ടെസ്റ്റിലെ വിക്കറ്റിനെ അപേക്ഷിച്ചു മികച്ചതാണെന്നു നേരത്തേ ഇന്ത്യ എയ്ക്കു വേണ്ടി ഇവിടെ കളിച്ചിട്ടുള്ള ഹനുമാ വിഹാരി പറഞ്ഞിരുന്നതായി രഹാനെ വ്യക്തമാക്കി. നല്ല പേസും ബൗണ്‍സും ഈ വിക്കറ്റിലുമുണ്ടാവും. ടെസ്റ്റിന്റെ ആദ്യ ദിവസം തന്നെ സാഹചര്യം മനസ്സിലാക്കുകയും അതുമായി പൊരുത്തപ്പെടുകയും ചെയ്യേണ്ടത് പ്രധാനമാണെന്നും വൈസ് ക്യാപ്റ്റന്‍ പറഞ്ഞു.