ഐ.പി.എല്‍ കളിക്കാന്‍ ‘വല്യേട്ടന്’ വിലക്ക്
മുംബൈ: ഐ.പി.എല്ലിലെ ‘വല്യേട്ടന്‍’ പ്രവീണ്‍ താംബെയ്ക്ക് പുതിയ ഐ.പി.എല്‍ സിസണില്‍ കളത്തിലിറങ്ങുന്നതിന് വിലക്ക്. ബി.സി.സി.ഐ പോളിസി ലംഘിച്ചതാണ് 48- കാരനായ താംബെയ്ക്ക് തിരിച്ചടിയായത്. ഐ.പി.എല്‍ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോഡിനുടമയായ താംബെയെ ഇക്കുറി 20 ലക്ഷം മുടക്കി കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമില്‍ എടുത്തിരുന്നു.
ഡിസംബറില്‍ നടന്ന ലേലത്തില്‍ നൈറ്റ് റൈഡേഴ്സ് ടീമിലെടുത്തതോടെ ഐ.പി.എല്‍ ലേലത്തില്‍ വില്‍ക്കപ്പെടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോഡ് താംബെ സ്വന്തമാക്കിയിരുന്നു. ബി.സി.സി.ഐയുടെ അംഗീകാരമുള്ള താരമായ താംബെ ബോര്‍ഡിന്റെ അനുവാദമില്ലാതെ അബുദാബിയില്‍ നടന്ന ടി 10 ലീഗില്‍ പങ്കെടുത്തതാണ് നടപടിക്ക് കാരണം. ഐ.പി.എല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേലാണ് ഇക്കാര്യം അറിയിച്ചത്.
ബി.സി.സി.ഐയുടെ നിയമം പ്രകാരം ക്രിക്കറ്റില്‍നിന്നു വിരമിച്ചവര്‍ക്ക് മാത്രമേ വിദേശ ലീഗുകളില്‍ കളിക്കാന്‍ അനുവാദമുള്ളൂ. ഐ.പി.എല്ലില്‍ കളിക്കാന്‍ താംബെയ്ക്ക് യോഗ്യതയില്ലെന്ന് നൈറ്റ് റൈഡേഴ്സ് മാനേജ്മെന്റിനെ അറിയിച്ചുകഴിഞ്ഞു. താംബെയ്ക്ക് പകരക്കാരനായി നൈറ്റ് റൈഡേഴ്സിന് മറ്റൊരു താരത്തെ ടീമിലെത്തിക്കാന്‍ അവസരമുണ്ട്.