സണ്‍റൈസേഴ്‌സിനെ നയിക്കാന്‍ വീണ്ടും വാര്‍ണര്‍
ഹൈദരാബാദ്: ഐ.പി.എല്ലിലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ നായകസ്ഥാനത്തേക്ക് ഓസീസ് താരം ഡേവിഡ് വാര്‍ണര്‍ തിരിച്ചെത്തി. കഴിഞ്ഞ സീസണില്‍ ടീമിനെ നയിച്ച കെയ്ന്‍ വില്യംസനു പകരം പുതിയ സീസണില്‍ ഡേവിഡ് വാര്‍ണറായിരിക്കും ക്യാപ്റ്റനെന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്രഖ്യാപിച്ചു.
2016-ല്‍ സണ്‍റൈസേഴ്‌സിനെ കിരീടത്തിലേക്കു നയിച്ച ക്യാപ്റ്റനാണ് വാര്‍ണര്‍. പന്തു ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് വിലക്ക് ലഭിച്ചതോടെ 2018 സീസണില്‍ വാര്‍ണര്‍ കളിച്ചിരുന്നില്ല. കഴിഞ്ഞ സീസണില്‍ വാര്‍ണര്‍ ടീമില്‍ മടങ്ങിയെത്തിയെങ്കിലും കെയ്ന്‍ വില്യംസനെ തന്നെ ക്യാപ്റ്റനായി നിലനിര്‍ത്താനായിരുന്നു ഹൈദരാബാദ് ടീമിന്റെ തീരുമാനം. ഭുവനേശ്വര്‍ കുമാറായിരുന്നു വൈസ് ക്യാപ്റ്റന്‍. ആ സീസണില്‍ മിന്നുന്ന പ്രകടനവുമായി ടീം ഫൈനലില്‍ എത്തിയിരുന്നു.
”ഐപിഎല്ലിന്റെ പുതിയ സീസണില്‍ ടീമിന്റെ നായകസ്ഥാനം തിരികെ ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ട്. വീണ്ടും ടീമിനെ നയിക്കാന്‍ അവസരം തന്ന ടീം അധികൃതര്‍ക്ക് നന്ദി – വാര്‍ണര്‍ അറിയിച്ചു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ടീമിനെ ഉജ്വലമായി നയിച്ച കെയ്‌നും ഭുവിക്കും നന്ദി. തുടര്‍ന്നും നിങ്ങളുടെ സഹായം എനിക്ക് വേണം. ഈ അവസരത്തിന് ടീം മാനേജ്‌മെന്റിനും ഒരിക്കല്‍ക്കൂടി നന്ദി. ഈ വര്‍ഷം ടീമിനെ കിരീടത്തിലേക്കു നയിക്കാന്‍ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്ന് ഉറപ്പുനല്‍കുന്നു” – വാര്‍ണര്‍ കുറിച്ചു.
2014-ല്‍ സണ്‍റൈസേഴ്‌സില്‍ എത്തിയതുമുതല്‍ ബാറ്റിംഗില്‍ ടീമിന്റെ കരുത്താണ് വാര്‍ണര്‍. ആദ്യ സീസണില്‍ 14 മത്സരങ്ങളില്‍നിന്ന് 140.80 സ്‌ട്രൈക്ക് റേറ്റില്‍ അടിച്ചുകൂട്ടിയത് 528 റണ്‍സ്. തൊട്ടടുത്ത സീസണില്‍ ടീമിന്റെ നായകനായി അവരോധിക്കപ്പെട്ടു. എന്നാല്‍, കളത്തില്‍ വാര്‍ണര്‍ ഉജ്വല ഫോം തുടര്‍ന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 562, 848, 642, 692 എന്നിങ്ങനെയാണ് ഓരോ സീസണിലും വാര്‍ണര്‍ നേടിയ റണ്‍സ്. ഇതില്‍ 2015, 2017, 2019 വര്‍ഷങ്ങളില്‍ ടോപ് സ്‌കോററിനുള്ള ഓറഞ്ച് ക്യാപും വാര്‍ണര്‍ നേടി.