വനിതാ ട്വന്റി 20 ലോകകപ്പ്: ഇന്ത്യ സെമിയില്‍
മെല്‍ബണ്‍: വനിതാ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയുടെ പടയോട്ടം തുടരുന്നു. ഹാട്രിക് ജയത്തോടെ ഇന്ത്യ സെമി ഫൈനലില്‍ കടന്നു. ഇത്തവണ സെമിയിലേക്കു യോഗ്യത നേടിയ ആദ്യത്തെ ടീം കൂടിയായി ഇന്ത്യ മാറി. ഗ്രൂപ്പ് എയില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ കരുത്തരായ ന്യൂസിലാന്‍ഡിനെയാണ് ഇന്ത്യ നാലു റണ്‍സിന് മറികടന്നത്.
ബൗളര്‍മാര്‍ തന്നെയാണ് ഇത്തവണയും ഇന്ത്യക്കു വിജയമൊരുക്കിയത്. എത്ര ചെറിയ സ്‌കോറും പ്രതിരോധിച്ചു ജയിക്കാനുള്ള ശേഷി തങ്ങള്‍ക്കുണ്ടെന്നു കിവീസിനെതിരേയും ഇന്ത്യ തെളിയിച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് അയക്കപ്പെട്ട ഇന്ത്യ അഞ്ചു വിക്കറ്റിന് 133 റണ്‍സാണ് നേടിയത്. മറുപടിയില്‍ ആറു വിക്കറ്റിന് 129 റണ്‍സ് നേടാനേ കിവികള്‍ക്കായുള്ളൂ.
അവസാനത്തെ രണ്ടോവറില്‍ 34 റണ്‍സായിരുന്നു ന്യൂസിലാന്‍ഡിനു ജയിക്കാന്‍ വേണ്ടിയിരുന്നത്. പൂനം യാദവെറിഞ്ഞ 19-ാം ഓവറില്‍ നാലു ബൗണ്ടറികളടക്കം 18 റണ്‍സ് അവര്‍ വാരിക്കൂട്ടി. ഇതോടെ അവസാന ഓവറില്‍ ജയത്തിനായി വേണ്ടത് 16 റണ്‍സ്. എന്നാല്‍, ശിഖ പാണ്ഡെയുടെ ഉജ്ജ്വല ബൗളിംഗ് അവരെ തകര്‍ത്തു.
11 റണ്‍സാണ് കിവീസിന് നേടാനായത്. 19 പന്തില്‍നിന്നു ആറു ബൗണ്ടറികളോടെ 34 റണ്‍സോടെ പുറത്താവാതെ നിന്ന അമേലിയ കേറിന്റെ ഇന്നിംഗ്സാണ് കിവികളെ ജയം സ്വപ്നം കാണാന്‍ പ്രേരിപ്പിച്ചത്. ടീമിന്റെ ടോപ്സ്‌കോററും അമലിയ തന്നെയായിരുന്നു. കെയ്റ്റി മാര്‍ട്ടിന്‍ 25-ഉം മേഡി ഗ്രീന്‍ 24-ഉം റണ്‍സെടുത്ത് പുറത്തായി.
നേരത്തേ തുടര്‍ച്ചയായി മൂന്നാമത്തെ കളിയിലും കൗമാര ഓപ്പണര്‍ ഷഫാലി വര്‍മയുടെ വെടിക്കെട്ട് ഇന്നിംഗ്സാണ് ഇന്ത്യക്കു തുണയായത്. ഒന്നിലേറെ തവണ ജീവന്‍ തിരിച്ചുകിട്ടിയ ഷഫാലി 46 റണ്‍സോടെ ടീമിന്റെ ടോപ്സ്‌കോററായി. 34 പന്തില്‍ നാലു ബൗണ്ടറികളും മൂന്നു സിക്സറും താരത്തിന്റെ ഇന്നിങ്സിലുണ്ടായിരുന്നു.
ഷഫാലിയാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. ടാനിയ ഭാട്ടിയ (23), രാധ യാദവ് (14), സ്മൃതി മന്ദാന (11), ജെമിമ റോഡ്രിഗസ്, ശിഖ പാണ്ഡെ (ഇരുവരും 10 റണ്‍സ്) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു താരങ്ങള്‍. ന്യൂസിലാന്‍ഡിനായി റോസ്മേരി മെയ്റും അമേലിയ കേറും രണ്ടും വിക്കറ്റ് വീതമെടുത്തു.