രണ്ടാം ഏകദിനത്തില്‍ വിന്‍ഡീസിനെ മുട്ടുകുത്തിച്ച് ശ്രീലങ്ക പരമ്പര സ്വന്തമാക്കി
ഹമ്പന്‍ടോട്ട: വെസ്റ്റിന്‍ഡീസിനെതിരായ മൂന്നു മത്സരങ്ങളുടെ ഏകദിന പരമ്പര ശ്രീലങ്ക സ്വന്തമാക്കി. ആദ്യ രണ്ടു മത്സരങ്ങളിലും ജയിച്ചാണ് ശ്രീലങ്കയുടെ പരമ്പര വിജയം. രണ്ടാം മത്സരത്തില്‍ 161 റണ്‍സിന് ആതിഥേയര്‍ വിന്‍ഡീസിനെ കടപുഴക്കി.
ശ്രീലങ്കയുടെ 345 റണ്‍സ് പിന്തുടര്‍ന്ന വെസ്റ്റിന്‍ഡീസ് 39.1 ഓവറില്‍ 184 റണ്‍സിന് എല്ലാവരും പുറത്തായി. ആദ്യ ഏകദിനത്തിലും ശ്രീലങ്കയ്ക്കായിരുന്നു വിജയം. ആവിഷ്കാ ഫെര്‍ണാണ്ടോ (127), കുശാന്‍ മെന്‍ഡിസ്(119) എന്നിവരുടെ സെഞ്ച്വറിയാണ് ശ്രീലങ്കയ്ക്ക് മികച്ച ടോട്ടല്‍ സമ്മാനിച്ചത്. 10 ബൗണ്ടറികളുടെ അകമ്പടിയോടെയായിരുന്നു ആവിഷ്കയുടെ പ്രകടനം. കുശാന്‍ മെന്‍ഡിസ് 12 ബൗണ്ടറികളും നേടി. ഒരു സിക്സര്‍ പോലും ശ്രീലങ്കന്‍ ഇന്നിങ്സിലുണ്ടായില്ല.
തിസാര പെരേര(36), ഇസരു ഉദന(17), ഹസാരംഗ(17) എന്നിവരാണ് ശ്രീലങ്കയുടെ മറ്റ് പ്രധാന സ്കോറര്‍മാര്‍. വെസ്റ്റിന്‍ഡീസിനായി ഷെല്‍ഡന്‍ കോട്രെല്‍ 4 വിക്കറ്റും അല്‍സാരി ജോസഫ് 3 വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിങ്ങില്‍ വെസ്റ്റിന്‍ഡീസിന് മികച്ച തുടക്കം ലഭിച്ചെങ്കിലും മധ്യനിര തകര്‍ന്നു. ഷായ് ഹോപ്(51), സുനില്‍ ആബ്രിസ്(17), ഡാരന്‍ ബ്രാവോ(16), റോസ്റ്റണ്‍ ചേസ്(20), നിക്കൊളാസ് പൂരന്(31), കീമോ പോള്‍(21), ഫാബിയന്‍ അലന്(17) എന്നിവരാണ് വിന്‍ഡീസ് നിരയില്‍ രണ്ടക്കം കടന്നവര്‍. ലങ്കയ്ക്കുവേണ്ടി ഹസരംഗയും സന്ദകനും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. നുവാന്‍ പ്രദീപ് രണ്ട് വിക്കറ്റും സ്വന്തമാക്കി. ഇരു ടീമുകളും തമ്മിലുള്ള മൂന്നാം ഏകദിനം മാര്‍ച്ച് ഒന്നിന് നടക്കും.