രണ്ടാം ടെസ്റ്റിലും ഇന്ത്യയെ തകര്‍ക്കും: മുന്നറിയിപ്പുമായി വാഗ്‌നര്‍
ക്രൈസ്റ്റ്ചര്‍ച്ച്: രണ്ടാം ടെസ്റ്റിനു തയ്യാറെടുക്കുന്ന ടീം ഇന്ത്യക്കു കിവീസ് പേസര്‍ നീല്‍ വാഗ്‌നറുടെ മുന്നറിയിപ്പ്. രണ്ടാം ടെസ്റ്റിലും ഇന്ത്യന്‍ ബാറ്റിംഗ് നിരയെ തകര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. വെല്ലിംഗ്ടണില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഒരു ദിവസം ബാക്കിനില്‍ക്കെ 10 വിക്കറ്റിന്റെ ദയനീയ തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്.
രണ്ട് ഇന്നിംഗ്സുകളിലും ഇന്ത്യക്കു 200 റണ്‍സ് തികയ്ക്കാന്‍ കഴിഞ്ഞില്ല. ഭാര്യയുടെ പ്രസവത്തെത്തുടര്‍ന്ന് ആദ്യ ടെസ്റ്റില്‍നിന്നു വിട്ടുന്ന വാഗ്‌നര്‍ രണ്ടാം ടെസ്റ്റിലൂടെ ടീമിലേക്കു മടങ്ങി വരാന്‍ തയ്യാറെടുക്കുകയാണ്. വെള്ളിയാഴ്ച മുതല്‍ ക്രൈസ്റ്റ്ചര്‍ച്ചിലാണ് രണ്ടാം ടെസ്റ്റ്്. ആദ്യ ടെസ്റ്റില്‍ ഷോര്‍ട്ട് ബോളുകളെറിഞ്ഞാണ് കിവി ബൗളര്‍മാര്‍ ഇന്ത്യയുടെ കഥ കഴിച്ചത്. രണ്ടാം ടെസ്റ്റിലും തങ്ങള്‍ ഇതേ തന്ത്രം തന്നെ ആവര്‍ത്തിക്കുമെന്നു വാഗ്‌നര്‍ വ്യക്തമാക്കി. പേസും ബൗണ്‍സുമുള്ള ഇവിടുത്തെ പിച്ചില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കു പിടിച്ചുനില്‍ക്കുക ദുഷ്‌കരമാണെന്നും വാഗ്‌നര്‍ ചൂണ്ടിക്കാട്ടി.
ന്യൂസിലാന്‍ഡില്‍ കളിക്കുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് എളുപ്പമുള്ള കാര്യമല്ല. ഇന്ത്യയില്‍ കളിക്കുമ്പോള്‍ ഇവിടുത്തേതു പോലെ പേസും ബൗണ്‍സും ഉണ്ടാവില്ല. അതുകൊണ്ടു തന്നെയാണ് ഇവിടത്തെ സാഹചര്യങ്ങളെ നേരിടുമ്പോള്‍ ഇന്ത്യ പതറുന്നതെന്നും വാഗ്‌നര്‍ അഭിപ്രായപ്പെട്ടു. ആദ്യ ടെസ്റ്റിനെ അപേക്ഷിച്ച് കൂടുതല്‍ മികച്ച പ്രകടനം ഇന്ത്യ പുറത്തെടുക്കുമെന്ന് പറഞ്ഞ വാഗ്‌നര്‍ കിവീസ് ആദ്യ ടെസ്റ്റിലെ അതേ പ്രകടനം ആവര്‍ത്തിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.
രണ്ടാം ടെസ്റ്റില്‍ ഇന്ത്യ തിരിച്ചുവരവ് തന്നെ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു ന്യൂസിലാന്‍ഡ് കോച്ച് ഗാരി സ്റ്റെഡ് പറഞ്ഞു. ആദ്യ ടെസ്റ്റിനെപ്പോലെ മികച്ച ബൗളിംഗിലൂടെ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാനായിരിക്കും തങ്ങളുടെ ശ്രമം. അതില്‍ വിജയിക്കുകയാണെങ്കില്‍ രണ്ടാം ടെസ്റ്റിലും കാര്യങ്ങള്‍ തങ്ങള്‍ക്കു അനുകൂലമായി മാറുമെന്നും കോച്ച് വിശധമാക്കി.