Cricket Cricket-International legends Top News

ആ മാജിക്ക് ധോണിക്കു സ്വന്തം: ബൗളര്‍മാര്‍

February 27, 2020

author:

ആ മാജിക്ക് ധോണിക്കു സ്വന്തം: ബൗളര്‍മാര്‍

മുംബൈ: ബൗളര്‍മാരുടെ ക്യാപ്റ്റനെന്നു വിശേഷിപ്പിക്കപ്പെടുന്ന താരമാണ് ഇന്ത്യന്‍ മുന്‍ നായകന്‍ എം.എസ്. ധോണി. ഏതു മോശം ബൗളറെയും കളിക്കളത്തില്‍ എങ്ങനെ ഉപയോഗിക്കണമെന്ന് ധോണിക്കു നന്നായറിയാം എന്നതു തന്നെയാണ് ഇതിനു കാരണം. അതുകൊണ്ടു തന്നെ ധോണിക്കു കീഴില്‍ കളിച്ചിട്ടുള്ള ബൗളര്‍മാര്‍ക്കെല്ലാം നല്ലതു മാത്രമേ തങ്ങളുടെ അദ്ദേഹത്തേക്കുറിച്ച് പറയാനുള്ളൂ.

എന്തുകൊണ്ടാണ് ധോണിയെ ബൗളര്‍മാര്‍ ഇത്രയും പ്രശംസിക്കാന്‍ കാരണമെന്നു തുറന്നുപറഞ്ഞിരിക്കുകയാണ് ദിവസങ്ങള്‍ക്കു മുമ്പ് വിരമിച്ച മുന്‍ സ്പിന്നര്‍ പ്രഗ്യാന്‍ ഓജ. ധോണിയെപ്പോലെ തങ്ങളെ മനസ്സിലാക്കുന്ന ഒരു ക്യാപ്റ്റ്നു കീഴില്‍ കളിക്കാനാണ് ഏതൊരു ബൗളറും ആഗ്രഹിക്കുന്നതെന്നു ഓജ പറയുന്നു.

തീര്‍ച്ചയായും ബൗളര്‍മാരുടെ ക്യാപ്റ്റനാണ് ധോണി. ധോണി നല്‍കുന്ന വ്യത്യസ്തമായ മാനങ്ങള്‍ തന്നെയാണ് ഇതിനു കാരണം. ഫീല്‍ഡ് പ്ലേസിംഗ് ഉള്‍പ്പെടെ ധോണി ബൗളറെ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യാറുണ്ട്. നിര്‍ണായകമായ മല്‍സരങ്ങളില്‍ കളിക്കുമ്പോള്‍ ഇവയെല്ലാം ഏറെ പ്രധാനപ്പെട്ടതാണെന്നും ഓജ പറഞ്ഞു.

ധോണിക്കു കീഴിലാണ് ഓജ കൂടുതല്‍ അന്താരാഷ്ട്ര മല്‍സരങ്ങളിലും കളിച്ചിട്ടുള്ളത്. ഇന്ത്യക്കായി ഇറങ്ങിയ അവസാനത്തെ കളിയില്‍ മാന്‍ ഓഫ് ദി മാച്ച് കൂടിയായിരുന്നു താരം. 2013ല്‍ വാംഖഡെയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റിലായിരുന്നു ഇത്.

അന്നു ഓജ 10 വിക്കറ്റുകള്‍ കൊയ്താണ് കളിയിലെ കേമനായത്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെയും വിടവാങ്ങല്‍ മല്‍സരമായിരുന്നു ഇത്. ഇപ്പോള്‍ ക്രിക്കറ്റില്‍ അത്ര സജീവമല്ലാത്ത 33 കാരനായ ഓജ ദിവസങ്ങള്‍ക്കു മുമ്പാണ് എല്ലാ ഫോര്‍മാറ്റില്‍നിന്നും വിരമിക്കുന്നതായി ട്വിറ്ററിലൂടെ അറിയിച്ചത്.

Leave a comment