സ്മിത്ത് ‘ക്ലാസില്‍ ഫസ്റ്റ്’, കോലി രണ്ടാമന്‍
ദുബായ്: ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് ഐ.സി.സി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നഷ്ടമായി. ആഴ്ചകളോളം കാത്തുസൂക്ഷിച്ച ഒന്നാം സ്ഥാനമാണ് ന്യൂസീലന്‍ഡ് പര്യടനത്തിലെ മോശം പ്രകടനത്തോടെ കോലിക്ക് കൈമോശം വന്നത്.
911 പോയിന്റുമായി ഓസീസ് താരം സ്റ്റീവ് സ്മിത്ത് ഒന്നാം റാങ്ക് തിരിച്ചുപിടിച്ചു. 906 പോയിന്റുമായി രണ്ടാമതാണ് കോലി. ഇന്ത്യയ്‌ക്കെതിരെ അര്‍ധസെഞ്ചുറിയുമായി കിവീസിന്റെ ടോപ് സ്‌കോററായ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്‍ മൂന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഓസീസ് താരം മാര്‍നസ് ലബുഷെയ്‌നാണ് നാലാം സ്ഥാനത്ത്്.
ന്യൂസീലന്‍ഡിനെതിരേ ഇന്ത്യന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ച ഉപനായകന്‍ അജിന്‍ക്യ രഹാനെ, ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ എന്നിവരും റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി. രഹാനെ എട്ടാം സ്ഥാനത്തെത്തിയപ്പോള്‍, അഗര്‍വാള്‍ പത്താമതെത്തി. അതേസമയം, പരമ്പരയില്‍ നിരാശപ്പെടുത്തിയ ചേതേശ്വര്‍ പൂജാര രണ്ടു സ്ഥാനം നഷ്ടമായി ഒന്‍പതാമതായി. ഇതോടെ, ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയിലെ എട്ട്, ഒന്‍പത്, 10 സ്ഥാനങ്ങള്‍ ഇന്ത്യന്‍ താരങ്ങള്‍ സ്വന്തമാക്കി.
ഇന്ത്യയ്‌ക്കെതിരേ ഒന്‍പതു വിക്കറ്റ് വീഴ്ത്തി കളിയിലെ കേമന്‍ പട്ടം സ്വന്തമാക്കിയ ന്യൂസീലന്‍ഡ് പേസര്‍ ടിം സൗത്തിയാണ് ബോളര്‍മാരുടെ റാങ്കിങ്ങില്‍ ഏറ്റവും നേട്ടമുണ്ടാക്കിയ താരം. ഒറ്റയടിക്ക് എട്ടു സ്ഥാനങ്ങള്‍ കയറിയ സൗത്തി ആറാം സ്ഥാനത്തെത്തി.
ഒരു സ്ഥാനം ഇറങ്ങി ഒന്‍പതാമതായ രവിചന്ദ്രന്‍ അശ്വിനാണ് ബോളര്‍മാരുടെ പട്ടികയില്‍ ആദ്യ പത്തിലുള്ള ഏക ഇന്ത്യക്കാരന്‍. ഓസീസ് താരം പാറ്റ് കമിന്‍സ്, ന്യൂസീലന്‍ഡ് താരം നീല്‍ വാഗ്‌നര്‍, വിന്‍ഡീസ് താരം ജെയ്‌സന്‍ ഹോള്‍ഡര്‍, ദക്ഷിണാഫ്രിക്കയുടെ കഗീസോ റബാദ, ഓസീസ് താരം മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍.