‘അച്ഛനല്ലീ മകന്’, തീപ്പൊരിയായി ദ്രാവിഡിന്റെ മകന്
ബംഗളൂരു: സ്കൂള്‍ ക്രിക്കറ്റിലെ പ്രകടനം കൊണ്ട് വീണ്ടും ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുകയാണ് രാഹുല്‍ ദ്രാവിഡിന്റെ മകന് സമിത് ദ്രാവിഡ്. 14-കാരനായ സമിത് രണ്ടു മാസത്തിനിടെ നേടിയത് രണ്ട് ഇരട്ട സെഞ്ചുറികളാണ്. ഇപ്പോഴിതാ സെഞ്ചുറിയും നാലു വിക്കറ്റുകളുമായി തന്റെ ഓള്‍റൗണ്ട് പ്രകടനവും പുറത്തെടുത്തിരിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും പ്രതിഭാധനരായ ക്രിക്കറ്റ് താരങ്ങളില്‍ ഒരാളായ ദ്രാവിഡ് ക്ഷമയുടെ പര്യായമായിരുന്നെങ്കില്‍ മകന് ബൗളര്‍മാരുടെ പേടിസ്വപ്നമാകുകയാണ്.
അണ്ടര്‍-14 ബി.ടി.ആര് ഷീല്‍ഡ് ടൂര്‍ണമെന്റില്‍ വിദ്യാശില്‍പ് അക്കാദമി സ്കൂളിനെതിരെയായിരുന്നു മല്യ അദിതി ഇന്റര്‍നാഷണല്‍ സ്കൂളിന്റെ താരമായ സമിതിന്റെ പ്രകടനം. ബാറ്റുകൊണ്ടും പന്തുകൊണ്ടും സമിത് തിളങ്ങിയപ്പോള്‍ മല്യ അദിതി ഇന്റര്‍നാഷണല്‍ സ്കൂള്‍ ബി.ടി.ആര് ഷീല്‍ഡ് ടൂര്‍ണമെന്റിന്റെ സെമിയില്‍ കടന്നു.
മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത മല്യ അദിതി ഇന്റര്‍നാഷനല്‍ സ്കൂള്‍ 131 പന്തില്‍ നിന്ന് 24 ബൗണ്ടറികളടക്കം 166 റണ്‍സെടുത്ത സമിതിന്റെ മികവില്‍ നിശ്ചിത 50 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 330 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിദ്യാശില്‍പ് അക്കാദമി സ്കൂള്‍ 38.5 ഓവറില്‍ 182 റണ്‍സിന് ഓള്‍ഔട്ടായി. 35 റണ്‍സ് വഴങ്ങി നാലു വിക്കറ്റും സമിത് വീഴ്ത്തി.
ഡിസംബറിലാണ് ഇരട്ട സെഞ്ചുറിയുമായി സമിത് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. കര്‍ണാടകയിലെ മേഖലാ ടൂര്‍ണമെന്റില്‍ ധര്‍വാഡ് സോണിനെതിരേ വൈസ് പ്രസിഡന്റ്സ് ഇലവനുവേണ്ടി 256 പന്തുകളില്‍നിന്ന് 22 ബൗണ്ടറികളടക്കം സമിത് 201 റണ്‍സെടുത്തു. ഒന്നാം ഇന്നിംഗ്സില്‍ ഇരട്ട സെഞ്ചുറി നേടിയ സമിത് രണ്ടാം ഇന്നിംഗ്സില്‍ 94 റണ്‍സുമായി പുറത്താകാതെനിന്നു. മൂന്നു വിക്കറ്റും സ്വന്തമാക്കി.
ഈ മാസം അണ്ടര്‍-14 ബി.ടി.ആര് ഷീല്‍ഡ് ടൂര്‍ണമെന്റില്‍ ശ്രീ കുമാരന് സ്കൂളിനെതിരായ മത്സരത്തിലായിരുന്നു സമിതിന്റെ രണ്ടാം ഇരട്ട സെഞ്ചുറി. 146 പന്തുകള്‍ നേരിട്ട സമിത്, 33 ഫോറുകളും ഒരു സിക്സും സഹിതം 204 റണ്‍സെടുത്തിരുന്നു.