പ്രീമിയര് ലീഗ്: പൊരുതി ജയിച്ചു ആർസെനാൽ
കാർലോ അൻസെലോട്ടിയുടെ എവർട്ടനെതിരെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആർസെനലിനു ത്രസിപ്പിക്കുന്ന ജയം. ആര്സെനലിന്റെ ഹോംഗ്രൗണ്ടായ എമിരേറ്റ്സിൽ നടന്ന ആദ്യന്തം ആവേശകരമായ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു പീരങ്കിപ്പടയുടെ വിജയം. വിജയികൾക്ക് വേണ്ടി സൂപ്പർ താരം പിയറി എമെറിക് അബാമേയാങ് ഇരട്ട ഗോൾ നേടി.
ന്യൂകാസിലിനെതിരെ നേടിയ വിജയം ആവർത്തിക്കാൻ എമിരേറ്റ്സിൽ ഇറങ്ങിയ ഗണ്ണേഴ്സിനെ ആദ്യ മിനുട്ടിൽ തന്നെ എവർട്ടൻ ഞെട്ടിച്ചു. ഒരു ഫ്രീകിക്കിൽ നിന്നും ഉടലെടുത്ത അവസരം മുതലാക്കി കാൽവെർട് ലെവിൻ 50ആം സെക്കൻഡിൽ അക്കൗണ്ട് തുറന്നു. എന്നാൽ തുടക്കത്തിലെ ഞെട്ടലിൽ നിന്നും ആർസെനാൽ തിരിച്ചുവരികയായിരുന്നു. 25ആം മിനുട്ടിൽ കോലാസിനാക് പരിക്കേറ്റ് പുറത്തു പോയെങ്കിലും രണ്ടു മിനിറ്റിനുള്ളിൽ ആർസെനാൽ സമനില നേടി. 27ആം മിനുട്ടിൽ അബാമേയാങ് നൽകിയ കിണ്ണംകാച്ചിയ ക്രോസ്സ് ഫ്ലിക്ക് ചെയ്തു നികേത ആര്സെനലിന്റെ ആദ്യഗോൾ നേടി. 33ആം മിനുട്ടിൽ ലൂയിസിന്റെ ത്രൂ പാസ്സ് സ്വീകരിച്ചു മുന്നോട്ട് കുതിച്ച അബാമേയാങ്ങ് ഒരു ക്ലിനിക്കൽ ഫിനിഷിലൂടെ ആർസെനലിനെ മുന്നിലെത്തിച്ചു. എന്നാൽ ഇടവേളയ്ക്കു പിരിയുന്നതിനു തൊട്ട് മുൻപ് അധികസമയത്ത് റിച്ചാർലൈസൺ എവെർട്ടനെ ഒപ്പമെത്തിച്ചു.
രണ്ടാം പകുതിയിൽ, കിക്കോഫ് ചെയ്ത ആർസെനൽ ആദ്യത്തെ നീക്കത്തിൽ തന്നെ മൂന്നാം ഗോൾ നേടി അതേ നാണയത്തിൽ തിരിച്ചടിച്ചു. ഇത്തവണ പെപ്പെയുടെ ക്രോസ്സ് ഹെഡ് ചെയ്തു അബാമേയാങ് തന്റെ രണ്ടാം ഗോൾ നേടി. അവസാന ഇരുപതു മിനിറ്റുകളിൽ സമനില ഗോളിനായി എവർട്ടൻ കൈമെയ് മറന്നു പൊരുതിയെങ്കിലും അത്യുജ്വല സേവുകളുമായി ഗണ്ണേഴ്സ് ഗോളി ലെനോ വിലങ്ങുതടി ആവുകയായിരുന്നു. ജയത്തോടെ 37 പോയിന്റുമായി 9ആം സ്ഥാനത്താണ് ആർസെനൽ.






































